കോൺഗ്രസ് നേതാവും വയനാട് എം പിയുമായ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോയാത്രയിൽ ക്ഷണിക്കാത്ത അതിഥിയായി മരണവുമെത്തി. ഭാരതപര്യടനം ലക്ഷ്യമിടുന്ന യാത്ര ഇന്ന് മഹാരാഷ്ട്രയിൽ പ്രവേശിച്ചിരുന്നു. ഇതിനിടെയാണ് നേതാക്കളെയും പ്രവർത്തകരെയും കണ്ണീരിലാഴ്ത്തി സേവാദൾ ജനറൽ സെക്രട്ടറി കൃഷ്ണകുമാർ പാണ്ഡെ മരിച്ചത്. യാത്രയ്ക്കിടെ കുഴഞ്ഞ് വീണാണ് മരണം സംഭവിച്ചത്.

സേവാദൾ ജനറൽ സെക്രട്ടറി കൃഷ്ണ കുമാർ പാണ്ഡെ കോൺഗ്രസിന്റെ മുതിർന്ന നേതാവ് ദിഗ്വിജയ സിംഗിനൊപ്പം നടക്കുകയായിരുന്നുവെന്നും, പെട്ടെന്ന് കുഴഞ്ഞ് വീണെന്നും പാർട്ടി നേതാവിന്റെ മരണത്തെക്കുറിച്ച് കോൺഗ്രസ് നേതാവ് ജയറാം രമേശ് പ്രതികരിച്ചു.

രാജ്യത്തിന്റെ തെക്കേ മുനമ്പായ കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച ഭാരത് ജോഡോ യാത്ര 12 സംസ്ഥാനങ്ങളിലൂടെയാണ് കടന്ന് പോകുന്നത്. 150 ദിവസം കൊണ്ട് ഏകദേശം 3,500 കിലോമീറ്ററാണ് യാത്ര കാൽനടയായി താണ്ടുന്നത്.
തൊഴിലില്ലായ്മ, വിലക്കയറ്റം, വിദ്വേഷത്തിന്റെയും ഭിന്നിപ്പിന്റെയും രാഷ്ട്രീയം എന്നിവയ്‌ക്കെതിരെ മുദ്രാവാക്യം ഉയർത്തിയാണ് യാത്ര മുന്നേറുന്നത്.