കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ ചികിത്സയില്‍ കഴിയുന്ന ഇന്ത്യന്‍ യുവതിക്ക് ഇതുവരേ ചെലവായത് ഒരു കോടി രൂപ. ചൈനയിലെ പ്രൈമറി ആര്‍ട്ട് സ്‌കൂളിലെ അധ്യാപികയായ മഹേശ്വരിയുടെ തുടര്‍ ചികിത്സക്ക് പണമില്ലാത്തതിനാല്‍ ബന്ധു കേന്ദ്രസര്‍ക്കാരിന്റെ സഹായം തേടി. ചികിത്സയ്ക്കായി ഇതുവരെ ചെലവായത് ഒരു കോടി രൂപയാണെന്ന്് സഹോദരന്‍ മനീഷ് താപ്പ പറഞ്ഞു. ചികിത്സയ്ക്ക് ഇനിയും തുക ആവശ്യമായതിനാലാണ് ഇദ്ദേഹം ബീജിങിലെ ഇന്ത്യന്‍ എംബസിയെ സമീപിച്ചത്. ചികിത്സാചെലവിനായി ധനശേഖരണത്തിന് ഇന്ത്യയിലെ ഹെല്‍ത്ത് കെയര്‍ ക്രൗഡ് ഫണ്ടിംഗ് ഏജന്‍സിയെയും സമീപിച്ചിട്ടുണ്ട്.

ഷെന്‍സനിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് മഹേശ്വരി ഇപ്പോഴുള്ളത്. ജനുവരി പതിനൊന്നിനാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ ചികിത്സയ്ക്ക് എങ്ങനെ പണം കണ്ടെത്തുമെന്ന ആശങ്കയുണ്ടെന്നും സഹോദരന്‍ പറഞ്ഞു. അതീവ ഗുരുതരാവസ്ഥയിലാണ് പ്രീതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇപ്പോള്‍ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. പക്ഷെ ചികിത്സാ ചെലവുകള്‍ കുടുംബത്തിന് താങ്ങാനാവുന്നതിലുമപ്പുറമാണെന്ന് സഹോദരന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 41 ആയി.