സ്വന്തം ലേഖകൻ
ബ്രിട്ടൻ :- കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ ബ്രിട്ടണിൽ കൂടുതൽ സുരക്ഷാ മുൻകരുതലുകൾ വേണമെന്ന ആവശ്യം ഉയർന്നു വന്നിരിക്കുകയാണ്. സ്കൂളുകൾ ഇനിയും തുറന്നു പ്രവർത്തിക്കുന്നത് അപകടമാണെന്ന് പ്രധാന അധ്യാപകർ മുന്നറിയിപ്പുനൽകി. സ്കൂളുകൾ തുറന്നു പ്രവർത്തിക്കുന്നത് കൂടുതൽ രോഗവ്യാപനത്തിന് ഇടയാകുമെന്നും അവർ പറഞ്ഞു. ഗവൺമെന്റിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് കഴിഞ്ഞദിവസം സ്കൂളുകൾ തുറന്നു പ്രവർത്തിക്കണമെന്ന നിർദ്ദേശം നൽകിയിരുന്നു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ബോറിസ് ജോൺസൺ നടത്തിയ വാർത്താസമ്മേളനത്തിൽ, സ്കൂളുകൾ അടയ്ക്കുന്നതിനെ പറ്റി ഇനിയും തീരുമാനമായിട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നു. സ്കൂളുകൾ തുറന്നു പ്രവർത്തിക്കുന്നത് സംബന്ധിച്ച ആശങ്കകൾ അധ്യാപകർ തന്നോട് പങ്കുവെച്ചതായി അസോസിയേഷൻ ഓഫ് സ്കൂൾ ആൻഡ് കോളേജ് ലീഡേഴ്സ് (എ എസ് സി എൽ ) ജനറൽ സെക്രട്ടറി ജെഫ് ബാർറ്റൺ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
നിലവിൽ പതിനേഴോളം അധ്യാപകർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സ്കൂളുകൾ തുറന്നു പ്രവർത്തിക്കുന്നത് ഈ എണ്ണം കൂടുന്നതിന് ഇടയാകും. അധ്യാപക സംഘടനയായ നാഷണൽ ടീച്ചിങ് യൂണിയനും സ്കൂളുകൾ അടയ്ക്കണം എന്ന ആവശ്യം ഉയർത്തിയിട്ടുണ്ട്. സ്കൂളുകൾ തുറന്നു പ്രവർത്തിക്കുന്നത് മൂലം മാതാപിതാക്കളുടെ ഇടയിലും ഒട്ടേറെ ആശങ്കകളാണ് നിലനിൽക്കുന്നത്.
എന്നാൽ ഗവൺമെന്റ് ഇത് സംബന്ധിച്ച് ഇതുവരെയും ഒരു തീരുമാനം എടുത്തിട്ടില്ല. കുട്ടികളെ വീട്ടിലേക്ക് പറഞ്ഞുവിടുന്നത് കൂടുതൽ അപകടങ്ങൾ ഉണ്ടാക്കും എന്ന നിഗമനത്തിലാണ് ഗവൺമെന്റ്. നിലവിൽ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ സ്കൂളുകൾ എല്ലാം തന്നെ അടയ്ക്കണം എന്ന ആവശ്യം ശക്തമായി ഉയർന്നിട്ടുണ്ട്. നിലവിൽ കൊറോണ ബാധമൂലം 71 പേരാണ് ബ്രിട്ടണിൽ മരിച്ചത്.
Leave a Reply