സ്വന്തം ലേഖകൻ

ലണ്ടൻ : ദിനങ്ങൾ കഴിയുന്തോറും കൊറോണ വൈറസ് ബാധിച്ച് മരണപ്പെടുന്നവരുടെ എണ്ണവും ബ്രിട്ടനിൽ ഏറുന്നു. ഇന്നലെ മാത്രം 14 പേർ മരിച്ചതോടെ ആകെ മരണസംഖ്യ 35 ആയി. രോഗബാധിതരുടെ എണ്ണം 1372 ആയി ഉയർന്നു. രോഗത്തിന്റെ വ്യാപനം ഏറിയതോടെ എല്ലാ മേഖലകളിലും കടുത്ത നിയന്ത്രണം വരുത്താൻ ബ്രിട്ടൻ തയ്യാറാകുന്നു. 70 വയസ്സിന് മുകളിൽ ഉള്ളവരോട് വീട്ടിൽ തന്നെ കഴിയാൻ സർക്കാർ ആവശ്യപ്പെട്ടു. പ്രായമായവരോട് സാമൂഹിക സമ്പർക്കം കുറയ്ക്കാൻ ആവശ്യപ്പെടുമെന്ന് സ്കോട്ടിഷ് സർക്കാർ പറഞ്ഞു. അഞ്ഞൂറോ അതിൽ കൂടുതലോ ആളുകളുടെ ഒത്തുചേരലുകൾ സ്കോട്ട്ലൻഡിൽ ഉണ്ടാവരുതെന്ന നിർദ്ദേശവും സ്കോട്ടിഷ് സർക്കാർ പുറപ്പെടുവിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇതുവരെ യുകെയിൽ മരണപ്പെട്ടവർ 60 വയസ്സിനു മുകളിലുള്ളവരിലോ ആരോഗ്യസംബന്ധമായ അസ്വസ്ഥതകൾ നേരത്തെ ഉണ്ടായിരുന്നവരോ ആണ്. രോഗലക്ഷണങ്ങളില്ലാത്ത ആളുകൾക്ക് ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശിക്കാൻ കഴിയുമെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ‌കോക്ക് പറഞ്ഞു. കൊറോണ വൈറസ് രോഗം ചികിത്സിക്കുന്ന ആശുപത്രികളിൽ വെന്റിലേറ്ററുകൾ നിർമ്മിക്കുന്നതിനായി കാർ നിർമ്മാതാക്കൾ, ആയുധ നിർമ്മാതാക്കൾ തുടങ്ങിയവരോട് ആവശ്യപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ വേണ്ടിവന്നാൽ ഹോട്ടലുകൾ ആശുപത്രികൾ ആക്കി മാറ്റാനും പദ്ധതിയുണ്ട്. പല കമ്പനികളും വെന്റിലേറ്റർ നിർമാണത്തിൽ ആവശ്യമായ സഹായം നൽകാമെന്ന് അറിയിച്ചിട്ടുണ്ട്. ഇപ്പോൾ 5,000 വെന്റിലേറ്ററുകൾ ലഭ്യമാണെന്നും എന്നാൽ അതിന്റെ ഇരട്ടി ആവശ്യമാണെന്നും ഹാൻ‌കോക്ക് പറഞ്ഞു. ഇതോടെ കൊറോണയ്ക്കെതിരെ ഒരു യുദ്ധത്തിനാണ് ബ്രിട്ടൻ ഒരുങ്ങുന്നതെന്ന് വ്യക്തമായിക്കഴിഞ്ഞു.

സാമൂഹിക ജീവിതത്തിന്റെ സമസ്ത മേഖലകളിലും പ്രതിസന്ധി സൃഷ്ടിക്കുന്ന കൊറോണ വൈറസ് ബാധ വൻ സാമ്പത്തിക മാന്ദ്യമാണ് രാജ്യത്തിനുണ്ടാക്കുന്നത്. ആവശ്യ വസ്തുക്കൾ തീർന്നുപോകുമെന്ന ഭീതിയിൽ ആളുകൾ സാധങ്ങൾ വാങ്ങികൂട്ടുന്നതിനെതിരെ കച്ചവടക്കാർ രംഗത്തെത്തി. സാധനങ്ങൾ അമിതമായി സ്റ്റോക്ക് ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് സൂപ്പർമാർക്കറ്റുകൾ നിർദേശിച്ചു. “നിങ്ങൾ വാങ്ങുന്നതിനുമുമ്പ് ദയവായി ചിന്തിക്കുക, നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ആവശ്യമുള്ളത് മാത്രം വാങ്ങുക.” ഉപഭോക്താക്കളോട് അവർ ആവശ്യപ്പെട്ടു. ആഗോളതലത്തിൽ 6000ത്തിലേറെ മരണങ്ങൾ ഇതിനകം ഉണ്ടായിട്ടുണ്ട്. 156ഓളം രാജ്യങ്ങളിലാണ് രോഗം പടർന്നുപിടിച്ചിരിക്കുന്നത്.