ലണ്ടന്‍: ബ്രെക്‌സിറ്റ് പോളിസിക്ക് അംഗീകാരം തേടി മൂന്നാം തവണയും പാര്‍ലമെന്റിലെത്താനുള്ള ബ്രീട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ നീക്കം സ്പീക്കര്‍ തടഞ്ഞു. രണ്ടുതവണയും പരാജയപ്പെട്ട പോളിസികളില്‍ നിന്ന് വ്യക്തമായ മാറ്റം ഉള്‍ക്കൊള്ളാതെ മൂന്നാമത് എം,പിമാര്‍ക്ക് മുന്നിലെത്തേണ്ടതില്ലെന്നാണ് സ്പീക്കറുടെ നിര്‍ദേശം. രണ്ടുതവണയും മേയ് സമര്‍പ്പിച്ച് ബ്രെക്‌സിറ്റ് പോളിസി വലിയ വോട്ടിന്റെ വ്യത്യാസത്തില്‍ പരാജയപ്പെട്ടിരുന്നു. സ്വന്തം പാര്‍ട്ടിയില്‍ നിന്നുള്ള വിമത നീക്കമുള്‍പ്പെടെ മേയ്ക്ക് പ്രതിസന്ധികള്‍ ഏറെയുണ്ട് മറികടക്കാന്‍. മൂന്നാമതും ബ്രെക്‌സിറ്റ് അംഗീകാരത്തിനായി എത്തുകയാണെങ്കില്‍ നേരത്തെ അവതരിപ്പിച്ച പോളിസികളില്‍ നിന്ന് വലിയ മാറ്റങ്ങള്‍ വരുത്താന്‍ മേയ് തയ്യാറാകേണ്ടി വരുമെന്നത് തീര്‍ച്ചയാണ്. വോട്ടെടുപ്പ് തടയുന്നതിലൂടെ സ്പീക്കര്‍ നല്‍കുന്ന മുന്നറിയിപ്പും അതാണെന്ന് നിരീക്ഷകര്‍ പറയുന്നു.

അതേസമയം രണ്ടാമതും ബ്രെക്‌സിറ്റ് വോട്ടെടുപ്പില്‍ മേയ് പരാജയപ്പെട്ടതോടെ ഡിലേയ്ഡ് ബ്രെക്‌സിറ്റിനായി കൂടുതല്‍ സമയം അനുവദിക്കാനാവും യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികള്‍ ശ്രമിക്കുക. കൂടുതല്‍ സമയം ലഭിക്കുന്നത് നിലവിലുണ്ടായിരിക്കുന്ന പ്രതിസന്ധികളെ മറികടക്കാന്‍ ഗുണകരമാവുമെന്നാണ് മേയ് അനുകൂല എം.പിമാരുടെ പ്രതീക്ഷ. ആര്‍ട്ടിക്കിള്‍ 50ന്റെ പുനഃപരിശോധന ചര്‍ച്ചകള്‍ മേയ് നടത്തുന്നതായിട്ടും റിപ്പോര്‍ട്ടുകളുണ്ട്. രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ഇക്കാര്യത്തില്‍ ബ്രസ്സല്‍സുമായി ചര്‍ച്ച നടത്തിയേക്കും. ഈ വരുന്ന വ്യാഴായ്ച്ചയാണ് ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ക്കായി മേയ് ബ്രെസ്സല്‍സിലേക്ക് പുറപ്പെടുന്നത്. മൂന്നാമതും പാര്‍ലമെന്റിലെത്തുന്നതിന് മുന്‍പ് പോളിസിയില്‍ വലിയ മാറ്റങ്ങളുണ്ടാകുമെന്നാണ് സൂചന.


മെയ് മാസത്തില്‍ നടക്കുന്ന യൂറോപ്യന്‍ പാര്‍ലമെന്റ് ഇലക്ഷനില്‍ പങ്കെടുക്കാതിരിക്കുകയും നോ ഡീല്‍ ബ്രെക്സിറ്റ് ഒഴിവാക്കുന്നതിനായി യൂറോപ്യന്‍ യൂണിയനില്‍ തുടരാന്‍ യുകെ ശ്രമിക്കുകയും ചെയ്താല്‍ പുതിയ നീക്കങ്ങള്‍ക്ക് അംഗീകാരം ലഭിക്കാനുള്ള സാധ്യത വിരളമാണ്. ജൂലൈ 1ന് അപ്പുറം ഒരു കാലാവധി നീട്ടല്‍ സാധ്യമല്ലെന്നു തന്നെയാണ് വിവരം. അല്ലെങ്കില്‍ യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നേരത്തേ തീരുമാനിച്ച തിയതിയില്‍ നടക്കാതിരിക്കണം. അതായത് യൂറോപ്യന്‍ പാര്‍ലമെന്റില്‍ പ്രാതിനിധ്യമില്ലെങ്കില്‍ ബ്രിട്ടന് ബ്രെക്സിറ്റ് നീട്ടുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കൂടുതല്‍ അവകാശവാദങ്ങള്‍ ഉന്നയിക്കാന്‍ സാധ്യമാകാതെ വരും. ശരിയായ രൂപമോ പ്രാതിനിധ്യമോ ഇല്ലാത്ത പാര്‍ലമെന്റിന്റെ നടപടി നിയമപരമായി ചോദ്യം ചെയ്യപ്പെട്ടേക്കാമെന്നതിനാലാണ് യൂറോപ്യന്‍ യൂണിയന്‍ ഇത്തരമൊരു മുന്‍കരുതല്‍ സ്വീകരിക്കുന്നതെന്നാണ് വിവരം.