സ്വന്തം ലേഖകൻ
ബ്രിട്ടൻ :- യുകെ യിൽ കൊറോണ ബാധമൂലം ചികിത്സയിലായിരുന്ന ഒമ്പത് പേരിൽ, എട്ടു പേരെയും ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. നാഷണൽ ഹെൽത്ത് സർവീസ്, ശനിയാഴ്ച പുറത്തിറക്കിയ വാർത്താകുറിപ്പിൽ എല്ലാവരെയും രണ്ടു തവണ രോഗ പരിശോധനയ്ക്ക് വിധേയമാക്കി, രോഗം ഇല്ല എന്ന് സ്ഥിരീകരിച്ച ശേഷം ആണ് ഡിസ്ചാർജ് ചെയ്തത് എന്ന് വ്യക്തമാക്കുന്നു. അതോടൊപ്പം തന്നെ വൈറലിലെ ആറോ പാർക്ക് ആശുപത്രിയിൽ ഐസൊലേഷനിലായിലിരുന്ന 94 ആളുകളും ആശുപത്രിവിട്ടു. രോഗത്തിന്റെ ഉത്ഭവ കേന്ദ്രമായ ചൈനയിലെ വുഹാനിൽ നിന്നും ബ്രിട്ടനിലേക്ക് ആദ്യമെത്തിയ ആളുകളിലാണ് രോഗം കണ്ടെത്തിയിരുന്നത്. ഇപ്പോഴും ചൈനയിൽ നിന്നെത്തിയ നൂറോളം ആളുകൾ ഐസൊലേഷനിലാണ്.
ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക് നടത്തിയ വാർത്താസമ്മേളനത്തിൽ, ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത എല്ലാവരും പൂർണ്ണ ആരോഗ്യം ഉള്ളവരാണെന്നും, എല്ലാവരെയും പരിശോധനകൾക്കു ശേഷമാണ് ഡിസ്ചാർജ് ചെയ്തതെന്നും പറഞ്ഞു. എന്നാൽ രോഗം പടരാതിരിക്കാൻ ആളുകൾ കുറച്ചു ദിവസങ്ങൾ വീടുകളിൽ തന്നെ കഴിയുകയാണ് നല്ലതെന്ന് എൻഎച്ച് സ്ട്രാറ്റജിക് ഇൻസിഡന്റ് ഡയറക്ടർ പ്രൊഫസർ കെയ്ത് വില്ലേറ്റ് പറഞ്ഞു.
ചൈനയ്ക്ക് പുറത്ത് ഏകദേശം 24 രാജ്യങ്ങളിലായി അഞ്ഞൂറോളം പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ചൈനയിൽ ഏകദേശം 2641 പേർക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ചൈനയിൽ രോഗബാധിതരുടെ എണ്ണം 66492 ആയി. ചൈനയ്ക്ക് പുറത്ത് കൊറോണ ബാധമൂലം മൂന്ന് മരണങ്ങൾ ആണ്സ്ഥിരീകരിച്ചിട്ടുള്ളത് – ഹോങ്കോങ്ങിലും, ഫിലിപ്പീൻസിലും, ജപ്പാനിലും ആണ് ഇവ. ജനങ്ങൾ എല്ലാംതന്നെ ജാഗ്രത പാലിക്കണമെന്ന നിർദേശം ആരോഗ്യവകുപ്പ് അധികൃതരുടെ ഭാഗത്തുനിന്ന് നൽകിയിട്ടുണ്ട്.
Leave a Reply