തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന നടന്നത് സെക്രട്ടേറിയറ്റിന് തൊട്ടടുത്തുള്ള വിവാദ ഫ്‌ളാറ്റില്‍ വെച്ചെന്ന് സൂചന. ഹെദര്‍ ഫ്‌ളാറ്റ് കേന്ദ്രീകരിച്ചാണ് അന്വേഷണം. പ്രതികളായ സരിത്തും സ്വപ്‌നയും സന്ദീപും ഗൂഢാലോചന നടത്തിയത് ഇവിടെ വെച്ചാണെന്നാണ് നിഗമനം.

എഫ്-6 ഫ്‌ളാറ്റില്‍ വെച്ച് ഇടപാടുകാരുമായി സ്വര്‍ണത്തിന്റെ വില ചര്‍ച്ച ചെയ്തുവെന്നുമാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. ഇതിന്റ ഭാഗമായി ഫ്‌ളാറ്റില്‍ പരിശോധന നടത്തിയതായാണ് സൂചന.

ഈ ഫ്‌ളാറ്റില്‍ മുന്‍ ഐടി സെക്രട്ടറി ശിവശങ്കര്‍ ഇടക്കാലത്ത് മൂന്നുവര്‍ഷത്തോളം താമസിച്ചിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇക്കാര്യവും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. റീബില്‍ഡ് കേരളയുമായി ബന്ധപ്പെട്ട് ഇതേ ഫ്‌ളാറ്റില്‍ ഓഫീസ് മുറി വാടകയ്ക്ക് എടുത്തത് വിവാദമായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഫ്‌ളാറ്റിലെ നാലാം നിലയിലാണ് റീബില്‍ഡ് കേരളയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ ഓഫീസ് മുറി ഫര്‍ണിഷിംഗിന് അടക്കം 88 ലക്ഷം രൂപ ചെലവായതും വിവാദമായിരുന്നു.

അതേസമയം കസ്റ്റംസ് ക്ലിയറിംഗ് ഏജന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഹരിരാജിന് സ്വര്‍ണ കള്ളക്കടത്തില്‍ പങ്കുള്ളതായി തെളിവ് ലഭിച്ചിട്ടില്ലെന്ന് കസ്റ്റംസ് വൃത്തങ്ങള്‍. കേസുമായി ബന്ധപ്പെട്ട് ഇന്നലെ പകല്‍ മുഴുവന്‍ കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു.

സ്വര്‍ണം അടങ്ങിയ ബാഗ് വിട്ടുകൊടുക്കാന്‍ ആവശ്യപ്പെട്ട് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് വാട്‌സ് അപ്പില്‍ സന്ദേശം അയച്ചത് കണക്കിലെടുത്താണ് ഹരിരാജിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്തത്. അടിയന്തര ബാഗ് ആണെന്നും പിടിച്ചു വെയ്ക്കാന്‍ കസ്റ്റംസിന് അധികാരമില്ലെന്നുമായിരുന്നു സന്ദേശം. സ്വര്‍ണ കള്ളകടത്ത് കേസിലെ രാജ്യസുരക്ഷ സംബന്ധിച്ച എന്‍ഐഎ അന്വേഷണം ആരംഭിച്ചു. ഇതുവരെ കസ്റ്റംസ് സ്ഥിരീകരിക്കാത്ത ഫാസില്‍ ഫരീദ് ഉള്‍പ്പെടെ നാല് പേരെ പ്രതി ചേര്‍ത്താണ് പ്രഥമ വിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.