സ്വന്തം ലേഖകൻ

ലണ്ടൻ : ബ്രിട്ടന്റെ തെരുവുകളിൽ മരണം മണക്കുന്നു. യുകെയിൽ രോഗവ്യാപനം ദ്രുതഗതിയിലായതോടെ മരണനിരക്കും വർദ്ധിച്ചുവരുന്നു. ഇന്നലെ ഒറ്റദിവസം മരിച്ചത് 563 പേരാണ്. യുകെയിൽ ഒരു ദിവസം റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയർന്ന മരണനിരക്കാണിത്. ഇതോടെ ആകെ മരണം 2,352 ആയി. മരണം വർദ്ധിച്ചതോടൊപ്പം രോഗബാധിതരുടെ എണ്ണവും കുത്തനെ കൂടി. ഇന്നലെ 4,324 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 29,474 ആയി ഉയർന്നു. ലോകത്ത് കോവിഡ് 19 രോഗബാധിതരുടെ എണ്ണം പത്തുലക്ഷം കടക്കുന്നു എന്ന വാർത്ത ഞെട്ടിപ്പിക്കുന്നതാണ്. എല്ലാ ലോകരാജ്യങ്ങളെയും രോഗം തകർത്തുകളയുന്ന അവസ്ഥയാണ് ഉടലെടുക്കുന്നത്. ബ്രിട്ടനിലെ കൗമാരക്കാരുടെ മരണം, രോഗത്തിന്റെ ഭീകരമുഖം വെളിവാക്കുന്നു. ബ്രിക്‌സ്റ്റണിൽ നിന്നുള്ള സ്‌കൂൾ വിദ്യാർത്ഥിയായ ഇസ്മായിൽ മുഹമ്മദ് അബ്ദുൽ വഹാബ് (13), മധ്യ ഇറ്റലിയിലെ നെറെറ്റോയിൽ നിന്നുള്ള അസിസ്റ്റന്റ് ഷെഫായ ലൂക്കാ ഡി നിക്കോള (19) എന്നിവരാണ് രോഗം ബാധിച്ച് മരണപ്പെട്ടത്.

യുകെയിൽ മരണങ്ങൾ 2,000 കവിഞ്ഞതിനാൽ കൂടുതൽ വൈറസ് പരിശോധന ആവശ്യമാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ പറഞ്ഞു. കൊറോണ വൈറസ് പരിശോധന വേഗത്തിലാക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. രോഗവ്യാനത്തെത്തുടർന്ന് ഇന്റർനാഷണൽ ക്ലൈമറ്റ്‌ മീറ്റിംഗ് ആയ COP26 മാറ്റിവെച്ചു. യുകെയിൽ ഇന്നലെ ദുഖകരമായ ദിനം ആയിരുന്നെന്ന് ജോൺസൻ പറഞ്ഞു. ലാബുകളുടെയും ടെസ്റ്റിംഗ് സൈറ്റുകളുടെയും അധിക ശൃംഖല ഉപയോഗിച്ച് പരിശോധന വർദ്ധിപ്പിക്കുന്നതിന് എൻഎച്ച്എസ് ഇംഗ്ലണ്ട്, പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട്, മറ്റ് സംഘടനകൾ എന്നിവയുമായി ചേർന്ന് സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രിയുടെ വക്താവ് പറഞ്ഞു. അതേസമയം ഇറ്റലിയുടെ സ്ഥിതിയിലേക്കാണ് യുകെ സഞ്ചരിക്കുന്നതെന്ന് സ്കൈയുടെ ഇക്കണോമിക്സ് എഡിറ്റർ മുന്നറിയിപ്പ് നൽകി. ബ്രിട്ടനിലെ ജനങ്ങൾക്ക് ഇപ്പോഴും രോഗത്തിന്റെ തീവ്രത മനസ്സിലായിട്ടില്ല. അതിന്റെ ഭീകരമുഖം കാണാൻ അവർ തയ്യാറാകുന്നില്ല. യുകെയിൽ എത്ര മോശം കാര്യങ്ങൾ ഉണ്ടെങ്കിലും അവ കൂടുതൽ വഷളാകില്ലെന്ന് ജനങ്ങൾ കരുതിയിരിക്കാം. എന്നാൽ കാര്യങ്ങൾ ഇപ്പോഴത്തേതുപോലെ തുടരുകയാണെങ്കിൽ, അടുത്ത ആഴ്ചയോടെ യുകെയിൽ 10,000 കോവിഡ് -19 മരണങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വൈറസ് ബാധിച്ച ഒരു വ്യക്തി മൂന്ന് പേരുമായി സമ്പർക്കം പുലർത്തുകയും ആ മൂന്ന് ആളുകൾ ഓരോ ദിവസവും മറ്റ് മൂന്ന് പേരുമായി ബന്ധപ്പെടുകയും ചെയ്യുന്നുവെങ്കിൽ അതിനർത്ഥം 13-ാം ദിവസത്തോടെ ആദ്യ വ്യക്തി പരോക്ഷമായി ഒരു ദശലക്ഷത്തിലധികം ആളുകൾക്ക് രോഗം പകർന്നു എന്നതാണ്. അതിനാൽ രോഗം എത്ര വേഗത്തിൽ പടരുന്നുവെന്ന് മനസ്സിലാക്കാൻ ആ വളർച്ചാ നിരക്കിനെക്കുറിച്ച് ചിന്തിക്കുക. രോഗവ്യാപനം ദിനംപ്രതി വർധിക്കുകയാണ്. ജനങ്ങൾ ഇനിയെങ്കിലും അതീവജാഗ്രത പുലർത്തിയില്ലെങ്കിൽ കനത്ത നാശത്തിലേക്കാവും ബ്രിട്ടൻ കൂപ്പുകുത്തുക.

ആഗോളതലത്തിൽ മരണസംഖ്യ 47,000 കടന്നു. അമേരിക്കയിൽ രോഗബാധിതരുടെ എണ്ണം രണ്ടുലക്ഷം കടന്നു. മരണസംഖ്യ 5,000 ആയി ഉയർന്നു. ഇറ്റലിയിൽ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നപ്പോൾ മരണസംഖ്യ 13,000ത്തിലേക്ക് ഉയർന്നു. സ്പെയിനിൽ മരണസംഖ്യ 10,000 ആയി ഉയരുന്നു. ഒപ്പം രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു. ജർമനിയിലും ഫ്രാൻസിലും രോഗബാധിതർ അരലക്ഷത്തിൽ ഏറെപേരാണ്. ജർമനിയിൽ മരണം കൂടുന്നില്ലെങ്കിലും ഫ്രാൻസിൽ 4,000ത്തിൽ അധികം മരണങ്ങൾ ഉണ്ടായിക്കഴിഞ്ഞു. ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം 2,000 ആയി ഉയർന്നു. ഒപ്പം 58 മരണങ്ങളും ഇതിനകം ഉണ്ടായിക്കഴിഞ്ഞു.