ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്രിട്ടനിലെ അടുത്ത പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അവസാനഘട്ട പാർട്ടി സമ്മേളനത്തിലേയ്ക്ക് കൺസർവേറ്റീവ് പാർട്ടി പ്രവേശിച്ചു. ഇന്നലെ ആരംഭിച്ച 4 ദിവസത്തെ പാർട്ടി സമ്മേളനത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ഋഷി സുനക് ഭാര്യ അക്ഷത മൂർത്തിക്കൊപ്പം മാഞ്ചസ്റ്ററിൽ എത്തിച്ചേർന്നു. സമ്മേളനം തുടങ്ങുന്നതിനു മുന്നോടിയായി 1.1 ബില്യൺ പൗണ്ട് ആണ് വിവിധ നഗരങ്ങളുടെ വികസനത്തിനായി അദ്ദേഹം പ്രഖ്യാപിച്ചത്.

വിവിധ വിഷയങ്ങളിൽ പ്രധാനമന്ത്രി ഋഷി സുനക് തന്റെ പാർട്ടിയിൽ നിന്നുതന്നെ കടുത്ത സമ്മർദ്ദങ്ങൾ നേരിടുന്നതായാണ് റിപ്പോർട്ടുകൾ . നികുതിയിളവും ഹൈ സ്പീഡ് റെയിൽവേയുടെ കാര്യത്തിലും കടുത്ത വിമർശനങ്ങളാണ് അദ്ദേഹം നേരിടുന്നത്. കഴിഞ്ഞദിവസം കടുത്ത വിമർശനങ്ങൾ ഉയർത്തി അടുത്ത തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുമെന്ന് പ്രതീക്ഷിച്ചിരുന്ന റിച്ചാർഡ് വാക്കർ പാർട്ടിയിൽ നിന്ന് രാജിവച്ചത് മാധ്യമങ്ങളിൽ വൻ വാർത്താപ്രാധാന്യം നേടിയിരുന്നു. പാർട്ടിക്ക് ദിശാബോധം നഷ്ടപ്പെട്ടു എന്നാണ് പുറത്തു പോകുന്നതിനെ തൊട്ടുമുമ്പ് ഐസ് ലാൻഡ് സൂപ്പർമാർക്കറ്റുകളുടെ മേധാവിയായ അദ്ദേഹം പറഞ്ഞത്.

മിക്ക ഇടങ്ങളിലും ടോറി എംപിമാർ നികുതി ഇളവിനായി വാദിക്കുന്നത് പ്രധാനമന്ത്രിക്ക് കടുത്ത തലവേദന സൃഷ്ടിക്കുന്നുണ്ട്. മുൻ പ്രധാനമന്ത്രിയായ ലിസ് ട്രസ്സ് കോർപ്പറേഷൻ ടാക്സ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് സമ്മേളനത്തിൽ പ്രസംഗം നടത്തുമെന്നാണ് കരുതുന്നത്. രാജ്യത്തിൻറെ ഭാവിയെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടെന്ന് ജനങ്ങളെ ബോധിപ്പിക്കാൻ കഴിയുമെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിലും പാർട്ടിക്ക് വിജയിക്കാൻ കഴിയുമെന്ന് ബിബിസിയ്ക്ക് നൽകിയ അഭിമുഖത്തിൽ ലിസ് ട്രസ്സ് പറഞ്ഞിരുന്നു. നിലവിൽ അതിവേഗ റെയിൽ പാത ബെർമിംഗ്ഹാമിൽ നിന്ന് വടക്ക് പടിഞ്ഞാറ് ഭാഗത്തേയ്ക്ക് പോകുമോ എന്ന കാര്യത്തിൽ വ്യക്തത വരുത്തുന്നതിന് പ്രധാനമന്ത്രിക്ക് ആയിട്ടില്ല. മുൻ പ്രധാനമന്ത്രിമാരായ തെരേസ മേയും ബോറിസ് ജോൺസനും ഇതിനെതിരെ ശക്തമായി പ്രതികരിച്ചിരുന്നു