ഇന്ത്യയിൽ ആകെ രോഗികളുടെ എണ്ണം നിലവിലെ കണക്ക് പ്രകാരം 1139 ആയി ഉയർന്നു. ആകെ മരണം 27. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലും ദിവസവും നൂറിലധികം പുതിയ രോഗികളുണ്ടാവുന്നു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ. രണ്ടാമത് കേരളം. രണ്ടു സംസ്ഥാനങ്ങളും 200 കടന്നു. 200 ലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട രണ്ട് സംസ്ഥാനങ്ങൾ ഉണ്ട്. മഹാരാഷ്ട്രയും (203) കേരളവും (202).

അമ്പതിലധികം അധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് 7 സംസ്ഥാനങ്ങളിൽ. കർണാടക (83), ഡൽഹി (72), ഉത്തർപ്രദേശ് (72), തെലുങ്കാന (70), ഗുജറാത്ത് (63), രാജസ്ഥാൻ (59), തമിഴ്നാട് (50). ഇരുപത്തിയഞ്ചിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട സംസ്ഥാനങ്ങൾ നാല്. മധ്യപ്രദേശ് (39), ജമ്മുകാശ്മീർ (38),പഞ്ചാബ് (38), ഹരിയാന (35). പത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട പ്രദേശങ്ങൾ നാല്. ആന്ധ്രപ്രദേശ് (21), പശ്ചിമബംഗാൾ (21), ബീഹാർ (15), ലഡാക്ക് (13).

ഇന്ത്യയിൽ നിലവിലെ മരണനിരക്ക് 2.4 ശതമാനം ആണ്. മരിച്ചവരിൽ ഭൂരിഭാഗവും 60 വയസ്സിന് മുകളിൽ പ്രായമുള്ളവരുമാണ്. എന്നാൽ ഗുജറാത്തിൽ കൊവിഡ് ബാധിച്ച് മരിച്ച അഞ്ചുപേരിൽ രണ്ടുപേരും 50 വയസ്സിന് താഴെ പ്രായമുള്ളവരായിരുന്നു. അതിനാൽ പ്രായാധിക്യമുള്ളവർ മാത്രമാണ് ആണ് റിസ്കിലുള്ളവർ എന്ന് വിചാരിക്കരുത്.

ഇന്ത്യയിൽ ടെസ്റ്റുകളുടെ എണ്ണം 30 ശതമാനം വർദ്ധിപ്പിച്ചു എന്ന് ICMR അവകാശപ്പെടുന്നുണ്ട്. പക്ഷേ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു അഞ്ചു ദിവസം കഴിഞ്ഞിട്ടും ടെസ്റ്റുകളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് ഒന്നും ഇതുവരെയും ഉണ്ടായിട്ടില്ല. ടെസ്റ്റുകൾ ആവശ്യത്തിന് ചെയ്യാത്തിടത്തോളം നമ്മുടെ നാട്ടിൽ രോഗികൾ കുറവാണ് എന്ന ഒരു മിഥ്യാബോധം മാത്രമേ നമുക്ക് കിട്ടുകയുള്ളൂ. യഥാർത്ഥത്തിലുള്ള നമ്മുടെ അവസ്ഥ എന്താണെന്ന് അറിയണമെങ്കിൽ ടെസ്റ്റുകളുടെ എണ്ണം ഗണ്യമായി കൂട്ടിയേ പറ്റൂ.

ഡൽഹി അതിർത്തിയിലെ അതിഥി തൊഴിലാളികൾ നടുക്കടലിൽ പെട്ടതു പോലെ ആയിട്ടുണ്ട്. അവരെ സോഷ്യൽ ഡിസ്റ്റൻസിംഗിനെ ബാധിക്കാത്ത വിധം പുനരധിവസിപ്പിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് പെട്ടെന്ന് കഴിയട്ടെ എന്ന് പ്രത്യാശിക്കുന്നു

കേരളം

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കേരളത്തിൽ ഇന്നലെ 20 പുതിയ രോഗികൾ ഉണ്ടായി. ആകെ രോഗികളുടെ എണ്ണം 202 ആയി. നിലവിൽ ചികിത്സയിലുള്ളത് 181 പേരാണ്. 20 പേർക്ക് ഇതിനകം രോഗം ഭേദമായി. ഒരാൾ മരിച്ചു. നിലവിൽ 1,41,211 പേർ നിരീക്ഷണത്തിൽ ഉണ്ട്

കേരളത്തിൽ നിരവധി പേർക്കുള്ള ഒരു സംശയമാണ് കുഞ്ഞുങ്ങളുടെ റെഗുലർ വാക്സിനേഷൻ ഈ സമയത്ത് എങ്ങനെ കൊടുക്കും എന്നുള്ളത്. ലോക്ക് ഡൗൺ ആയതിനാൽ റഗുലർ ഷെഡ്യൂളിലുള്ള വാക്സിനേഷൻ എല്ലാം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. നിലവിൽ ഒരു കുഞ്ഞ് ജനിക്കുമ്പോൾ കൊടുക്കാറുള്ള കുത്തിവയ്പ്പുകൾ മാത്രമാണ് ഇപ്പോൾ കൊടുക്കുന്നത്. അപ്പോൾ പലർക്കും ആശങ്കയുണ്ടാവാം, അത്രയും നാൾ ആ വാക്സിൻ എടുത്തിട്ടില്ലെങ്കിൽ കുഞ്ഞിന് അസുഖം വരില്ലേയെന്ന്. തീർച്ചയായിട്ടും വളരെ ചെറിയ ഒരു സാധ്യതയുണ്ട്.

പക്ഷേ നമ്മുടെ കുട്ടികൾ വീട് വിട്ട് പുറത്ത് പോകുന്നില്ല, വീട്ടിലേക്ക് സന്ദർശകർ ആരും വരുന്നില്ല, വീടിനു പുറത്തുള്ള വ്യക്തികളുമായിട്ടോ രോഗം പകരാനുള്ള സാഹചര്യങ്ങളുമായിട്ടോ കുഞ്ഞ് ഇടപഴകുന്നില്ല തുടങ്ങിയ പല കാരണങ്ങൾകൊണ്ടും രോഗം പകരാനുള്ള സാധ്യതയും ഇക്കാലയളവിൽ വളരെ കുറവാണ്. ആയതിനാൽ ആ ആശങ്കകൾ തൽക്കാലം മാറ്റി വയ്ക്കുക. റെഗുലർ വാക്സിനേഷൻ വീണ്ടും തുടങ്ങുമ്പോൾ എത്രയും വേഗംപോയി ആ വാക്സിനുകൾ കൊടുത്താൽ മാത്രം മതിയാകും.

അതുപോലെ ക്ലോറോക്വിൻ ഗുളിക വാങ്ങി വച്ചിട്ടുള്ളവരും വിൽക്കുന്ന മെഡിക്കൽ സ്റ്റോറുകാരും പ്രത്യേകം ശ്രദ്ധിക്കുക, ഇത് ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ ഉണ്ടെങ്കിൽ മാത്രം വാങ്ങുകയോ കൊടുക്കുകയോ ചെയ്യേണ്ട ഗുളികയാണ്. ധാരാളം പേർ ഈ മരുന്ന് കഴിച്ചതുകൊണ്ടു മാത്രം മരിച്ച സംഭവങ്ങൾ കഴിഞ്ഞ ആഴ്ചകളിൽ ലോകത്ത് പല ഭാഗത്തും ഉണ്ടായിട്ടുണ്ട്. പൊതുജനത്തിന് വാങ്ങി കഴിക്കാനുള്ളതല്ല ക്ലോറോക്വിൻ ഗുളികകൾ എന്ന് മനസിലാക്കുക.

നിലവിൽ നമ്മുടെ സംസ്ഥാനം ശരിയായ പാതയിലൂടെയാണ് പോകുന്നത്. മത രാഷ്ട്രീയ ഭേദമന്യേ എല്ലാവരും തന്നെ ഒറ്റക്കെട്ടായി അതിനോട് സഹകരിക്കുന്നുമുണ്ട്. എന്നാലും അവിടവിടെ ചില പ്രശ്നങ്ങൾ ഉരുത്തിരിയുന്നുണ്ട്. അത് നമ്മുടെ ആകെയുള്ള പ്രതിരോധപ്രവർത്തനങ്ങളെ മോശമായി ബാധിക്കാനാണ് സാധ്യത. മനസ്സിലാക്കുക ഒരാൾ വിചാരിച്ചാൽ മതി നമ്മുടെ എല്ലാ പ്രയത്നങ്ങളും തകിടം മറിക്കാൻ. അങ്ങനെ ചെയ്യാതിരിക്കുക.

കടപ്പാട് : ഡോ. മനോജ് വെള്ളനാട്, ഡോ. ദീപു സദാശിവൻ