ചെറുപ്പത്തില്‍ മസ്തിഷ്‌കത്തിനുണ്ടാകുന്ന പരിക്കുകള്‍ പ്രായമാകുമ്പോളുണ്ടാകുന്ന ഡിമെന്‍ഷ്യക്ക് കാരണമാകുമെന്ന് പഠനം. ട്രോമാറ്റിക് ബ്രെയിന്‍ ഇഞ്ചുറിയും അവ പിന്നീടുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളെക്കൂറിച്ചും ഡാനിഷ്, യുഎസ് ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. വിഷയത്തില്‍ നടന്നിരിക്കുന്ന സമഗ്രമായ പഠനങ്ങളിലൊന്നാണിത്. ചെറുപ്രായത്തില്‍ തന്നെ മസ്തിഷ്‌കത്തില്‍ പരിക്കേല്‍ക്കുന്ന ആളുകള്‍ക്ക് പ്രായമാകുമ്പോള്‍ അല്‍ഷൈമേഴ്‌സും ഡിമെന്‍ഷ്യയുടെ ഇതര രൂപങ്ങളായ അസുഖങ്ങളും വരാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പഠനം വെളിപ്പെടുത്തുന്നു. 36 വര്‍ഷങ്ങള്‍ക്കിടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന 2.8 മില്യണ്‍ മെഡിക്കല്‍ റെക്കോര്‍ഡുകള്‍ പഠന വിധേയമാക്കിയ ഗവേഷകര്‍ 20 വയസിന് മുന്‍പ് ട്രോമാറ്റിക് ബ്രെയിന്‍ ഇഞ്ചുറി സംഭവിച്ചവര്‍ക്ക് ഡിമെന്‍ഷ്യ പിടിപെടാന്‍ 63 ശതമാനം സാധ്യതയുള്ളതായി കണ്ടെത്തി.

തലയ്ക്ക് ക്ഷതമേറ്റ് മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമായിരിക്കും ഡിമെന്‍ഷ്യയുടെ ലക്ഷണങ്ങള്‍ കണ്ടെത്താന്‍ കഴിയുക. 30 വയസിന് ശേഷമുണ്ടാകുന്ന മസ്തിഷ്‌ക പരിക്കുകള്‍ ഡിമെന്‍ഷ്യക്ക് കാരണമാകാനുള്ള സാധ്യതകള്‍ താരതമ്യേന കുറവാണ്. ഇത്തരം ആളുകള്‍ക്ക് ഡിമെന്‍ഷ്യ പിടിപെടാന്‍ 30 ശതമാനം സാധ്യത മാത്രമാണുള്ളത്. തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന പരിക്കുകളാണ് ട്രോമാറ്റിക് ബ്രെയിന്‍ ഇഞ്ചുറി എന്ന പേരിലറിയപ്പെടുന്നത്. റോഡ് അപകടങ്ങള്‍, വലിയ വീഴ്ച്ചകള്‍ തുടങ്ങിയവ സംഭവിക്കുമ്പോഴാണ് ട്രോമാറ്റിക് ബ്രെയിന്‍ ഇഞ്ചുറിയുണ്ടാകുന്നത്. ചെറിയ ക്ഷതങ്ങുളും ടിബിഐ ആയാണ് കണക്കാക്കുന്നത്. തലക്ക് ഒരു തവണ ക്ഷതമേറ്റാല്‍ പോലും ഡിമെന്‍ഷ്യക്ക് 17 ശതമാനം സാധ്യതയുണ്ടത്രേ!

WhatsApp Image 2024-12-09 at 10.15.48 PM

ബോക്‌സിംഗ്, റഗ്ബി, ഫുട്‌ബോള്‍ പോലെയുള്ള ഗെയിമുകളില്‍ തലയ്ക്ക് ക്ഷതമേല്‍ക്കാനുള്ള സാധ്യതകള്‍ ഏറെയാണ്. കായികതാരങ്ങള്‍ മറവിരോഗത്തിന് അടിമയാകാനുള്ള വലിയ സാധ്യതയാണ് ഇത് നല്‍കുന്നത്. ഓരോ വര്‍ഷവും 50 മില്യന്‍ ആളുകള്‍ക്ക് ടിബിഐ ഉണ്ടാകുന്നുണ്ട്. ഇത് തടയാനായാല്‍ ഡിമെന്‍ഷ്യ വരുന്നത് ഒഴിവാക്കാന്‍ ഒരു പരിധി വരെ സാധിക്കുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. നിലവില്‍ 47 മില്യന്‍ ആളുകള്‍ക്ക് ഡിമെന്‍ഷ്യ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മനുഷ്യന്റെ ജീവിതദൈര്‍ഘ്യം വര്‍ദ്ധിക്കുന്നതനുസരിച്ച് രോഗികളുടെ എണ്ണവും ഉയരുമെന്നാണ് വിലയിരുത്തല്‍. .