ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഋഷി സുനകിന് പകരം പുതിയ കൺസർവേറ്റീവ് പാർട്ടിയുടെ നേതാവ് ആരായിരിക്കും എന്നത് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്ന ചോദ്യമാണ്. ബ്രിട്ടീഷ് തിരഞ്ഞെടുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങിയതോടെ നേതൃസ്ഥാനം ഒഴിയുമെന്ന് ഋഷി സുനക് അറിയിച്ചിരുന്നു. ഇതിനിടെ കൺസർവേറ്റീവ് പാർട്ടിയുടെ പുതിയ നേതാവിനെ തിരഞ്ഞെടുക്കാനുള്ള മത്സരം ഈയാഴ്ച ആരംഭിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു കഴിഞ്ഞു. മൂന്നുമാസത്തെ തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയായി നവംബർ 2-ാം തീയതി പുതിയ നേതാവിനെ പ്രഖ്യാപിക്കും.

പാർട്ടിയുടെ പുതിയ നേതാവ് സ്ഥാനം ഏറ്റെടുക്കുന്നത് വരെ മുൻ പ്രധാനമന്ത്രി ഋഷി സുനക് പ്രതിപക്ഷ നേതാവായി തുടരും. ആദ്യഘട്ട വോട്ടെടുപ്പിൽ നോമിനേഷൻ സമർപ്പിക്കാൻ സ്ഥാനാർത്ഥികൾക്ക് 10 എംപിമാരുടെ പിന്തുണയാണ് ആവശ്യമുള്ളത്. ഇതിനായുള്ള നോമിനേഷൻ സമർപ്പിക്കാനുള്ള സമയം ആരംഭിക്കുന്നത് നാളെയാണ്. ഏകദേശം നാല് സ്ഥാനാർത്ഥികൾ മത്സര രംഗത്ത് ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. പ്രഥമ ഘട്ടത്തിൽ മത്സര രംഗത്തുള്ള സ്ഥാനാർത്ഥികൾക്ക് സെപ്റ്റംബർ 29 -ന് ആരംഭിക്കുന്ന പാർട്ടി സമ്മേളനത്തിൽ അംഗങ്ങളുമായി സംസാരിക്കാൻ അവസരം ലഭിക്കും.

കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾ ഓൺലൈൻ ബാലറ്റിലൂടെ നേതാവിനെ തിരഞ്ഞെടുക്കുന്നതിലൂടെ രാജ്യത്തിൻറെ അടുത്ത പ്രതിപക്ഷ നേതാവ് ആരാകുമെന്നുള്ളത് അറിയാൻ സാധിക്കും. ഷാഡോ വർക്ക് ആൻഡ് പെൻഷൻ സെക്രട്ടറി മെൽ സ്ട്രൈഡ് താൻ മത്സരരംഗത്ത് ഉണ്ടാവുമെന്ന് പ്രഖ്യാപിച്ചിരുന്നു. മുൻ ഇമിഗ്രേഷൻ മന്ത്രി റോബർട്ട് ജെൻറിക്ക്, മുൻ ആഭ്യന്തര സെക്രട്ടറിമാരായ സുല്ല ബ്രാവർമാൻ, ഡാം പ്രീതി പട്ടേൽ, ഷാഡോ ഹോം സെക്രട്ടറി ജെയിംസ് ക്ലെവർലി, ഷാഡോ സെക്യൂരിറ്റി മന്ത്രി ടോം തുഗെൻധാട്ട്, ഷാഡോ കമ്മ്യൂണിറ്റി സെക്രട്ടറി കെമി ബാഡെനോക്ക് എന്നിവരാണ് നേതൃസ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന മറ്റ് എംപിമാർ. ഇതിൽ സുല്ല ബ്രാവർമാൻ, ഡാം പ്രീതി പട്ടേൽ എന്നിവർ ഇന്ത്യൻ വംശജരാണ്. 922 ലെ ബാക്ക്ബെഞ്ചേഴ്‌സ് കമ്മിറ്റിയുടെ ചെയർമാനെന്ന നിലയിൽ പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നതിന് മേൽനോട്ടം വഹിക്കുന്നത് ബോബ് ബ്ലാക്ക്മാൻ ആണ്.