ഗര്‍ഭസ്ഥ ശിശുക്കളെ ദോഷകരമായി ബാധിക്കാനിടയുണ്ടെന്ന വെളിപ്പെടുത്തലിനെത്തുടര്‍ന്ന് വിവാദ എപ്പിലെപ്‌സി മരുന്ന് യുവതികള്‍ക്ക് നല്‍കുന്നത് നിരോധിച്ചു. അപസ്മാരത്തിന് ഫലപ്രദമായ മരുന്ന് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സോഡിയം വാല്‍പൊറേറ്റ് ആണ് പ്രത്യുല്‍പാദന കാലയളവില്‍ സ്ത്രീകള്‍ക്ക് നല്‍കാന്‍ പാടില്ലെന്ന് നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. പൊതുജനാരോഗ്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത്‌കെയര്‍ പ്രോഡക്ട്‌സ് റെഗുലേറ്ററി ഏജന്‍സിയാണ് ഈ നിരോധനം പ്രഖ്യാപിച്ചിരിക്കുന്നത്. ഗര്‍ഭസ്ഥ ശിശുക്കളില്‍ ഗുരുതരമായ വളര്‍ച്ചാ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ഈ മരുന്നിന് കഴിയുമെന്നാണ് വെളിപ്പെടുത്തല്‍.

ഗര്‍ഭ നിരോധന മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുന്നവര്‍ക്ക് മാത്രം ഈ മരുന്ന് നല്‍കാമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ഗര്‍ഭിണികളായ അപസ്മാര രോഗികള്‍ക്ക് ഫലപ്രദമായ മരുന്ന് സോഡിയം വാല്‍പോറേറ്റ് മാത്രമാണെന്ന് രണ്ട് കണ്‍സള്‍ട്ടന്റ് ന്യൂറോളജിസ്റ്റുകള്‍ വ്യക്തമാക്കി ഒരാഴ്ചക്കു ശേഷമാണ് പുതിയ നിരോധനമെന്നതും ശ്രദ്ധേയമാണ്. അപസ്മാരം ചികിത്സിക്കാതിരിക്കുന്നത് ഗര്‍ഭിണികള്‍ക്കും ഗര്‍ഭസ്ഥ ശിശുക്കള്‍ക്കും ഒരുപോലെ അപകടകരമാണെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു. തങ്ങളുടെ കുട്ടികള്‍ക്ക് ഓട്ടിസം, പഠന വൈകല്യങ്ങള്‍ തുടങ്ങിയ വൈകല്യങ്ങളുണ്ടാകാന്‍ കാരണം സോഡിയം വാല്‍പോറേറ്റിന്റെ ഉപയോഗമാണെന്ന് ആരോപിച്ച് മൂന്ന് സ്ത്രീകള്‍ രംഗത്തെത്തിയിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഗര്‍ഭകാലത്ത് ഈ മരുന്ന് ഉപയോഗിച്ചാലുള്ള കുഴപ്പങ്ങളെക്കുറിച്ച് ഡോക്ടര്‍മാര്‍ തങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നില്ലെന്ന ആരോപണവും ഇവര്‍ ഉന്നയിച്ചിരുന്നു. ഈ മരുന്നിന്റെ പാര്‍ശ്വഫലം അനുഭവിക്കുന്ന 20,000ത്തോളം കുട്ടികള്‍ യുകെയിലുണ്ടെന്നാണ് ക്യാംപെയിനര്‍മാര്‍ പറയുന്നത്. സനോഫിയുടെ എപീലിയം എന്ന ബ്രാന്‍ഡാണ് യുകെയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്നത്. ഗര്‍ഭകാലത്ത് ഇത് ഉപയോഗിച്ചാല്‍ കുട്ടികളില്‍ വളര്‍ച്ചാ പ്രശ്‌നങ്ങളുണ്ടാകാമെന്ന് നൈസ് ഡേറ്റയും സൂചന നല്‍കുന്നു. ഈ മരുന്ന് ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പെണ്‍കുട്ടികളും യുവതികളും തങ്ങളുടെ ജിപിമാരെ ബന്ധപ്പെട്ട് മറ്റു മരുന്നുകള്‍ തേടേണ്ടതാണെന്നും എംഎച്ച്ആര്‍എയുടെ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.