ബ്രെക്‌സിറ്റ് നടപ്പാകുന്നത് രണ്ട് വര്‍ഷത്തേക്കെങ്കിലും നീട്ടിവെക്കാന്‍ ലേബര്‍ പാര്‍ട്ടി ശ്രമിക്കുന്നതായി സൂചന. വിത്ത്‌ഡ്രോവല്‍ ബില്ലില്‍ പറഞ്ഞിരിക്കുന്നതനുസരിച്ച് യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടന് പിന്‍മാറ്റം പൂര്‍ത്തിയാക്കാനുള്ള അവസാന തിയതി 2019 മാര്‍ച്ച് 29 ആണ്. ഈ നിശ്ചിത തിയതി എടുത്തു കളയാന്‍ ലേബര്‍ ഫ്രണ്ട് ബെഞ്ച് ചൊവ്വാഴ്ച കോമണ്‍സില്‍ ശ്രമിക്കുമെന്നാണ് സൂചന. ലേബര്‍ പാര്‍ട്ടിയുടെ മുന്‍ യൂറോപ്പ് മിനിസ്റ്ററായിരുന്ന കരോളിന്‍ ഫ്‌ളിന്റാണ് ഇതു സംബന്ധിച്ചുള്ള സൂചന നല്‍കിയത്. ബില്ലില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നത് ചര്‍ച്ചകളില്‍ യുകെയ്ക്ക് ക്ഷീണമുണ്ടാക്കുമെന്ന മുന്നറിയിപ്പും അവര്‍ നല്‍കി.

റിമെയ്ന്‍ പക്ഷത്തിന് ശക്തമായ പിന്തുണ കൊടുത്തിരുന്ന ഇവര്‍ പക്ഷേ ബ്രെക്‌സിറ്റ് അനുകൂല മണ്ഡലമായ ഡോണ്‍കാസ്റ്ററിനെയാണ് പാര്‍ലമെന്റില്‍ പ്രതിനിധീകരിക്കുന്നത്. 2016ലെ ഹിതപരിശോധനാ ഫലത്തെ അട്ടിമറിക്കുന്ന വിധത്തില്‍ ലേബര്‍ നീങ്ങിയാല്‍ അത് പരമ്പരാഗത വോട്ടുകളില്‍ പോലും വിള്ളലുണ്ടാക്കുമെന്നും അവര്‍ പറഞ്ഞു. യൂറോപ്യന്‍ യൂണിയന്‍ വിടുക എന്ന ജനഹിതത്തിനൊപ്പം നിന്നാല്‍ വോട്ടര്‍മാരുടെ വിശ്വാസം നേടാന്‍ പാര്‍ട്ടിക്ക് സാധിക്കുമെന്നും ഫ്‌ളിന്റ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം നടന്ന ലോക്കല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ലേബറിനുണ്ടായിരുന്ന മുന്‍തൂക്കം തകര്‍ത്ത് കണ്‍സര്‍വേറ്റീവ് നേട്ടമുണ്ടാക്കിയിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ലോക്കല്‍ തെരഞ്ഞെടുപ്പിലെ വോട്ടുകള്‍ സ്വാധീനിക്കപ്പെട്ടതില്‍ ഒരു വലിയ ഘടകം ബ്രെക്‌സിറ്റ് തന്നെയാണെന്ന് ജെറമി കോര്‍ബിന്റെ മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് സ്ട്രാറ്റജി സ്റ്റീവ് ഹോവെലും പ്രതികരിച്ചു. ലേബര്‍ റിമെയിന്‍ നിലപാട് ശക്തമായി സ്വീകരിക്കുന്ന പ്രദേശങ്ങളില്‍ നേട്ടമുണ്ടാക്കാന്‍ കണ്‍സര്‍വേറ്റീവുകള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്നും ഇത് കാണാതെ പോകരുതെന്നും അദ്ദേഹം പറഞ്ഞു.