കൊറോണ വൈറസിന്റെ വ്യാപനം നിയന്ത്രണാതീതമായി തുടരുന്നു. ചൈനയില്‍ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 80 ആയി. അമേരിക്കയിലും തായ്വാനിലും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. അതിനിടെ വൈറസ് വ്യാപനം തടയാന്‍ ചൈന രാജ്യത്ത് പൊതുഅവധി നീട്ടി.
ചൈനയ്ക്ക് പുറമെ അമേരിക്കയിലും തായ്വാനിലുമാണ് പുതിയ വൈറസ് ബാധ സ്ഥിരീകരിച്ചത്. അമേരിക്കയില്‍ മൂന്ന് പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം അഞ്ചായി. 26 സംസ്ഥാനങ്ങളിലായി നൂറിലേറെപ്പേര്‍ കര്‍ശന നിരീക്ഷണത്തിലുമാണ്. തായ്വാനില് നാലാമതൊരാള്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു. കൊറോണ വൈറസ് മൂലം രോഗബാധിതരായവര്‍ക്ക് പുറമെ ലക്ഷണങ്ങള്‍ ഒന്നുമില്ലെങ്കിലും മറ്റുള്ളവരിലേക്ക് രോഗം പടരാന്‍ സാധ്യതയുണ്ടെന്നാണ് ചൈനീസ് ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.
ഇതാണ് പുതിയ കൊറോണ വൈറസും പഴയ വൈറസും തമ്മിലുള്ള പ്രധാന വ്യത്യാസമെന്നും ചൈനീസ് ആരോഗ്യമന്ത്രി വ്യക്തമാക്കി. അതിനിടെ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് വന്യജീവികളുടെ വില്‍പ്പന ചൈന നിരോധിച്ചു. ഫ്രാന്‍സും അമേരിക്കയും സംയുക്തമായി വുഹാനില്‍നിന്ന് പൗരന്മാരെ പ്രത്യേകവിമാനത്തില്‍ നാളെമുതല്‍ നാട്ടിലേക്കെത്തിക്കും. ചൈനയ്ക്ക് പുറമെ ഹോങ്കോങ്, തായ്വാന്, തായ്ലന്ഡ്, വിയറ്റ്നാം, മലേഷ്യ, സിങ്കപ്പൂര്‍, നേപ്പാള്‍, ജപ്പാന്, ദക്ഷിണ കൊറിയ, മക്കാവു, ഓസ്ട്രേലിയ, ഫ്ലാന്‍സ്, അമേരിക്ക എന്നിവിടങ്ങളിലാണ് രോഗബാധ ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്.
കൊറോണ വൈറസ് ഭീതിയെത്തുടര്‍ന്ന് സംസ്ഥാനത്ത് 288 പേര് നിരീക്ഷണത്തില്‍. ഏഴുപേര്‍ ആശുപത്രികളിലും ബാക്കിയുളളവര്‍ വീടുകളിലുമാണ്. ചൈനയില്‍നിന്ന് ഇന്നലെ 109 പേര് സംസ്ഥാനത്ത് തിരികെ എത്തിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. വൈറസ് പടരുന്നത് തടയാന്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ഇമിഗ്രേഷന്‍ കൗണ്ടറിന് സമീപം പ്രത്യേക ഹെല്‍ത്ത് ഡെസ്ക് തുറന്നു. ജീവനക്കാര്‍ക്കെല്ലാം ഗ്ലൗസുകളും മാസ്കുകളും നല്‍കുകയും ചെയ്തിട്ടുണ്ട്
Leave a Reply