ന്യൂസ് ഡെസ്ക് , മലയാളം യുകെ

കൊറോണ വൈറസ് പടരുന്നതിനെതുടർന്ന് ബ്രിട്ടനിലുള്ള ക്യാൻസർ കെയറുകൾ താത്കാലികമായി നിർത്താൻ ഡോക്ടർമാർ നിർബന്ധിതരാകുന്നു . ചികിത്സ അത്യാവശ്യമായി വേണ്ടവർക്ക് പോലും ഇപ്പോൾ കീമോതെറാപ്പികൾ ചെയ്യുന്നില്ല . കൊറോണാ വൈറസ് ബാധയെ തുടർന്ന് പല രോഗികൾക്കും കാര്യമായ പരിചരണം നൽകാൻ സാധിക്കാത്തതിനാൽ ക്യാൻസർ ചികിത്സാ ദുഷ്കരമായിരിയ്ക്കുകയാണെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകി . കോവിഡ് – 19 ൻെറ പശ്ചാത്തലത്തിൽ അത്യാവശ്യമില്ലാത്ത ശസ്ത്രക്രിയകൾ താത്കാലികമായി നിർത്തിവയ്ക്കണമെന്നും ക്യാൻസർ രോഗികൾക്കു വേണ്ട തുടർചികിത്സകൾക്ക് പ്രാദേശിക ഹോസ്പിറ്റലുകളെ ആശ്രയിക്കണമെന്നും എൻഎച്ച്എസ് നിർദ്ദേശം നൽകിയിരുന്നു. പക്ഷെ ക്യാൻസർ പോലെ അടിയന്തിര ശ്രദ്ധ പതിപ്പിക്കേണ്ട രോഗബാധിതരെ കുറിച്ച് എൻഎച്ച്എസ് നടത്തിയ നിർദ്ദേശം അപ്രായോഗികവും വിവേകശൂന്യവുമാണെങ്കിലും നടപ്പിലാക്കാൻ നിർബന്ധിതരായിരിയ്ക്കുകയാണെന്ന് റുഥർഫോർഡ് ഹെൽത്തില്ലെ ചീഫ് മെഡിക്കൽ ഓഫീസറായ പ്രൊഫസ്സർ. കരോൾ സികോറ പറഞ്ഞു. കീമോതെറാപ്പികൾ അത്യാവശ്യമായി വേണ്ട ആളുകൾക്കുപോലും ഇത് നൽകുന്നില്ല.

ലോകത്തിലെല്ലായിടത്തും ഉള്ള ആരോഗ്യമേഖലയുടെ പ്രവർത്തനങ്ങൾ കോവിഡ് -19നെ പ്രതിരോധിക്കുന്നതിലേക്ക് ശ്രദ്ധ ഊന്നിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ മറ്റുള്ള ഗുരുതര രോഗാവസ്ഥയിൽ ഇരിക്കുന്നവർക്ക് അടിയന്തര വൈദ്യസഹായം കിട്ടുന്നത് പലപ്പോഴും തടസ്സപ്പെടുന്നു.  അതോടൊപ്പം തന്നെ ലോക് ഡൗണിന്റെ ഭാഗമായി ഇന്ത്യയും യുകെയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ പൊതുഗതാഗതവും സ്വകാര്യവാഹന ഗതാഗതവും നിരോധിച്ചിരിക്കുകയാണ്. അതിനാൽ തന്നെ പല അടിയന്തര ശുശ്രൂഷ വേണ്ട രോഗികളെ ആശുപത്രിയിൽ എത്തിക്കുവാൻ സാധിക്കുന്നില്ല. ആരോഗ്യസ്ഥിതി മോശമായിട്ടുള്ള ഹൃദ്രോഗികളും പ്രമേഹരോഗികളും ഉൾപ്പെടെയുള്ളവർ ആശുപത്രിയിൽ എത്തിച്ചേരുന്നത് അവരിലേക്ക് കോവിഡ് – 19 പകരാൻ സാധ്യതയുണ്ട്. കൊറോണ വൈറസ് ബാധിച്ചവർക്കുമാത്രമല്ലാ മറ്റുള്ള രോഗാവസ്ഥയിലുള്ളവർക്കും കോവിഡ്-19 അഴിയാ കുരുക്കായി മാറിയിരിക്കുന്നു.