അമ്മു തോമസ്, മലയാളം യുകെ ന്യൂസ് ടീം
ആരോഗ്യമന്ത്രിയും കൺസർവേറ്റീവ് പാർട്ടിയുടെ എംപിയുമായ നെയിഡിൻ ടോറിസിനും കോവിഡ് – 19 സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് – 19 സ്ഥിരീകരിച്ച ആദ്യ എംപി ആണ് ഇവർ. ഈ വിവരം അറിഞ്ഞ ഉടനെ സ്വയം മറ്റുള്ളവരുമായുള്ള സംസർഗ്ഗം ഇവർ ഒഴിവാക്കി.
നിലവിലുള്ള 382 കേസുകളിൽ 6 പേരാണ് ഇപ്പോൾ കൊറോണ ബാധിതരായി മരണപ്പെട്ടത്. 80 കാരനായ ഒരു വയോധികൻ ആണ് ഏറ്റവുമൊടുവിൽ മരണപ്പെട്ടിരിക്കുന്നത്. അതേസമയം രോഗ ബാധിതരുടെ എണ്ണത്തിലുള്ള വർദ്ധനവ് കാരണം ആളുകളിലെ അണുബാധ കണ്ടുപിടിക്കുന്നതിനുള്ള പരിശോധനകൾ എൻഎച്ച്എസ് വർധിപ്പിച്ചു. അതായത് ഈ രീതിയിൽ ഏകദേശം പതിനായിരം ടെസ്റ്റുകൾ ഒരു ദിവസം നടത്താനും ഫലം ആളുകൾക്ക് 24 മണിക്കൂറിനുള്ളിൽ നൽകാനുമുള്ള ശ്രമങ്ങളാണ് എൻഎച്ച്എസ് നടപ്പിലാക്കുന്നത് . പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് ഇതിനോടകം യുകെയിൽ ഉടനീളം 25,000 ത്തിലധികം വൈറസ് പരിശോധനകൾ നടത്തിയിട്ടുണ്ട്.
കർശനമായ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനു ശേഷം ചൈനയ്ക്ക് പുറത്ത് ഏറ്റവും ആധിക്യത്തിൽ കൊറോണ ബാധിച്ച ഇറ്റലിയിലേയ്ക്കുള്ള ആവശ്യയാത്ര ഒഴികെ മറ്റെല്ലാ യാത്രകളും യുകെ വിദേശകാര്യ ഓഫീസ് വിലക്കിയിരുന്നു . ഇതിനോടനുബന്ധിച്ച് ഏപ്രിൽ 4 വരെ ബ്രിട്ടീഷ് എയർവെയ്സ് ഇറ്റലിയിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി.
യുകെ എംപി ആയ മിസ്സ് നെയിഡിൻ ടോറിസ് താനുമായി ബന്ധപ്പെട്ട ആളുകളെ കണ്ടെത്താൻ പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് ആരംഭിച്ചിട്ടുണ്ടെന്നു അറിയിച്ചു. വെസ്റ്റ് മിനിസ്റ്റർലും അവരുടെ നിയോജക മണ്ഡലത്തിലും എത്ര യോഗങ്ങളിൽ പങ്കെടുത്തിട്ടുണ്ട് എന്ന് അറിയില്ല. അതേസമയം വ്യാഴാഴ്ചയാണ് ആദ്യമായി രോഗലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയതെന്നും അതേ ദിവസം പ്രധാനമന്ത്രി ആതിഥേയത്വം വഹിച്ച ഡൗണിങ് സ്ട്രീറ്റ് പരിപാടിയിൽ പങ്കെടുത്തിരുന്നു എന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
Leave a Reply