ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇപ്സ് വിച്ചിൽ ഡോക്ടറായി സേവനം അനുഷ്ഠിക്കുകയായിരുന്ന മലയാളിയെ കാണാതായതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . 54 വയസ്സുള്ള രാമസ്വാമി ജയറാമിനെയാണ് ജൂൺ 30 ഞായറാഴ്ച മുതൽ കാണാതായത്. അന്നേദിവസം രാവിലെ 5.45 ന് വീട്ടിൽ നിന്ന് ഇറങ്ങിയ ഡോക്ടറെ കുറിച്ച് പിന്നീട് ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല.


പ്രാഥമിക അന്വേഷണത്തിൽ വിവരങ്ങൾ ഒന്നും ലഭിക്കാത്തതിനെ തുടർന്ന് ഇദ്ദേഹത്തെ കണ്ടെത്താൻ പോലീസ് പൊതുജനങ്ങളിൽ നിന്ന് സഹായം അഭ്യർത്ഥിച്ചു. മെലിഞ്ഞ ശരീര പ്രകൃതിയും കറുത്ത മുടിയും കണ്ണടയും ധരിച്ചയാളുമാണ് ഡോക്ടർ രാമസ്വാമി എന്ന് പോലീസ് അറിയിച്ചു. കറുത്ത ജാക്കറ്റും ഇളനീല ജീൻസും ബ്ലാക്ക് ട്രെയിനറും ആണ് വീട്ടിൽ നിന്ന് പോയപ്പോൾ അദ്ദേഹം ധരിച്ചിരുന്നത്.


ചാരനിറത്തിലുള്ള സിട്രോൺ സി1 എന്ന അദ്ദേഹത്തിൻ്റെ കാർ പിന്നീട് ഇപ്‌സ്‌വിച്ചിലെ റാവൻസ്‌വുഡ് ഏരിയയിൽ കണ്ടെത്തിയത് സംഭവത്തിൽ കടുത്ത ദുരൂഹത ഉളവാക്കിയിട്ടുണ്ട്. ഇതിനെ തുടർന്ന് സഫോക്ക് ലോലാൻഡ് സെർച്ച് ആൻഡ് റെസ്ക്യൂ, എച്ച്എം കോസ്റ്റ്ഗാർഡ് എന്നിവയുടെ സഹായത്തോടെ സമീപ പ്രദേശങ്ങളിൽ – പ്രത്യേകിച്ച് ഓർവെൽ കൺട്രി പാർക്കിലും പരിസരത്തും – പോലീസ് തിരച്ചിൽ നടക്കുന്നുവെന്നാണ് അറിയാൻ സാധിച്ചത് . രാമസ്വാമിയെ കണ്ടിട്ടുണ്ടെന്ന് വിശ്വസിക്കുന്നവരോ, അദ്ദേഹം എവിടെയാണെന്ന് എന്തെങ്കിലും വിവരം ലഭിക്കുന്നവരോ, ഇപ്‌സ്‌വിച്ചിലെ ലാൻഡ്‌മാർക്ക് ഹൗസിലുള്ള ഡ്യൂട്ടി സർജൻ്റുമായി 101 എന്ന നമ്പറിൽ ബന്ധപ്പെടാൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.