സ്വന്തം ലേഖകൻ

ലണ്ടൻ : യുകെയിൽ കൊറോണ വൈറസ് വ്യാപനത്തെ തടയാൻ കനത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി പ്രധാനമന്ത്രി ബോറിസ് ജോൺസൻ. രാജ്യത്ത് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 335 ആയി ഉയർന്നു. ഇന്നലെ മാത്രം 967 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 6650 ആയി. ഈയൊരു സാഹചര്യത്തിൽ സർക്കാർ നൽകുന്ന മുൻകരുതലുകൾ ജനങ്ങൾ പാലിക്കേണ്ടിയിരിക്കുന്നു. രോഗവ്യാപനത്തെ തടയാൻ വിപുലമായ നടപടികൾ ബോറിസ് ജോൺസൻ പ്രഖ്യാപിച്ചു. ഏറ്റവും പ്രധാനമായി ആളുകളോട് വീട്ടിൽ തന്നെ തുടരാൻ അദ്ദേഹം ആവശ്യപ്പെട്ടു. വളരെ അത്യാവശ്യമായിട്ടുള്ള സാഹചര്യങ്ങളിൽ മാത്രമേ വീട് വിട്ടു പുറത്തുപോകാവൂ . അതോടൊപ്പം സാമൂഹിക അകലം പാലിക്കാനും ജനങ്ങളോട് ആവശ്യപ്പെട്ടു. ഏവരും പരമാവധി 2 മീറ്റർ വരെ അകലം പാലിക്കണം.

ഭക്ഷണം, മരുന്ന് തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾക്ക് പുറത്തുപോകാം. എന്നാൽ സാമൂഹിക അകലം പാലിക്കുന്നതിൽ ശ്രദ്ധിക്കണം. ഒപ്പം നടത്തം, സൈക്ലിംഗ് പോലെയുള്ള വ്യായാമങ്ങൾ ഒറ്റയ്ക്കോ കുടുംബത്തിനൊപ്പോ ചെയ്യണം. രോഗിയെ സഹായിക്കാൻ വൈദ്യസഹായം ലഭ്യമാക്കും. അതുപോലെ വീട്ടിൽ ഇരുന്ന് ജോലി ചെയ്യാൻ ആളുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇതിന് കഴിയാതെ വരുന്നവർക്ക് അത്യാവശ്യമെങ്കിൽ മാത്രം ജോലിക്ക് പോകാം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സ്കൂളുകൾ അനിശ്ചിതകാലത്തേക്ക് അടച്ചിട്ടിരിക്കുകയാണെങ്കിലും എൻ എച്ച് എസ് ജീവനക്കാർ, പോലീസ് തുടങ്ങി പട്ടികയിൽ പറഞ്ഞിട്ടുള്ളവരുടെ മക്കൾക്ക് സ്കൂളുകളിൽ പോകാം. വീട്ടിൽ ഒരുമിച്ചു കഴിയുന്നവർ അല്ലാതെ ആരെയും സന്ദർശിക്കാൻ ഇപ്പോൾ അനുവാദമില്ല. സുഹൃത്തുക്കളോട് അടുത്തിടപഴുകുന്നത് അവസാനിപ്പിക്കണം. ആവശ്യസാധനങ്ങൾ ഒഴികെയുള്ള എല്ലാ കടകളും ഇനി അടച്ചിടും. വസ്ത്രങ്ങൾ, ഇലക്ട്രോണിക്സ്, ബ്യുട്ടി പാർലർ, ലൈബ്രറികൾ, ജിമ്മുകൾ, കമ്മ്യൂണിറ്റി സെന്ററുകൾ, യുവജന കേന്ദ്രങ്ങൾ, ആരാധനാലയങ്ങൾ, ആർക്കേഡുകൾ, ഹോട്ടലുകൾ ഹോസ്റ്റലുകൾ, ക്യാമ്പിങ് ഇടങ്ങൾ തുടങ്ങിയവ യുകെയിൽ ഇനി അടഞ്ഞുകിടക്കും. രണ്ടിലധികം ആളുകളുടെ പൊതുസമ്മേളനങ്ങളും നിരോധിച്ചിരിക്കുന്നു. ജോലിസ്ഥലത്തെ എല്ലാ മീറ്റിംഗുകളും മറ്റ് ഒത്തുചേരലുകളും കുറയ്ക്കാൻ തൊഴിലാളികൾ ശ്രമിക്കണമെന്ന് മാർഗ്ഗനിർദ്ദേശത്തിൽ പറയുന്നു. വിവാഹം , മാമോദീസ , മറ്റ് ചടങ്ങുകൾ ഉൾപ്പെടെ എല്ലാ സാമൂഹിക പരിപാടികളും നിരോധിച്ചിരിക്കുന്നു. എന്നാൽ ശവസംസ്കാര ചടങ്ങുകൾക്ക് കുടുംബത്തിലെ അംഗങ്ങൾക്ക് മാത്രം പങ്കെടുക്കാൻ കഴിയും.

ഒത്തുചേരലുകൾ തടയാൻ പോലീസിന് അധികാരമുണ്ടായിരിക്കും. അതേസമയം നിയമങ്ങൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയ ആർക്കെതിരെയും പിഴ ചുമത്താം. നിയന്ത്രണങ്ങൾ നിരന്തരമായ അവലോകനത്തിലായിരിക്കുമെന്നും കുറഞ്ഞത് മൂന്ന് ആഴ്ച വരെ നീണ്ടുനിൽക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ആഗോളതലത്തിൽ ഇതുവരെ 16,515 മരണം റിപ്പോർട്ട്‌ ചെയ്തു. കൊറോണ വൈറസ് കേസുകൾ 380,000ലേക്ക് എത്തി.