ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിൽ ഉള്ള കൊറോണ വൈറസ് ബാധിതരുടെ എണ്ണം തുടർച്ചയായി കുറയുന്നതായി ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിൻെറ പുതിയ കണക്കുകൾ പറയുന്നു. കഴിഞ്ഞ ആഴ്ചയിൽ ഏകദേശം 3.76 ദശലക്ഷം ആളുകൾക്കാണ് രാജ്യത്ത് കോവിഡ് ബാധിച്ചത് ഇത് അതിന് മുന്നിലത്തെ ആഴ്ചയുടെ കണക്കുകളേക്കാൾ 15 ശതമാനം കുറവാണ്. പകർച്ചവ്യാധി ആരംഭിച്ചതിനു ശേഷം ഇംഗ്ലണ്ടിലെ 70% ആളുകളും കോവിഡ് ബാധിതരായിരുന്നു. കഴിഞ്ഞ ആഴ്ചയിലെ കണക്കുകളുടെ അടിസ്ഥാനത്തിൽ രാജ്യത്തുള്ള അണുബാധയുടെ നിരക്ക് കുറഞ്ഞതായും എന്നാൽ വൈറസിൻെറ അളവ് നിൽക്കുന്നതായും ഒഎൻഎസ് ഉദ്യോഗസ്ഥർ അറിയിച്ചു. ആളുകളിലെ രോഗലക്ഷണങ്ങളോ വൈറസോ ഉണ്ട് എന്ന് കണ്ടെത്തിയാണ് ഒഎൻഎസ് തങ്ങളുടെ ഡേറ്റാ സമാഹരിക്കുന്നത്.

ഇംഗ്ലണ്ട്, നോർത്തേൺ അയർലൻഡ്, സ്കോട്ട്‌ലൻഡ്, വെയിൽസ് എന്നിവിടങ്ങളിലെ അണുബാധ നിരക്ക് തുടർച്ചയായി കുറയുന്നത് ശുഭസൂചനയാണെന്നും ഈ വാർത്തയെ സ്വാഗതം ചെയ്യുന്നതെന്നും കോവിഡ്-19 അണുബാധ സർവ്വേയുടെ ഡെപ്യൂട്ടി ഡയറക്ടർ ഡങ്കൻ കുക്ക് പറഞ്ഞു. ഇംഗ്ലണ്ടിൽ ഉടനീളമുള്ള എല്ലാ പ്രായക്കാരിലും അണുബാധയുടെ നിരക്ക് കുറഞ്ഞു എന്നത് പ്രോത്സാഹജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അണുബാധ നിരക്ക് കുറയുന്നുണ്ടെങ്കിലും ഈ സ്ഥിതി മുന്നോട്ടു പോകേണ്ടതിന് ആളുകൾ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി.