സ്വന്തം ലേഖകൻ
ലണ്ടൻ : ബ്രിട്ടനിൽ കോവിഡ് 19 ബാധിച്ച് 21 മരണങ്ങൾ. ഒറ്റ ദിനം കൊണ്ട് 10 മരണങ്ങളാണ് ഉണ്ടായിരിക്കുന്നത്. അതോടൊപ്പം 1,140 പേർക്ക് രോഗം സ്ഥിരീകരിച്ചുകഴിഞ്ഞു. ഇതിൽ ഒരു ദിവസം കൊണ്ട് 342 കേസുകളുടെ വർധനവ്. 167 കേസുകളാണ് ലണ്ടനിൽ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 37,746 പേരെ ഇതുവരെ പരിശോധനയ്ക്ക് വിധേയരാക്കി. യുകെയിൽ നടന്ന ഏറ്റവും പുതിയ മരണങ്ങളിൽ എട്ട് പേർ 80 വയസ്സിനു മുകളിലുള്ള പുരുഷന്മാരാണ്. ഇവർ ബക്കിംഗ്ഹാംഷെയർ, ബർമിംഗ്ഹാം, വോൾവർഹാംപ്ടൺ, ലീസസ്റ്റർ, ലണ്ടൻ, ചെസ്റ്റർ എന്നിവിടങ്ങളിലെ ആശുപത്രികളിൽ ചികിത്സയിലായിരുന്നു. മരണസംഖ്യ കുത്തനെ കൂടുന്നത് കാരണം ബ്രിട്ടൻ വലിയ ജാഗ്രതയിലാണ് ഓരോ ദിനവും തള്ളിനീക്കുന്നത്. യുകെ സർക്കാരിൻെറ മുഖ്യ മെഡിക്കൽ ഉപദേഷ്ടാവ് പ്രൊഫ. വിറ്റി പറഞ്ഞു: “കോവിഡ് -19 മായി ബന്ധപ്പെട്ട മരണങ്ങളുടെ വർദ്ധനവ് പലരുടെയും ആശങ്കയ്ക്ക് കാരണമാകുമെന്ന് ഞാൻ മനസ്സിലാക്കുന്നു. ജീവൻ രക്ഷിക്കാൻ ഞങ്ങൾ സ്വീകരിക്കുന്ന എല്ലാ നടപടികളും പൊതുജനങ്ങൾ അറിയണം. ഏറ്റവും ദുർബലരായവരെ സംരക്ഷിക്കണം.”
ലണ്ടനിൽ ഒരു നവജാത ശിശുവിനു രോഗം പിടിപെട്ടത് ജനസമൂഹത്തെ ഭീതിയിലാഴ്ത്തുന്നു. രാജ്യം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനാൽ ജെറ്റ് 2 സ്പെയിനിലേക്കുള്ള യുകെ വിമാനങ്ങൾ റദ്ദാക്കി. ലണ്ടൻ മാരത്തൺ മാറ്റിവച്ചതിനാൽ അടുത്തയാഴ്ചയോടെ യുകെ സർക്കാർ എല്ലാ വലിയ സമ്മേളനങ്ങളും നിരോധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒപ്പം കൊറോണ വൈറസ് ബാധിതരെ അറസ്റ്റ് ചെയ്യാൻ പോലീസിന് അധികാരം നൽകും. വ്യാപനത്തിന്റെ തോത് കുറയ്ക്കുന്നതിനും രോഗം തടയുന്നതിനുമായി സാമൂഹിക നിയന്ത്രണ നടപടികൾ ഏർപ്പെടുത്തിക്കൊണ്ട് യുകെ ഇപ്പോൾ പ്രതിരോധത്തിന്റെ രണ്ടാം ഘട്ടത്തിലാണ്. രോഗലക്ഷണങ്ങൾ ഉള്ളവരോട് സ്വയം ഒറ്റപെടണമെന്ന് സർക്കാർ നിർദേശിച്ചിട്ടുണ്ട്. അതിനിടെ കേസുകൾ ഇനിയും ഉയരുകയാണെങ്കിൽ അതിജീവിക്കാൻ സാധ്യതയുള്ളവർക്ക് ‘ മാത്രമേ ആശുപത്രിയിൽ ചികിത്സയുള്ളൂവെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകി.
കൊറോണ വൈറസ് വ്യാപിച്ചതോടെ യാത്രക്കാരുടെ എണ്ണം കുറയുകയും ബുക്കിംഗ് കുറയുകയും ചെയ്ത നിരവധി എയർലൈനുകളിൽ ബ്രിട്ടീഷ് എയർവേയ്‌സും ഉൾപ്പെടുന്നു. അതിനാൽ തന്നെ എയർവേയ്സ് സ്റ്റാഫുകൾക്ക് ജോലി നഷ്ടമാവും എന്ന അവസ്ഥയും ഉടലെടുത്തു. കോവിഡ് 19 ലോകത്തെ തന്നെ കനത്ത സാമ്പത്തിക മാന്ദ്യത്തിലേക്കാണ് തള്ളിവിടുന്നത്. ആഗോളതലത്തിൽ 155,787 കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 5,814 മരണങ്ങളും ഇതിനകം ഉണ്ടായിക്കഴിഞ്ഞു. ഇറ്റലിയിൽ ഒരു ദിവസം കൊണ്ട് 3,500 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ആകെ ഇരുപതിനായിരത്തിലേറെ രോഗബാധിതർ. ഇറാനിലും കൊറോണ രോഗികളുടെ എണ്ണം വർധിക്കുകയാണ്. 13000ത്തോളം കേസുകൾ അവിടെ ഇതുവരെ ഉണ്ടായിക്കഴിഞ്ഞു.
Leave a Reply