ബെയ്ജിങ് ∙ കൊറോണ വൈറസ് ബാധിച്ചു മരിച്ചവരുടെ എണ്ണം ചൈനയിൽ 1016 ആയി. ഇതിനുപുറമേ ഫിലീപ്പീൻസിൽ ഒരാൾ മരിച്ചു. രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം അരലക്ഷത്തിലേക്കെത്തുന്നു. രോഗം പടരുന്നത് കുറയുകയാണെന്നു ചൈന അവകാശപ്പെടുന്നുണ്ടെങ്കിലും തുടർച്ചയായ രണ്ടാം ദിവസവും മരണസംഖ്യ 100 നു മുകളിലാണ്.

യുഎഇയിൽ മലയാളിക്കു കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. രോഗബാധിതരുമായി അടുത്തുസമ്പർക്കം പുലർത്തിയ ആൾക്കാണു രോഗം പിടിപെട്ടതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയെങ്കിലും വിശദാംശങ്ങൾ വെളിപ്പെടുത്തിയില്ല. 6 ചൈനക്കാർക്കും ഇന്ത്യ, ഫിലിപ്പീൻസ് രാജ്യങ്ങളിൽ നിന്നുള്ള ഓരോരുത്തർക്കുമാണ് ഇതുവരെ യുഎഇയിൽ രോഗം സ്ഥിരീകരിച്ചത്.

   കേരളത്തിൽ കൊറോണ വൈറസ് ബാധ സംശയിച്ച 380 പേരുടെ സ്രവ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 344 എണ്ണത്തിന്റെയും ഫലം നെഗറ്റിവ് ആണെന്നു മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.

   ലോകത്തെ ആശങ്കയിലാഴ്ത്തിയ കൊറോണ വൈറസ് ഇനി ‘കൊവിഡ് –19’ (Covid-19) എന്ന പേരിൽ അറിയപ്പെടും. ലോകാരോഗ്യ സംഘടനയാണ് പുതിയ ഔദ്യോഗിക നാമം പ്രഖ്യാപിച്ചത്. കൊറോണ വൈറസ് ഡിസീസ് എന്നതിന്റെ ചുരുക്കരൂപമാണിത്. കൊറോണ ചികിത്സയ്ക്കുള്ള ആദ്യ വാക്സിൻ 18 മാസത്തിനുള്ളിൽ പുറത്തിറക്കുമെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനം അറിയിച്ചു.