സ്വന്തം ലേഖകൻ
ലണ്ടൻ : കൊറോണ വൈറസ് വ്യാപനത്തെ തടയാനായി പല നിയന്ത്രണങ്ങളും വരുത്താൻ സർക്കാർ തയ്യാറെടുക്കുന്നു. അനിവാര്യമല്ലാത്ത എല്ലാ വിദേശ യാത്രകളും ബ്രിട്ടീഷ് പൗരന്മാർ ഒഴിവാക്കണമെന്ന് ഫോറിൻ ആൻഡ് കോമൺവെൽത്ത് ഓഫീസ് (എഫ്‌സിഒ) ആവശ്യപ്പെട്ടു. ഇതാദ്യമായാണ് എഫ്‌സിഒ ലോകത്തെവിടെയ്ക്കുമുള്ള യാത്ര ഒഴിവാക്കണമെന്ന് നിർദേശിക്കുന്നത്. മറ്റു രാജ്യങ്ങളിലുള്ള ബ്രിട്ടീഷ് പൗരന്മാർ ഉടൻ യുകെയിൽ തിരിച്ചെത്തണം എന്നുമില്ല. യാതൊരു മുന്നറിയിപ്പും ഇല്ലാതെ വിമാനങ്ങൾ റദ്ദാക്കപ്പെടുന്നു എന്ന കാര്യം ഏവരും ഓർക്കണമെന്ന് എഫ്‌സിഒ പറഞ്ഞു. തുടക്കത്തിൽ 30 ദിവസത്തേയ്ക്കാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നതെങ്കിലും ഇത് നീട്ടാൻ കഴിയുമെന്ന് വിദേശകാര്യ സെക്രട്ടറിയും പറഞ്ഞു. അതേസമയം യൂറോകപ്പ് 2020 മാറ്റിവയ്ക്കുകയും ചർച്ച് ഓഫ് ഇംഗ്ലണ്ട്, സർവീസുകളെല്ലാം താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തു.
വിദേശ രാജ്യങ്ങളിലെ യുകെ യാത്രക്കാർക്ക് ഇപ്പോൾ അവിടെ വ്യാപകമായ അന്താരാഷ്ട്ര അതിർത്തി നിയന്ത്രണങ്ങളും ലോക്ക്ഡൗണുകളും നേരിടേണ്ടതായി വരുമെന്ന് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് പറഞ്ഞു. ജനങ്ങൾ ഏവരും കനത്ത ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ പറഞ്ഞു. എല്ലാവരും കർശന മുൻകരുതലുകൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രോഗത്തിനെതിരെയുള്ള യുദ്ധത്തിൽ നമ്മുക്ക് ജയിച്ചേ മതിയാകൂ എന്ന് മന്ത്രിമാരുമായുള്ള മീറ്റിംഗിൽ ജോൺസൻ പറഞ്ഞു.
സ്കോട്ട്ലൻഡിൽ രണ്ടാമത്തെ മരണം സ്ഥിരീകരിച്ചതിനുശേഷം യുകെയിൽ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 71 ആയി. ആരോഗ്യവകുപ്പിന്റെ കണക്കുകൾ പ്രകാരം 1,950 ആളുകൾക്ക് യുകെയിൽ വൈറസ് ബാധിച്ചതായി കണ്ടെത്തി. ഈ സംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് അധികൃതർ പറയുന്നു. ഏവരും പബ്ബുകൾ, ക്ലബ്ബുകൾ, തിയേറ്ററുകൾ എന്നിവ ഒഴിവാക്കണം, വീട്ടിൽ നിന്നു തന്നെ ജോലി ചെയ്യണം, എല്ലാ ആശുപത്രി സന്ദർശനങ്ങളും ഒഴിവാക്കണം, രോഗലക്ഷണങ്ങൾ ഉള്ളവർ 14 ദിവസം സ്വയം ഒറ്റപ്പെടണം തുടങ്ങിയ നിർദേശങ്ങളാണ് സർക്കാർ നൽകുന്നത്. രോഗവ്യാപനത്തെ തുടർന്ന് രാജ്ഞി വ്യാഴാഴ്ച വിൻഡ്‌സർ കൊട്ടാരത്തിലേക്ക് നീങ്ങും. റോയൽ ആൽബർട്ട് ഹാൾ, തിയേറ്ററുകൾ, മ്യൂസിയങ്ങൾ എന്നിവയും അടച്ചിടും. മഹാമാരിയായി പടരുന്ന രോഗത്തെ എങ്ങനെയും പിടിച്ചുനിർത്താനുള്ള കഠിനപരിശ്രമത്തിലാണ് രാജ്യം.
Leave a Reply