ന്യൂസ് ഡെസ്ക് മലയാളം യുകെ

നോർത്ത് യോർക്ക്ക്ഷെയർ : യുകെയിലെ യൂണിവേഴ്സിറ്റിയിൽ മലയാളി വിദ്യാർഥികൾ തമ്മിൽ സംഘർഷം. നോർത്ത് യോർക്ക്ക്ഷെയറിലെ ടീസൈഡ് യൂണിവേഴ്സിറ്റിയിലാണ് സംഭവം. വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തത് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമുണ്ടായി. വിദ്യാർത്ഥികൾ തമ്മിലുള്ള തർക്കം തുടരുകയാണെന്ന വാർത്ത പുറത്തുവന്നു.

ഭീഷണിപ്പെടുത്തൽ, ശാരീരിക ഉപദ്രവം തുടങ്ങിയ ഗുരുതര കുറ്റങ്ങളെ പറ്റിയും ഇനി നേരിടേണ്ടി വന്നേക്കാവുന്ന നിയമ നടപടിയെ പറ്റിയും ഇരു കൂട്ടർക്കും അറിവില്ലെന്ന് വിദ്യാർഥികളിൽ നിന്നു തന്നെ ലഭിച്ച ശബ്ദ സന്ദേശത്തിൽ വ്യക്തമാണ്. മുതിർന്നവരുടെ നേതൃത്വത്തിൽ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമം ആരംഭിച്ചു. നേരിട്ടും സമൂഹമാധ്യമങ്ങളിലൂടെയും ഭീഷണിയും അധിക്ഷേപവും നടത്തുന്നത് മലയാളി വിദ്യാർഥികൾക്കിടയിൽ ഇപ്പോൾ പതിവായിരിക്കുകയാണ്.

പ്രായത്തിന്റെ ആവേശത്തിൽ ചെയ്തുകൂട്ടുന്ന ഇത്തരം പ്രവർത്തികൾ തങ്ങളുടെ ഭാവി ജീവിതത്തെ ദോഷകരമായി ബാധിക്കുമെന്ന് പല മലയാളി വിദ്യാർത്ഥികൾക്കും അറിയില്ല. വിദ്യാർത്ഥികൾ തമ്മിലുള്ള പ്രശ്‌നം രമ്യമായി പരിഹരിക്കാമെന്ന പ്രതീക്ഷയിലാണ് മുതിർന്നവർ.