മധ്യപ്രദേശില്‍ ബലാത്സംഗക്കേസില്‍ ശിക്ഷാ ഇളവ് ലഭിച്ച് പുറത്തിറങ്ങിയ പ്രതി വീണ്ടും മറ്റൊരു പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി. മധ്യപ്രദേശിലെ രാജ്ഗഢ് ജില്ലയിലെ നരസിംഗഢ് സ്വദേശിനിയായ പതിനൊന്നുവയസുകാരിയാണ് ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. കുട്ടികളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതിന് രണ്ടുതവണ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ് അറസ്റ്റിലായ രമേഷ് സിങ് എന്ന് പോലീസ് വ്യക്തമാക്കി. ആശുപത്രിയില്‍ ഒരാഴ്ചയോളം ജീവനുവേണ്ടി പൊരുതിയശേഷമാണ് പെണ്‍കുട്ടി മരണത്തിന് കീഴടങ്ങിയത്.
രമേഷ് സിങ് സീരിയല്‍ റേപ്പിസ്റ്റാണെന്ന് പോലീസ് വ്യക്തമാക്കുന്നു. മധ്യപ്രദേശിലെ ഷാജാപുര്‍ ജില്ലയിലെ പൊലായ് കാലാ പട്ടണത്തിലെ ദബ്രിപുര സ്വദേശിയാണ് രമേഷ് സിങ്. 2003-ല്‍ ഷാജാപുരിലെ മുബാരിക്പുര്‍ ഗ്രാമത്തിലെ അഞ്ചുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതിനാണ് ഇയാള്‍ ആദ്യമായി പിടിക്കപ്പെട്ടത്. പത്തുവര്‍ഷത്തെ ശിക്ഷയാണ് അന്ന് രമേഷിന് ലഭിച്ചത്. ശിക്ഷ കഴിഞ്ഞ് 2013-ല്‍ പുറത്തിറങ്ങിയ പ്രതി തൊട്ടടുത്ത വര്‍ഷം അടുത്ത പെണ്‍കുട്ടിയെ ആക്രമിച്ചു.
2014-ല്‍ സെഹോര്‍ ജില്ലയിലെ ആഷ്ത നഗരത്തില്‍നിന്നും എട്ടുവയസുകാരിയെ രമേഷ് തട്ടിക്കൊണ്ടു പോയി ക്രൂരമായി പീഡിപ്പിച്ചു. പിടിക്കപ്പെട്ട പ്രതിക്ക് കോടതി വധശിക്ഷ വിധിച്ചു. 2019-ല്‍ കേസ് ഹൈക്കോടതിയില്‍ എത്തി. പ്രതിയെ തിരിച്ചറിയുന്നതിനായി നടത്തിയ തിരിച്ചറിയല്‍ പരേഡില്‍ കുട്ടിക്കൊപ്പം അച്ഛനും ഉണ്ടായിരുന്നുവെന്നും, അച്ഛന്റെ സാന്നിധ്യം കുറ്റവാളിയെ തിരിച്ചറിയുന്നതില്‍ കുട്ടിയെ സ്വാധീനിച്ചിരിക്കാമെന്നും വാദം കൊഴുത്തു. നിയമത്തിലെ പഴുതുകള്‍ കൃത്യമായി ഉപയോഗപ്പെടുത്തി രമേഷ് സ്വതന്ത്രനായി പുറത്തിറങ്ങി. എന്നാലത് വീണ്ടുമൊരു പെണ്‍കുട്ടിയുടെ ജീവനെടുക്കുന്നതിലേക്കാണ് നയിച്ചത്.
സംസാരിക്കാനും കേള്‍ക്കാനും കഴിയാത്ത പതിനൊന്നുകാരിയെ ഫെബ്രുവരി ഒന്നാം തീയതി രാത്രിയോടെയാണ് നരസിംഗഢിലെ വീട്ടില്‍നിന്ന് കാണാതായത്. അടുത്തദിവസം രാവിലെ കുറ്റിക്കാട്ടില്‍നിന്നും ക്രൂരമായി ഉപദ്രവിക്കപ്പെട്ട നിലയില്‍ കുട്ടിയെ കണ്ടെത്തി. തുടര്‍ന്ന് ഭോപ്പാലിലെ ഹമീദിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടി ക്രൂരമായി ഉപദ്രവിക്കപ്പെട്ടുവെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. ദിവസം ചെല്ലുംതോറും പെണ്‍കുട്ടിയുടെ നില ഗുരുതരമായി. ഒടുവില്‍ ഫെബ്രുവരി എട്ടാംതീയതിയോടെ അവള്‍ മരണത്തിന് കീഴടങ്ങി.
കേസെടുത്ത പോലീസ് പ്രതിക്കായി വലിയ രീതിയിലുള്ള അന്വേഷണമാണ് നടത്തിയത്. 46 ഇടങ്ങളില്‍ നിന്നായി ശേഖരിച്ച 136 സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചു. പെണ്‍കുട്ടിയുടെ വീടിന്റെ പരിസരത്തും മൃതദേഹം കണ്ടെത്തിയ സ്ഥലത്തും ചുവന്ന നിറത്തിലുള്ള ഷോള്‍ പുതച്ച, നീലയും കറുപ്പും നിറത്തിലുള്ള സ്പോര്‍ട്സ് ഷൂസ് ധരിച്ച ഒരാള്‍ അലഞ്ഞുതിരിയുന്നതായി പോലീസിന്റെ ശ്രദ്ധയില്‍പെട്ടു. ഇയാളെ ചുറ്റിപ്പറ്റി പോലീസ് അന്വേഷണം കടുപ്പിച്ചു. സൂക്ഷ്മപരിശോധനയില്‍ ഇയാള്‍ രമേഷ് സിങ്ങാണ് എന്ന് മനസിലാക്കിയ പോലീസ് കൂടുതല്‍ തെളിവുകള്‍ക്കായുള്ള അന്വേഷണം ആരംഭിച്ചു.
രമേഷ് സിങ് കുറാവറില്‍നിന്നും നരസിംഗഡിലേക്ക് യാത്ര ചെയ്ത ഓട്ടോയുടെ ഡ്രൈവര്‍ ഇയാളെ തിരിച്ചറിഞ്ഞത് അന്വേഷണത്തില്‍ സഹായകമായി. കൊലപാതകത്തിന് ശേഷം ഉത്തര്‍പ്രദേശില്‍ മഹാകുംഭമേള നടക്കുന്ന പ്രയാഗ്രാജിലേക്കാണ് പ്രതി മുങ്ങിയത്. ഇത് പോലീസിനെ വലച്ചെങ്കിലും അവര്‍ പ്രതിയെ വിട്ടുകളയാന്‍ തയ്യാറായിരുന്നില്ല. തുടര്‍ച്ചയായ അന്വേഷണത്തിനൊടുവില്‍ ജയ്പുരിലേക്കുള്ള ട്രെയിനില്‍ വെച്ചാണ് രമേഷ് സിങ് പിടിയിലായത്. ഒമ്പത് സ്റ്റേഷന്‍ ഇന്‍-ചാര്‍ജ് അടക്കം 75 പോലീസുകാര്‍ 16 ടീമായി പിരിഞ്ഞാണ് പ്രതിക്കായി അന്വേഷണം നടത്തിയത്.
പ്രതി രമേഷ് സിങ് ഇക്കാലയളവില്‍ വേറെയും കുറ്റകൃത്യങ്ങളിലോ പീഡനങ്ങളിലോ ഏര്‍പ്പെട്ടിട്ടുണ്ടോ എന്നറിയുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുള്ളതായി രാജ്ഗഡ് എസ്.പി. ആദിത്യ മിശ്ര പറഞ്ഞു. ‘തെളിവുകളെല്ലാം കൃത്യമായി പരിശോധിച്ച് വരികയാണ്. പ്രതിയുടെ കുറ്റകൃത്യങ്ങളുടെ രീതിവെച്ച് അയാള്‍ ഇത്തരത്തിലുള്ള വേറെയും കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടാവാം. തെളിയിക്കപ്പെടാത്ത അത്തരം കേസുകളില്‍ ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നറിയാന്‍ ഡി.എന്‍.എ. ടെസ്റ്റ് അടക്കമുള്ള തെളിവുകള്‍ ശേഖരിക്കും. ഇനിയും പ്രതിക്ക് രക്ഷപ്പെടാനുള്ള പഴുതുണ്ടാക്കില്ല,’ എസ്.പി. പറഞ്ഞു.
Leave a Reply