സ്വന്തം ലേഖകൻ 

ലണ്ടൻ :   ഈ കോൺഗ്രസ് എന്തേ നന്നാവാത്തേ ?..  ഇവർ എന്തേ വോട്ടിംഗ് മെഷീനെതിരെ സുപ്രീംകോടതിയിൽ കേസ് കൊടുക്കാത്തത് ?. ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരുവാൻ തെരുവിലിറങ്ങി സമരം ചെയ്യാൻ എന്തുകൊണ്ടാണ് ഇവർ തയ്യാറാകാത്തത് ?. പാർട്ടിയിലെ പാഴ് കിഴവന്മാരാണ് ഈ പാർട്ടിയെ നന്നാവാൻ സമ്മതിക്കാത്തത്. ഇവന്മാരെ ഒക്കെ ഒഴിവാക്കിയാലെ ഈ പാർട്ടി ( കോൺഗ്രസ്  ) നന്നാവൂ !

ലോകത്ത് എവിടെയും ഇന്ത്യൻ രാഷ്ട്രീയത്തെപ്പറ്റിയുള്ള ചർച്ചകൾ നടക്കുമ്പോൾ കോൺഗ്രസ് പാർട്ടിയോട് ആത്മാർത്ഥമായ സ്നേഹം ഉള്ളിൽ കൊണ്ടു നടക്കുന്ന ഏതൊരു കോൺഗ്രസ്സുകാരനും വേദനയോടെ ചോദിക്കുന്ന ചില ചോദ്യങ്ങളല്ലേ ഇവയൊക്കെ ?. ഇത് കോൺഗ്രസ്സുകാരൻ മാത്രമല്ല രാഷ്ട്രീയ ഭേദമന്യേ മതേതര ഇന്ത്യയെ സ്നേഹിക്കുന്ന , നിക്ഷപക്ഷമായി ഇന്ത്യയുടെ വളർച്ച ആഗ്രഹിക്കുന്ന ഓരോ ഇന്ത്യക്കാരനും പരസ്പരം ചോദിക്കുന്ന ചോദ്യങ്ങളാണ്. കോൺഗ്രസ് പാർട്ടിയെ നശിപ്പിക്കുന്നത് പാഴ് കിഴവന്മാരായ ചില നേതാക്കളാണെന്ന അപ്രീയമായ സത്യം ഒരോ കോൺഗ്രസ്സുകാരനും തിരിച്ചറിഞ്ഞുവെങ്കിലും ഈ പാർട്ടിയുടെ നേതൃത്വം മാത്രം ഇപ്പോഴും അത് തിരിച്ചറിഞ്ഞിട്ടില്ല എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം.

സ്വാതന്ത്ര്യാനന്തര കാലഘട്ടം മുതൽ ഇന്നോളം സമസ്തമേഖലകളിലും  ഇന്ത്യ കൈവരിച്ചിട്ടുള്ള നേട്ടങ്ങൾക്ക് പ്രധാന പങ്ക് വഹിച്ചിട്ടുള്ള രാഷ്ട്രീയ പാർട്ടി ഏതാണെന്ന് ചോദിച്ചാൽ കോൺഗ്രസ് ആണെന്ന് ആർക്കും നിസംശയം പറയാൻ കഴിയും. ഇന്ത്യ കണ്ട പ്രഗത്ഭരായ കോൺഗ്രസ് പ്രധാനമന്ത്രിമാരിൽ രാജീവ് ഗാന്ധിവരെയുള്ളവർ വളരെയധികം ഉൾക്കാഴ്ചയോടെ സ്വീകരിച്ചിട്ടുള്ള പുരോഗമനപരമായ നടപടികളാണ് ഇന്നത്തെ ഇന്ത്യയുടെ വളർച്ചയ്ക്ക്  അടിത്തറ പാകിയതെന്ന് തറപ്പിച്ച് പറയാം .

എന്നാൽ ഇന്നത്തെ ഇന്ത്യയുടെ തകർച്ചയ്‌ക്കും കാരണം കോൺഗ്രസ്സാണെന്ന്‌ പറഞ്ഞാൽ സത്യസന്ധമായി ഇന്ത്യൻ രാഷ്ട്രീയം വിലയിരുത്തുന്ന ആർക്കും അല്ല എന്ന് പറയുവാൻ കഴിയുമോ ? . കാരണം കോൺഗ്രസ് പാർട്ടിയിൽ എന്ന് മുതൽ ആർ എസ് എസ് ഇസ്സവും , സംഘപരിവാറിസ്സവും പരോക്ഷമായി കടന്നുകൂടിയോ അന്നു മുതല്ലേ ഈ മഹാപ്രസ്ഥാനത്തിന്റെ തകർച്ച ആരംഭിച്ചത് ?.  ഒന്ന് കൂടി വ്യക്‌തമായി പറഞ്ഞാൽ അധികാരക്കൊതിയന്മാരും , ആർ എസ് എസ് ചാരന്മാരുമായ നേതാക്കന്മാർ കോൺഗ്രസ് പാർട്ടിയുടെ തലപ്പത്ത് വന്നതോട് കൂടിയല്ലേ ഈ പാർട്ടി ഇത്രയധികം തകർന്നടിഞ്ഞത് ?. അവർ നൽകിയ തെറ്റായ ഉപദേശങ്ങളും , നടപടിപടികളുമല്ലേ ഈ പാർട്ടി ഇത്രയധികം ഇല്ലാതാകാൻ കാരണം.

ഇതുപറയുമ്പോൾ വിരൽ ചൂണ്ടുന്നത് കോൺഗ്രസ്സിന്റെ പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവുവിലേയ്ക്കും , ഇന്ന് കോൺഗ്രസ് നേതൃത്വത്തിൽ കടിച്ച് തൂങ്ങി കിടന്ന് , കോൺഗ്രസ് പാർട്ടിയ്ക്ക് ഉപദേശങ്ങൾ നൽകി ദിനംപ്രതി  ആ പാർട്ടിയെ തകർത്തുകൊണ്ടിരിക്കുന്ന അധികാര കൊതിയന്മാരായ ഒരു കൂട്ടം പാഴ് കിഴവന്മാരിലേയ്ക്കുമല്ലേ ?. നരസിംഹറാവുവിന്റെ കാലഘട്ടം മുതൽ ഇന്ത്യയിലെ ഏറ്റവും വലിയ ബിജെപിയുടെ ഏജൻന്റ് കോൺഗ്രസ്സല്ലേ എന്ന് ആരെങ്കിലും ചോദിച്ചാൽ പരോക്ഷമായിട്ടെങ്കിലും സമ്മതിക്കേണ്ടി വരില്ലേ ?. യഥാർത്ഥത്തിൽ കോൺഗ്രസ് ബി ജെ പിയുടെ ഏജന്റാണോ എന്ന് സത്യസന്ധമായി ഒന്ന് പരിശോധിച്ച് നോക്കാം.

ബാബറി മസ്ജിദ് 

മതേതര – ജനാധിപത്യ ഇന്ത്യയ്‌ക്കേറ്റ ഏറ്റവും വലിയ കളങ്കമേതെന്ന് ചോദിച്ചാൽ അത് ബാബറി മസ്ജിദിന്റെ പതനമാണെന്ന് ഇന്ത്യൻ ഭരണഘടനയെ അംഗീകരിക്കുന്ന ഏവരും ഓരോ സ്വരത്തിൽ പറയില്ലേ ?. എങ്കിൽ ആരുടെ ഭരണകാലത്താണ് ബാബറി മസ്ജിദ് തകർക്കപ്പെട്ടത് ? ബിജെപിയുടെ ചാരനെന്ന് അന്നത്തെ മാധ്യമങ്ങൾ വിധിയെഴുതിയ കോൺഗ്രസ് പ്രധാനമന്ത്രി നരസിംഹ റാവുവിന്റെ ഭരണകാലഘട്ടത്തിൽ. നരസിംഹ റാവു ബിജെപിയുടെ ചാരനാണെന്ന് മാധ്യമങ്ങൾ പ്രചരിപ്പിക്കാൻ കാരണം പ്രധാനമന്ത്രിയായ നരസിംഹ റാവു ബാബറി മസ്ജിദ് തകർക്കപ്പെടുന്ന നിമിഷം വരെ സ്വീകരിച്ച സംശയാസ്പദമായ നടപടികളാണ്. സൈന്യത്തെ ഉപയോഗിച്ച് ബാബറി മസ്ജിദ് തകർക്കുന്നത് തടയാമായിരുന്ന പ്രധാനമന്ത്രി നരസിംഹ റാവു ആർ എസ് എസ്സിന് സഹായകരമായ നിലപാടാണ് സ്വീകരിച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നില്ലേ ?

ഗുജറാത്ത് കൂട്ടക്കൊല

ഗുജറാത്തിൽ മോദിയുടെ നേത്ര്യത്വതിലാണ് വംശഹത്യ നടന്നതെന്ന് തെളിവുകൾ അടക്കം നൂറുകണക്കിന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു . ഇതിന് ശേഷം രണ്ട് തവണ കോൺഗ്രസ് കേന്ദ്രം ഭരിച്ചിരുന്നു. ഗോധ്ര തീവയ്പ് പോലും മോദി ആസൂത്രണം ചെയ്തതാണെന്ന് പരക്കെ ആക്ഷേപമുണ്ടായിട്ടും കോൺഗ്രസ് മോദിയ്‌ക്കെതിരെ ശക്തമായ ഒരു നടപടിയും എടുത്തില്ല . നടപടികൾ എല്ലാം ജനത്തിന്റെ കണ്ണിൽ പൊടിയിടാൻ വേണ്ടിയുള്ള വെറും കാട്ടി കൂട്ടലുകൾ മാത്രമായിരുന്നില്ലേ ? .

സൊഹ്റാബുദ്ധീൻ കൊല

സൊഹ്റാബുദ്ധീൻ വ്യാജ ഏറ്റുമുട്ടൽ കൊല നടക്കുന്നത് കോൺഗ്രസ് കേന്ദ്രം ഭരിക്കുന്ന സമയത്താണ്. സൊഹ്റാബുദ്ദീനെ ദാരുണമായി കൊലപ്പെടുത്തി ഭാര്യ കൗസർബിയെ കൂട്ട മാനഭംഗം ചെയ്ത ശേഷം, പെട്രോൾ ഒഴിച്ച് കത്തിച്ചു കൊന്നു . ഈ കേസിൽ ആരോപണ വിധേയനായ അമിത്ഷായ്ക്കെതിരെ കോൺഗ്രസ് ഫലപ്രദമായ ഒരു നീക്കവും നടത്തിയില്ല. മോദിയെയും അമിത് ഷായെയും നിയമവിധേയമായി പിടികൂടി ജയിലിലടക്കാൻ കോൺഗ്രസിന് രാജ്യത്തെ എല്ലാവിധ അധികാരങ്ങളും ഉണ്ടായിട്ടും കോൺഗ്രസ് അവരെ കെട്ടഴിച്ച് വിട്ടു. സത്യത്തിൽ മോദിയെയും അമിത് ഷായെയും രക്ഷിക്കാൻ കോൺഗ്രസ് എടുത്ത ഈ  സമീപനമല്ലേ ഇന്ന് രാജ്യം നേരിടുന്ന എല്ലാ ദുരിതത്തിന്റെയും കാരണം ?.

അഴിമതി കേസ്സുകൾ

ഷീലാദീക്ഷിത്തിനെ പോലെ അഴിമതിക്കാരായ നേതാക്കന്മാരെ കൊണ്ട് നിറഞ്ഞ കോൺഗ്രസ് പാർട്ടി അഴിമതിക്കാരായ ബി ജെ പി നേതാക്കൾക്കെതിരെ യാതൊരു നടപടികളും സ്വീകരിച്ചില്ല . അതുമാത്രമല്ല അഴിമതി തടയുവാൻ കെജ്രിവാൾ കൊണ്ടുവന്ന എല്ലാ നടപടികൾക്കുമെതിരെ ബി ജെ പി യ്‌ക്കൊപ്പം നിലകൊണ്ടു. ദില്ലിയ്ക്ക് പൂർണ്ണ അധികാരം നല്കാതിരുവാനും, ആം  ആദ്മി പാർട്ടിയെയും കേജ്രിവാളിനെയും ഇല്ലാതാക്കാനും ബിജെപിക്കൊപ്പം ഒളിഞ്ഞും തെളിഞ്ഞും പ്രവർത്തിച്ചില്ലേ ? .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ

രാജ്യം മുഴുവൻ നടന്ന പല തെരഞ്ഞെടുപ്പുകളിലും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ ഉപയോഗിച്ച് അനേകം തട്ടിപ്പുകൾ നടന്നിട്ടും രാജ്യവ്യാപകമായി അതിനെതിരെ ശക്തമായ പ്രക്ഷോപം നടത്തുവാനോ , ഒരു കേസ് ഫയൽ ചെയ്ത് തെരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറിലേയ്ക്ക് കൊണ്ടുവരുവാനോ കാര്യമായി ഒന്നും ചെയ്തില്ല. അത് മാത്രമല്ല  ദില്ലിയ്ക്ക് പുറമെ ബഹുഭൂരിപക്ഷത്തോടെ ആം ആദ്മി പാർട്ടി അധികാരത്തിലെത്തുമെന്ന് എല്ലാ മാധ്യമങ്ങളും പ്രവചിച്ച , കഴിഞ്ഞ പഞ്ചാബ് തെരഞ്ഞെടുപ്പിൽ ബി ജെ പിയുമായി സഹകരിച്ച് ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ തട്ടിപ്പിലൂടെ കോൺഗ്രസ് പഞ്ചാബിൽ അധികാരത്തിലെത്തി. പ്രത്യുപകാരമായി മറ്റ് സംസ്ഥാനങ്ങളിലെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ തട്ടിപ്പിനെതിരെ പ്രതികരിക്കാതിരിക്കുകയും ചെയ്തില്ലേ ?.

ഇന്നത്തെ കോൺഗ്രസ് നേതാവ് നാളത്തെ ബിജെപി നേതാവ് 

ബി ജെ പിക്ക് വേണ്ടി പ്രവർത്തിക്കുന്ന നേതാക്കന്മാർ അധവധിയുണ്ട് കോൺഗ്രസ് പാർട്ടിയിൽ. ഈ കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ കോൺഗ്രസിൽ നിന്ന് നൂറോളം എംഎൽഎ മാരും എംപിമാരുമാണ് ബി ജെ പിയിലേക്ക് പോയത്. എം എൽ എ മാരും , എം പി മാരും ബി ജെ പിയിലേക്ക് പോകാതിരിക്കാൻ പുറം ലോകവുമായി ബന്ധപ്പെടാതിരിക്കാൻ മൊബൈൽ ഫോണുൾപ്പടെയുള്ള എല്ലാ സൗകര്യങ്ങളും ഒഴിവാക്കി ഹോട്ടലുകളിലും റിസോർട്ടുകളിലും അടച്ചിടേണ്ട ഗതികേടല്ലേ ഇപ്പോൾ കോൺഗ്രസിനുള്ളത് ?.

ജനസമ്മതിയില്ലാത്ത നേതാക്കന്മാരുടെ ഉപദേശം

അഹമ്മദ് പട്ടേൽ , എ. കെ. ആന്റണി , വയലാർ രവി , പി. ജെ. കുര്യൻ , പി സി ചാക്കോ തുടങ്ങി പൊതുസമൂഹത്തിനിടയിൽ യാതൊരു സ്വാധീനവുമില്ലാത്ത നേതാക്കന്മാർ നൽകുന്ന ഉപദേശങ്ങൾ കോൺഗ്രസിന് തകർച്ചകൾ മാത്രം നൽകുന്നു . രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ച് വിശ്രമ ജീവിതം നയിക്കേണ്ട അധികാര മോഹികളായ ഇക്കൂട്ടരെ ഒഴിവാക്കി പുതുതലമുറയ്ക്ക് അവസരം നൽകാതെ കോൺഗ്രസ് ദിനംപ്രതി തകർന്നുകൊണ്ടിരിക്കുകയല്ലേ ?.

കാലത്തിനൊപ്പം വളരാത്ത രാഷ്ട്രീയം

കോൺഗ്രസ്സുകാർ ആം ആദ്മി പാർട്ടിയെ വിലയിരുത്തുന്നത് കോൺഗ്രസിനെ ഡെൽഹിയിൽ തോൽപിച്ച പാർട്ടി എന്നതിന്റെ അടിസ്ഥാനത്തിലാണ്. എന്നാൽ അതാകട്ടെ പാക്വതയില്ലാത്ത വെറും വൈകാരിക സമീപനമാണ്. കോൺഗ്രസ്സുകാർ കരുതുന്നത് ബിജെപിയെ നേരിടാൻ ദേശീയ തലത്തിൽ കോൺഗ്രസ്സിന് മാത്രമേ കഴിയുള്ളൂ എന്നാണ്. അതുകൊണ്ട് കോൺഗ്രസിനെ തോൽപ്പിക്കുന്ന പാർട്ടികൾ എല്ലാം ബിജെപി യെ സഹായിക്കുന്നു എന്നാണ് അവർ പറഞ്ഞു പരത്തുന്നത്. കോൺഗ്രസിന് മാത്രമേ ബിജെപിയെ നേരിടാനാകൂ എന്നത് ശരിക്കും   തെറ്റായ രാഷ്ട്രീയ വിലയിരുത്തലാണ് . കാരണം കോൺഗ്രസ് ദേശീയ തലത്തിൽ തകർന്നടിഞ്ഞ പാർട്ടിയായി മാറി കഴിഞ്ഞു . വെറും 50 സീറ്റിലേക്ക് കോൺഗ്രസ് ചുരുങ്ങിയിരിക്കുന്നു. അതായത് ബിജെപിക്ക് ഒരു സംസ്ഥാനത്ത് നിന്ന് കിട്ടിയ ആകെ സീറ്റിൻറെ എണ്ണം പോലും കോൺഗ്രസിന് മൊത്തം രാജ്യത്ത് നിന്ന് കിട്ടിയിട്ടില്ല. അപ്പോൾ ബിജെപിയെ എതിർക്കാൻ കോൺഗ്രസിന് കഴിവില്ലെന്ന് വ്യക്തമല്ലേ ?.

അപ്പോൾ പിന്നെ ബി ജെ പിയെ എതിർക്കാൻ എങ്ങനെ കഴിയും ?.

ഓരോ സംസ്ഥാനത്തും പ്രാദേശികമായി ബിജെപിയെ തകർത്തു കൊണ്ടിരിക്കുന്ന പാർട്ടികൾക്ക് മാത്രമേ അതിന് കഴിയൂ. അതാണ് മമതാ ബാനർജി , അരവിന്ദ് കെജ്രിവാൾ , എസ് പി , ബി എസ് പി , വൈ എസ് ആർ കോൺഗ്രസ് , കേരളത്തിൽ ഇടതുപക്ഷം , തമിഴ് നാട്ടിൽ ഡി എം കെ , എഐഎഡിഎംകെ , മഹാരാഷ്ട്രയിലെ ശിവസേന തുടങ്ങിയ പാർട്ടികൾ ചെയ്യുന്നത്.

ഈ പാർട്ടികൾ അധികവും ബിജെപിയെ ശക്തമായി പ്രതിരോധിച്ചിട്ടും കോൺഗ്രസ് അത് അംഗീകരിക്കാൻ തയ്യാറല്ല. ഇവരെ കൂടെ നിർത്താതെ കോൺഗ്രസിന് പാർലമെന്റ് പിടിക്കാൻ പറ്റില്ലെന്ന് 100% ഉറപ്പാണ് . പക്ഷേ കോൺഗ്രസ്സുകാർ ചെയ്യുന്നതെന്താണ് ?, ഇവരെയൊക്ക ബിജെപി ഏജൻന്റെന്ന് മുദ്രകുത്തി മാറ്റി നിർത്തുന്നു. എത്ര വലിയ വിഡ്ഢിത്തമാണിത്. ഈ യാഥാർത്ഥ്യങ്ങൾ കോൺഗ്രസിലെ കാര്യവിവരമുളള നേതാക്കൾ തിരിച്ചറിയുന്നുണ്ട്.

പക്ഷെ കോൺഗ്രസിലെ ഷീലാ ദീക്ഷിത്തിനെപ്പോലെയുള്ള ബി ജെ പി അനുകൂല നേതാക്കളും , അധികാര കൊതിയന്മാരായ പാഴ് കിഴവന്മാരും ഒരിക്കലും പ്രതിപക്ഷ കക്ഷികളുമായി ചേർന്ന് നല്ലൊരു സഖ്യം രൂപപ്പെടുത്താൻ തയ്യാറാവില്ല . പകരം ബംഗാളിൽ മമതയുടെ തൃണമൂൽ കോൺഗ്രസിനെയും , ഡെൽഹിയിൽ കേജരിവാളിന്റെ ആം ആദ്മി പാർട്ടിയെയും , കേരളത്തിൽ ഇടതുപക്ഷത്തെയും അകറ്റി നിർത്തി കോൺഗ്രസ്സിനെ വീണ്ടും വീണ്ടും ഇന്ത്യയിൽ ഇല്ലാതാക്കികൊണ്ടിരിക്കുന്നു . കോൺഗ്രസ്സേ… തിരിച്ചറിയുക ….  ഷീലാ ദീക്ഷിത്തിനെപ്പോലെയും , അണ്ണാ ഹസ്സാരെപ്പോലെയും , കിരൺ ബേദിയെപ്പോലെയുമുള്ള ബി ജെ പി ഏജന്റുമാർ നിന്നിൽ നിറഞ്ഞു കവിഞ്ഞിരിക്കുന്നു.

അതുകൊണ്ട് തന്നെ വീണ്ടും ചോദിക്കുന്നു .,, രാജ്യം ഇത്രയധികം അപകടം പിടിച്ച കാലത്ത് കൂടി കടന്നുപോകുമ്പോഴും …  കോൺഗ്രസ്സേ .. എന്തേ നീ ഇനിയെങ്കിലും നന്നാവാത്തേ ?… നിന്നെ നന്നാവാൻ സമ്മതിക്കാത്തത് ഈ പാഴ് കിഴവന്മാരല്ലേ ?. അതുകൊണ്ട് തന്നെ ഈ പാഴ് കിഴവന്മാരുടെ ഉപദേശങ്ങൾക്ക് ചെവികൊടുക്കാതെ ഇന്ത്യയുടെ വളർച്ചയ്ക്ക് കൂട്ട് നിൽക്കുകയല്ലേ നീ ചെയ്യേണ്ടത് ?.