മാസങ്ങൾക്കുമുന്പ് മധ്യപ്രദേശ് സർക്കാർ വാഗ്ദാനം ചെയ്ത കാബിനറ്റ് പദവി നിരസിച്ച ആൾദൈവം ഭയ്യു മഹാരാജ് (50) സ്വയം വെടിവച്ചു മരിച്ചു. വലതു നെറ്റിയിൽ സ്വയം വെടിവയ്ക്കുകയായിരുന്നുവെന്ന് ഇൻഡോർ ഡിഐജി എച്ച.സി. മിശ്ര പറഞ്ഞു. മുറി അകത്തുനിന്നു പൂട്ടിയിരുന്നതിനാൽ കതകു പൊളിച്ചാണ് അകത്തുകടന്നത്.
ആശുപത്രിയിലെത്തുംമുന്പേ മരണം സംഭവിച്ചു. “വളരെയധികം മാനസിക സമ്മർദം അനുഭവിക്കുന്നുണ്ട്, മടുത്തു, ഞാൻ പോവുകയാണ്. എന്റെ കുടുംബത്തിന്റെ ഉത്തരവാദിത്വം ആരെങ്കിലുമൊക്കെ ഏറ്റെടുക്കുക’: ഭയ്യുവിന്റെ മുറിയിൽനിന്നു കണ്ടെത്തിയ കത്തിൽ ഇങ്ങനെ പറയുന്നു. കത്തിലെ കൈയക്ഷരം ഭയ്യുവിന്റേതു തന്നെയാണെന്നു പോലീസ് സ്ഥിരീകരിച്ചു. മരണത്തേക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്നു കോൺഗ്രസ് ആവശ്യപ്പെട്ടു.
ഉദയ് സിംഗ് ദേശ്മുഖ് എന്നാണു ഭയ്യുവിന്റെ യഥാർഥ പേര്. ഭാര്യ മാധവി 2015 ൽ അന്തരിച്ചതിനുശേഷം കഴിഞ്ഞവർഷം ഏപ്രിലിൽ ശിവപുരി സ്വദേശിനിയായ ഡോ. ആയുഷി ശർമയെ വിവാഹം കഴിച്ചു. ആദ്യവിവാഹത്തിൽ ഒരു മകളുണ്ട്. മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ബോംബെ ആശുപത്രിക്കു മുന്പിൽ നിരവധിപ്പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്.
മഹാരാഷ്ട്ര, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ സിനിമാതാരങ്ങളും രാഷ്ട്രീയക്കാരുമുൾപ്പെടുന്ന വലിയൊരു ആരാധകവൃന്ദം ഇദ്ദേഹത്തിനുണ്ട്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, മുൻമുഖ്യമന്ത്രി വിലാസ്റാവു ദേശ്മുഖ്, മുൻ രാഷ്ട്രപതി പ്രതിഭ പാട്ടീൽ എന്നിവർ പതിവായി ഭയ്യു മഹാരാജിനെ കാണാനെത്തുമായിരുന്നു. 2011ൽ അന്നു ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി നടത്തിയ സദ്ഭാവന ഉപവാസം നാരങ്ങാനീരു നല്കി അവസാനിപ്പിച്ചതും, അഴിമതിക്കെതിരേ ഡൽഹിയിലെ രാംലീല മൈതാനത്ത് സാമൂഹികപ്രവർത്തകൻ അന്നാ ഹസാരെ സമരം ആരംഭിച്ചപ്പോൾ ചർച്ച നടത്താൻ യുപിഎ സർക്കാർ നിയോഗിച്ചതും ഭയ്യു മഹാരാജിനെയാണ്. ഭയ്യു മഹാരാജ്, മഹാരാഷ്ട്ര സംസ്ഥാനത്തിൽ ചെയ്ത സാമൂഹികപ്രവർത്തനങ്ങൾ വിസ്മരിക്കാനാവില്ലെന്നു മുൻ മുഖ്യമന്ത്രി പൃഥ്വിരാജ് ചൗഹാൻ പറഞ്ഞു.
ഈ വർഷം ഏപ്രിലിൽ ശിവരാജ് സിംഗ് ചൗഹാന്റെ സർക്കാരാണ് ഭയ്യു മഹാരാജ് ഉൾപ്പെടെ അഞ്ചു സന്യാസിമാർക്ക് സഹമന്ത്രി പദവി നല്കാൻ തീരുമാനിച്ചത്. സന്യാസിക്ക് അത്തരമൊരു പദവി പ്രധാനമല്ലെന്നായിരുന്നു ഭയ്യു മഹാജാരാജ് ശിവരാജ് സിംഗിനെ അറിയിച്ചത്. 1968ൽ മധ്യപ്രദേശിലെ ഷുജൽപുരിൽ കർഷകകുടുംബത്തിലായിരുന്നു ഭയ്യു ജനിച്ചത്.
Leave a Reply