ബ്രിട്ടനിൽ ആഭ്യന്തരമന്ത്രിയാകുന്ന ആദ്യ ഇന്ത്യൻ വംശജയാണ് പ്രീതി പട്ടേൽ. ബ്രിട്ടനിലാണ് പ്രീതിയുടെ ജനനമെങ്കിലും ഗുജറാത്തിൽനിന്നും കുടിയേറിയവരാണ് മാതാപിതാക്കൾ. ഗുജറാത്തിലെ ആനന്ദ് ജില്ലയിലെ താരാപൂരിലാണ് പ്രീതിയുടെ അച്ഛൻ സുശീൽ പട്ടേലിന്റെ കുടുംബമുളളത്.
കുടിയേറ്റം, ക്രൈം ആൻഡ് പൊലീസിങ്, മയക്കുമരുന്ന് നയം എന്നിവയുടെ ചുമതല ബ്രിട്ടന്റെ പുതിയ ആഭ്യന്തര മന്ത്രിയായ പ്രീതി പട്ടേലിനാണ്. ബ്രെക്സിറ്റിനെ അനുകൂലിക്കുന്ന, കൺസർവേറ്റീവ് പാർട്ടിയിൽ പ്രധാനമന്ത്രി ബോറിസ് ജോൺസണിന്റെ പ്രധാന പിന്തുണക്കാരിൽ ഒരാളുമാണ് പ്രീതി പട്ടേൽ.
1972 മാർച്ചിൽ ലണ്ടനിലാണ് പ്രീതിയുടെ ജനനം. സുശീലും അഞ്ജന പട്ടേലുമാണ് മാതാപിതാക്കൾ. വാട്ഫോർഡിലായിരുന്നു സ്കൂൾ പഠനം. കീലി യൂണിവേഴ്സിറ്റിയിൽനിന്നും എക്കണോമിക്സിൽ ബിരുദവും യൂണിവേഴ്സിറ്റി ഓഫ് എസക്സിൽനിന്നും ബിരുദാനന്തര ബിരുദവും നേടി.
1970 കളിൽ ഉഗാണ്ട മുൻ പ്രസിഡന്റ് ഇദി ആമിന്റെ ഉത്തരവ് പ്രകാരം ഉഗാണ്ടൻ ഏഷ്യൻ ന്യൂനപക്ഷങ്ങളെ പുറത്താക്കിയതിന്റെ ഇരകളാണ് പ്രീതിയുടെ കുടുംബമെന്ന് ബന്ധുക്കൾ പറഞ്ഞു. ”1950 കളിലാണ് എന്റെ അച്ഛനും പ്രീതിയുടെ മുത്തച്ഛനും ഉഗാണ്ടയിലേക്ക് കുടിയേറുന്നത്. ഞങ്ങളെല്ലാം കംപാലയിലാണ് (ഉഗാണ്ടയുടെ തലസ്ഥാനം) ജനിച്ചത്. ആമിൻ സർക്കാർ ഞങ്ങളെ പുറത്താക്കുന്നതുവരെ അവിടെയാണ് വളർന്നത്,” പ്രീതിയുടെ അച്ഛന്റെ സഹോദരനായ കിരൺ പട്ടേൽ പറഞ്ഞു.
”ഉഗാണ്ടയിൽനിന്നും പുറത്താക്കപ്പെട്ടപ്പോൾ പ്രീതിയുടെ മുത്തച്ഛൻ കാന്തിഭായ് യുകെയിലേക്ക് പോകാൻ തീരുമാനിച്ചു. എന്റെ അച്ഛൻ ഇന്ത്യയിലേക്ക് മങ്ങി പോകാൻ തീരുമാനിച്ചു. പ്രീതി ബ്രിട്ടനിലാണ് ജനിച്ചത്,” അദ്ദേഹം പറഞ്ഞു.
ഉഗാണ്ടയിലേക്ക് പോകുന്നതുവരെ കർഷകരായിരുന്നു ഞങ്ങളുടെ കുടുംബമെന്ന് കിരൺ പറഞ്ഞു. ”സുശീലിന്റെ കുടുംബം താരാപൂരിലെ കർഷകരാണ്. ഉഗാണ്ടയിൽ ഒരു കട നടത്തി വരികയായിരുന്നു. യുകെയിലേക്ക് കുടിയേറിയശേഷം അവിടുത്തെ ജോലികൾ ചെയ്തു തുടങ്ങി. കുടിയേറ്റക്കാരെ ഒരുപാട് സഹായിക്കുന്നവരാണ് ബ്രിട്ടീഷ് സർക്കാർ,” അദ്ദേഹം പറഞ്ഞു.
ഗുജറാത്തിലെ വീട്ടിൽ സുശീലും ഇളയ സഹോദരനായ ക്രിതും സ്ഥിരമായി സന്ദർശിക്കാറുണ്ടായിരുന്നുവെന്നും പക്ഷേ പ്രീതി താരാപൂരിൽ വന്നിട്ടില്ലെന്നും കിരൺ പറഞ്ഞു. വൈബ്രന്റ് ഗുജറാത്ത് സമ്മേളനത്തിൽ യുകെയുടെ പ്രതിനിധിയായി അവൾ ഗുജറാത്തിൽ എത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അവളുമായോ അവളുടെ കുടുംബവുമായോ ഞങ്ങൾ നേരിട്ട് ബന്ധപ്പെടാറില്ല. പക്ഷേ അവളുടെ അങ്കിൾ ക്രിതുമായി നിരന്തരം ബന്ധപ്പെടാറുണ്ട്. ഓരോ വർഷവും അവളുടെ മാതാപിതാക്കൾ ഇന്ത്യയിൽ വരാറുണ്ട്. ബ്രിട്ടനിൽ ഇത്ര വലിയൊരു പദവിയിൽ ഞങ്ങളുടെ കുടുംബത്തിലെ ഒരാൾ എത്തിയതിൽ തങ്ങൾ അഭിമാനിക്കുന്നതായി കിരൺ പറഞ്ഞു.
Leave a Reply