ഇറ്റലിയിൽ നിന്നും റാന്നിയിലെത്തിയവര്‍ ഇന്ന് രാവിലെ നടത്തിയ അവകാശവാദങ്ങൾ തള്ളി പത്തനംതിട്ട ജില്ലാ കലക്ടർ പി.ബി.നൂഹ്. അടുത്ത ബന്ധുവിന് രോഗലക്ഷണങ്ങളുമായി ആശുപത്രിയിൽ എത്തിയതോടെയാണ് ഇവർ ഇറ്റലിയിൽ നിന്നും ആണ് നാട്ടിലെത്തിയത് എന്ന് അറിയുന്നത്. വിവരമറിഞ്ഞ് ആരോഗ്യപ്രവർത്തകർ ഇവരുമായി ബന്ധപ്പെട്ടു. അന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെന്ന് പറഞ്ഞു. അന്ന് ഹൈപ്പർ ടെൻഷനുള്ള ചികിത്സയാണ് തേടിയതെന്നാണ് പറഞ്ഞത്.
എന്നാൽ ആരോഗ്യപ്രവർത്തകർ മെഡിക്കൽ ഹിസ്റ്ററി പരിശോധിച്ചപ്പോഴാണ് പനിക്കുള്ള ഡോളോ മരുന്നും വാങ്ങിയത് അറിയുന്നത്. കുടുംബം തുടക്കം മുതൽ രോഗവിവരം മറച്ചുവെക്കാനാണ് ശ്രമിച്ചത്. അടുത്ത ബന്ധുവിന് രോഗബാധ സ്ഥിരീകരിക്കും വരെ ആരോഗ്യപ്രവര്‍ത്തകരെയോ ജില്ലാ ഭരണകൂടത്തേയോ യാത്രാ വിവരം പോലും അറിയിച്ചിരുന്നില്ല. സ്വന്തം വാഹനത്തിൽ ആശുപത്രിയിൽ പോയെന്ന് പറയുന്ന ആ കാര്യം മാത്രമാണ് കുടുംബം പറയുന്നതിലെ വസ്തുതയെന്നും ജില്ലാ കളക്ടര്‍ വിശദീകരിച്ചു.
അതേസമയം, റാന്നിയിലെ രോഗബാധിതര്‍ ബന്ധപ്പെട്ടത് 300 പേരെയെന്നാണ് നിഗമനം. ഈ 300 പേര്‍ 3000 പേരെ ബന്ധപ്പെട്ടിട്ടുണ്ടാവുമെന്നാണ് സൂചന. ഇവര്‍ ബന്ധപ്പെട്ടവര്‍ 3000 പേരെന്ന സൂചനയിലാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും പത്തനംതിട്ട ജില്ലാ കലക്ടർ പി.ബി.നൂഹ് പറഞ്ഞു. അതേസമയം, റാന്നി സ്വദേശികള്‍ പലതും മറച്ചുവയ്ക്കുന്നുവെന്ന് എറണാകുളം ജില്ലാ കലക്ടർ പറഞ്ഞു. ആദ്യ പറഞ്ഞതു പലതും ശരിയല്ലെന്ന് പിന്നീട് പരിശോധനയില്‍ തെളിഞ്ഞുവെന്നും എസ്.സുഹാസ് പറഞ്ഞു.
അതേസമയം, പത്തനംതിട്ടയില്‍ രോഗലക്ഷണങ്ങളോടെ ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച രണ്ടു പേരെ കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റും. വയോധികരായ രണ്ടുപേര്‍ക്കും മെച്ചപ്പെട്ട ചികില്‍സ നല്‍കുകയാണ് ലക്ഷ്യം. ഇവരുടെ ആരോഗ്യസ്ഥിതി അത്ര ഗുരുതരമല്ലെന്ന് കലക്ടര്‍ പി.ബി.നൂഹ് അറിയിച്ചു.
വിവാഹം അടക്കമുള്ള ചടങ്ങുകള്‍ രണ്ടാഴ്ചത്തേയക്ക് മാറ്റിവെയ്ക്കണം. അല്ലെങ്കില്‍ മതചടങ്ങ് മാത്രം നടത്തണം. അടിയന്തരസാഹചര്യം ഉണ്ടായാല്‍ നേരിടാന്‍ പത്തനംതിട്ട ജില്ലയിലെ അടച്ചിട്ട രണ്ടു ആശുപത്രികള്‍ തുറക്കാനുള്ള നടപടികള്‍ തുടങ്ങിയെന്നും കലക്ടര്‍ അറിയിച്ചു.
കോവിഡ് 19 നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് ആരോഗ്യമന്ത്രിയും അറിയിച്ചു. നടപടി പൊതുജനാരോഗ്യച്ചട്ടം പ്രകാരമാകും. പലരും രോഗം മറച്ചുവയ്ക്കുന്നുവെന്ന് മന്ത്രി കുറ്റപ്പെടുത്തി. അതേസമയം, രാജ്യത്ത് 42 പേരെ രോഗം ബാധിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു.
Leave a Reply