ബ്രിട്ടന്റെ കിരീടാവകാശി ചാള്‍സ് രാജകുമാരനു (71) കോവിഡ് ഭേദമാക്കാൻ സഹായിച്ചത് ഹോമിയോ–ആയുര്‍വേദ മരുന്നുകളെന്നു കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് നായിക്. ‘ബെംഗളൂരുവിലെ ആശുപത്രിയിൽനിന്ന് അയച്ചുകൊടുത്ത മരുന്നുകളാണു ചാൾസിനെ ചികിത്സിക്കാൻ ഉപയോഗിച്ചത്. കോവിഡ് പോസിറ്റീവ് ആയിരുന്ന ചാൾസ് ഇതിലൂടെ പൂർണ ആരോഗ്യവാനായി.’ – വ്യാഴാഴ്ച മന്ത്രി ഗോവയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയതിങ്ങനെ.

കൊറോണ വൈറസിനെ തടയാന്‍ ഹോമിയോപ്പതിയും ആയുർവേദവും നല്ലതാണെന്നു നേരത്തെ അവകാശപ്പെട്ട ആയുഷ് മന്ത്രാലയത്തിന്റെ വാദങ്ങളെ സാധൂകരിക്കുന്ന പ്രസ്താവനയാണ് ചാൾസിന്റെ ചികിത്സാഫലം ഉയർത്തി മന്ത്രി നൽകിയതും. അതേസമയം, ആയുഷ് മന്ത്രിയുടെ വാദത്തിനെതിരായ നിലപാടാണ് ചാൾസ് രാജകുമാരന്റെ വക്താവ് ലണ്ടനിൽ നിന്ന് ഇതേക്കുറിച്ചുള്ള ചോദ്യത്തിനു പ്രതികരണമായി ഒരു ദേശീയ മാധ്യമത്തിനു നൽകിയത്. ‘ഈ വിവരം ശരിയല്ല. ചാൾസ് രാജകുമാരൻ പിന്തുടർന്നത് ബ്രിട്ടനിലെ നാഷനൽ ഹെൽത്ത് സർവീസ് (എൻഎച്ച്എസ്) നൽകിയ മെഡിക്കൽ ഉപദേശങ്ങളാണ്. ഇതല്ലാതെ മറ്റൊന്നുമല്ല.’

കോവിഡിനെതിരെ രാജ്യം പ്രതിരോധം ശക്തമാക്കുന്നതിനിടെ, പരമ്പരാഗത ചികിത്സാരീതികൾ ശീലമാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കഴിഞ്ഞദിവസം നിർദേശിച്ചിരുന്നു. ബെംഗളൂരു സൗഖ്യയിലെ ചികിത്സ കൊണ്ട് ഏതാനും നാൾക്കകം ചാൾസ് രാജകുമാരനു കോവിഡ് മാറിയെന്നും പരമ്പരാഗത ചികിത്സാരീതികളിൽ കൂടുതൽ ശ്രദ്ധിക്കാൻ താൽപര്യമെടുക്കണമെന്നും കോൺഗ്രസ് വക്താവ് മനീഷ് തിവാരി എംപി പ്രധാനമന്ത്രിക്കു കത്തെഴുതിയിരുന്നു. ഇതെല്ലാം മാനിച്ചാണു പരമ്പരാഗത ചികിത്സാരീതികൾ ശീലമാക്കാൻ മോദി നിർദേശിച്ചത്.

ഹോമിയോയിലെ ആഴ്‌സനികം, ആല്‍ബം 30, ആയുര്‍വേദത്തിലെ അഗസ്ത്യ ഹരിതകി തുടങ്ങിയവയും യുനാനിയിലെ ഡസനോളം മരുന്നുകളുമാണു കോവിഡിന് ആയുഷ് വകുപ്പ് ശുപാര്‍ശ ചെയ്യുന്നത്. ബെംഗളൂരുവിലെ ആയുര്‍വേദ റിസോര്‍ട്ടിലെ ഡോക്ടർ പങ്കുവച്ച വിവരമാണിതെന്നാണ് കേന്ദ്രമന്ത്രി മാധ്യമങ്ങളോടു പറഞ്ഞത്. പരമ്പരാഗത ചികിൽസാ രീതിയിലൂടെയാണോ ചാൾസ് രാജകുമാരന് കോവിഡ് മാറിയതെന്ന് സ്ഥിരീകരിക്കാനാകാത്ത സാഹചര്യത്തിലും കേന്ദ്രമന്ത്രി സൂചിപ്പിച്ച ബെംഗളൂരു സൗഖ്യ ഇന്റർനാഷനൽ ഹോളിസ്റ്റിക് ഹെൽത്ത് സെന്റർ സ്ഥാപകനും ചെയർമാനുമായ ഡോ. ഐസക് മത്തായി നൂറനാലുമായി ഇത്തരം ചികിത്സാരീതികളെക്കുറിച്ച് ‘മനോരമ ഓൺലൈൻ’ പ്രതികരണം ആരാഞ്ഞു.

ശരീരത്തിന്റെ രോഗപ്രതിരോധശേഷി കൂട്ടാൻ ഹോമിയോ മരുന്നുകൾക്കു കഴിയുമെന്ന് എത്രയോ മുമ്പു തെളിഞ്ഞതാണെന്നു ഡോ. ഐസക് മത്തായി നൂറനാൽ പറഞ്ഞു. ഡോക്ടർ എന്ന നിലയിൽ രോഗിയുടെ സ്വകാര്യത മാനിക്കേണ്ടതിനാലും സൗഖ്യയുടെ ചെയർമാൻ എന്ന നിലയിലും ചാൾസ് രാജകുമാരന് എന്തു ചികിത്സയാണു കൊടുത്തത് എന്നു പരസ്യപ്പെടുത്താനാവില്ല. ചികിത്സയുടെ വിശദാംശങ്ങൾ ആയുഷ് മന്ത്രാലയത്തിനു കൈമാറിയിട്ടുണ്ട്. തുടക്കം മുതൽ തന്നെ കർണാടക വ്യാപകമായി ഹോമിയോ, ആയുർവേദ മരുന്നുകൾ കോവിഡ് പ്രതിരോധത്തിന് ഉപയോഗിക്കുന്നുണ്ട്. കേരളം അത്ര സജീവമല്ല. എല്ലാവർക്കും പ്രതിരോധ ശേഷി കൂട്ടാനായി ഹോമിയോ മരുന്നുകൾ നൽകണമെന്ന് കഴിഞ്ഞ ദിവസം കർണാടക സർക്കാർ ഉത്തരവിറക്കി.

സർക്കാരിന്റെ എല്ലാ വകുപ്പുകളിലൂടെയും ഈ മരുന്നുകൾ വിതരണം ചെയ്യണമെന്നാണു നിലപാട്. ഡൽഹിയിലെ ആയുഷ് മന്ത്രാലയവും ഇതിനായി ഉപദേശം തേടിയിരുന്നു. അവർ മരുന്നു വിതരണത്തിനു തയാറായിട്ടുണ്ട്. പാർശ്വഫലം ഇല്ലാത്തതും ചെലവു കുറഞ്ഞതുമാണു ഹോമിയോ മരുന്ന്. പോസിറ്റീവ് ഫലം മാത്രമേയുള്ളൂ. യാതൊരു ഭയാശങ്കയുമില്ലാതെ ആർക്കും ഉപയോഗിക്കാം. കൊറോണയെ പ്രതിരോധിക്കാൻ മാത്രമല്ല, അസുഖം വന്നവരെ ചികിത്സിക്കാനും സഹായകമാണ്. സുഖചികിത്സയ്ക്കായി ചാൾസ് രാജകുമാരൻ ഒന്നര പതിറ്റാണ്ടിലേറെയായി സൗഖ്യയിൽ വരാറുണ്ട്. മൂന്നു തലമുറകളായി ബ്രിട്ടിഷ് രാജകുടുംബം ഹോമിയോപ്പതി ചികിത്സ തേടുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു. ബ്രിട്ടിഷ് ഹോമിയോപതിക് അസോസിയേഷന്റെ റോയൽ പേട്രൻ കൂടിയാണ് എലിസബത്ത് രാജ്ഞി.

കൊറോണയെ നേരിടാൻ നിലവിൽ വൈദ്യശാസ്ത്രത്തിൽ മരുന്നില്ല. ഗവേഷണം പുരോഗമിക്കുന്നതേയുള്ളൂ. പനി ഉൾപ്പെടെയുള്ള രോഗങ്ങൾക്കും ലക്ഷണങ്ങൾക്കുമാണ് അലോപ്പതിയിൽ ഉൾപ്പെടെ കോവിഡിനു ചികിത്സ നൽകുന്നത്. പ്രതിരോധശേഷി കൂട്ടി രോഗം വരാതെ നോക്കുകയെന്നതാണു നിലവിലെ ഏക പോംവഴി. മനുഷ്യശരീരത്തിൽ പ്രതിരോധ ശേഷി കൂട്ടാനുള്ള മരുന്നുകളാണു ഹോമിയോയിൽ നൽകുന്നത്. ലോകത്താകെ പതിനായിരക്കണക്കിനു പേർ ഈ മരുന്ന് കഴിക്കുന്നുണ്ട്. ബെംഗളൂരുവിൽ തെരുവുകുട്ടികൾ ഉൾപ്പെടെ 3000 കുടുംബങ്ങൾക്ക് ഇതേ മരുന്ന് നൽകിയിട്ടുണ്ട്. കൊറോണ പടർന്നതോടെ ഇന്ത്യയിൽനിന്നും വിദേശത്തുനിന്നും നിരവധി പേർ വിളിച്ചതായും ഡോ. ഐസക് മത്തായി നൂറനാൽ പറഞ്ഞു.

അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്നു സ്ഥിരമായി ഞങ്ങളുടെ ചികിത്സ തേടുന്ന ആയിരക്കണക്കിനു പേർക്ക് ഇതേ മരുന്ന് നിർദേശിച്ചിരിക്കുകയാണ്. കാലങ്ങളായി പകർച്ചപ്പനിയുടെ (വൈറൽ ഫീവർ) സീസണുകളിൽ ആയിരക്കണക്കിനു തെരുവുകുട്ടികൾ ഉൾപ്പെടെയുള്ളവർക്കു ഞങ്ങൾ പ്രതിരോധ മരുന്ന് നൽകാറുണ്ട്. അവർക്കൊന്നും ഇതേ കാലയളവിൽ പകർച്ചവ്യാധി വന്നിട്ടില്ല. മൂന്നു പതിറ്റാണ്ടിലേറെയായി പകർച്ചവ്യാധികൾ പിടിപെടുന്നതു കുറവാണെന്നത് എന്റെ ചികിത്സാനുഭവം കൂടിയാണ്. – ഡോ. ഐസക് മത്തായി പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പ്രതിരോധശേഷി കൂടിയവരിൽ കോവിഡ് പെട്ടെന്നു ബാധിക്കുന്നില്ലെന്നതു തെളിഞ്ഞതാണ്. പ്രതിരോധശേഷി കൂട്ടുകയാണു ഹോമിയോ ചെയ്യുന്നത്. കേരളത്തിൽ സർക്കാരും ആരോഗ്യമന്ത്രി കെ.കെ.ശൈലജയും ഹോമിയോ ഉൾപ്പെടെയുള്ള ആയുഷ് മരുന്നുകളെ പിന്തുണയ്ക്കുന്ന നിലപാടാണു സ്വീകരിച്ചിട്ടുള്ളത്. കേന്ദ്ര സർക്കാരും ഇതേ നിലപാടാണ്. എന്നാൽ മരുന്ന് ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ കേരളം ഉത്സാഹം കാണിക്കുന്നില്ല. അസുഖം വരുന്നതു തടയാനും വന്നവർക്കു ചികിത്സിക്കാനും ഹോമിയോ മരുന്ന് നൽകാനാകണം. ആയുഷ് വകുപ്പ് നിർദേശിച്ചിട്ടുള്ളതാണിത്. സർക്കാർ, സ്വകാര്യ മേഖലകളിലായി നൂറുകണക്കിനു മിടുക്കരായ ഹോമിയോ ഡോക്ടർമാർ കേരളത്തിലുണ്ട്. ഇവരുടെ സേവനം ഉപയോഗിക്കാൻ സർക്കാർ തയാറാകണം.

ഒരാഴ്ച നീളുന്ന ഒരു കോഴ്സ് മരുന്നാണു കോവിഡിനെ പ്രതിരോധിക്കാൻ കഴിക്കേണ്ടത്. ഒരാൾക്കുള്ള ഒരു കോഴ്സ് മരുന്നിന് ഒരു രൂപ മാത്രമെ ചെലവ് വരൂ. സാധാരണനിലയിൽ ആരോഗ്യമുള്ളയാൾക്ക് ഒരു കോഴ്സ് മതി. പിന്നെയും വേണമെന്നു തോന്നിയാൽ ഒരു മാസത്തിനു ശേഷം അടുത്ത കോഴ്സ് കഴിക്കാം. ഇത്രയും ചെലവ് കുറഞ്ഞതും എല്ലായിടത്തും ലഭിക്കുന്നതും ഫലപ്രദവുമായ ഈ മരുന്നുകൾ സർക്കാരിലൂടെ ജനങ്ങളിലേക്ക് എത്തിയാൽ വലിയ കാര്യമായിരിക്കും. രാജ്യാന്തര തലത്തിൽ മാത്രമല്ല പ്രാദേശിക തലത്തിലും നിരവധി പേർക്ക് ഈ മരുന്ന് നൽകുന്നു, അതിന്റെ ഗുണവുമുണ്ട്. പൊതുവിൽ പ്രതിരോധശേഷി കൂട്ടുന്നതിനു ഹോമിയോ മരുന്നുകൾ ഫലപ്രദമാണെന്നു സ്വതന്ത്ര രാജ്യാന്തര സംഘടനകൾ പഠനത്തിലൂടെ കണ്ടെത്തിയിട്ടുള്ളതാണ്.- ഡോ. ഐസക് മത്തായി പറഞ്ഞു.

കുടുംബങ്ങൾക്കായി 20 മരുന്നുകളടങ്ങിയ 250 രൂപയുടെ മെഡിക്കൽ കിറ്റ് ഞങ്ങൾ പുറത്തിറക്കുന്നുണ്ട്. ഇതു കഴിച്ചാൽ നിരന്തരം അസുഖങ്ങൾ വരില്ലെന്നതും അനാവശ്യമായി ഡോക്ടറെ കാണുകയോ മരുന്നുകൾ കഴിക്കുകയോ വേണ്ടതില്ലെന്നും പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടതാണ്. ഈ മോഡൽ സ്വീകരിക്കാൻ ഇംഗ്ലണ്ടിൽനിന്ന് ആവശ്യം വന്നിട്ടുണ്ട്. ഏറ്റവും നന്നായി ഹോമിയോപ്പതി പ്രാക്ടീസ് ചെയ്യുന്ന സ്ഥലമാണു കേരളം. എല്ലാതരം ചികിത്സയ്ക്കും അതിന്റേതായ ഗുണങ്ങളുണ്ട്. അലോപ്പതിയും ആയുർവേദവും ഹോമിയോപ്പതിയും സംയോജിപ്പിച്ചുള്ള ചികിത്സാരീതിയാണു മൂന്നര പതിറ്റാണ്ടിലേറെയായി ഞങ്ങൾ ചെയ്തുവരുന്നത്. ഈ ചികിത്സാ തത്വചിന്തയെ കേരളമൊഴികെ മറ്റെല്ലാ സംസ്ഥാനങ്ങളും പിന്തുണയ്ക്കുന്നുണ്ട്.’– ഡോ. ഐസക് മത്തായി വിശദീകരിച്ചു.

ആയുർവേദം, യോഗ ആൻഡ് നാച്ചുറോപ്പതി, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നീ ചികിത്സാ വിഭാഗങ്ങളെ സംയോജിപ്പിച്ചുള്ള കേന്ദ്ര മന്ത്രാലയമാണ് ആയുഷ്. ഈ മേഖലകളിലുള്ള പഠനങ്ങളെയും ഗവേഷണങ്ങളെ വികസിപ്പിക്കുകയാണു മുഖ്യലക്ഷ്യം. ഇവ കൂടാതെയുള്ള ഇതര സമാന്തര വൈദ്യശാസ്ത്ര മേഖലകളും ഈ വകുപ്പിനു കീഴിലാണ്. തദ്ദേശീയമായതും പരമ്പരാഗതവുമായ ചികിത്സാരീതികളെ ജനകീയമാക്കുക എന്നതും ലക്ഷ്യമാണ്.

ഇളംചൂടുവെള്ളം കുടിക്കുക, യോഗാസനവും പ്രാണായാമവും ചെയ്യുക, ആഹാരത്തിൽ മഞ്ഞളും ജീരകവും മല്ലിയും വെളുത്തുള്ളിയും ഉൾപ്പെടുത്തുക, ദിവസവും ച്യവനപ്രാശം കഴിക്കുക, ഔഷധചായ കുടിക്കുക, മഞ്ഞളിട്ട ചൂടുപാൽ കുടിക്കുക, ഒരു ടീസ്പൂൺ എള്ളെണ്ണയോ വെളിച്ചെണ്ണയോ വായിൽ കൊള്ളിക്കുക, തൊണ്ടവേദനയും ചുമയും വന്നാൽ പുതിനയിലയോ പെരുംജീരകമോ ഇട്ട് ആവി പിടിക്കുക തുടങ്ങിയ നിർദേശങ്ങളാണു കോവിഡിനെ നേരിടാൻ ആയുഷ് മുന്നോട്ടു വച്ചിട്ടുള്ളത്.