സ്വന്തം ലേഖകൻ

ലണ്ടൻ : യുകെയിൽ കൊറോണ ഭീതി അതിശക്തമായി തുടരുന്നു. യുകെയിൽ കൊറോണ വൈറസ് വ്യാപകമായി പകരുന്നതിനിപ്പോൾ വളരെയധികം സാധ്യതയുണ്ടെന്ന് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് (പിഎച്ച്ഇ) അറിയിച്ചു. രോഗത്തെ നേരിടാൻ രാജ്യം തയ്യാറാകണമെന്ന് മെഡിക്കൽ ഡയറക്ടർ പ്രൊഫ. പോൾ കോസ്ഫോർഡ് പറഞ്ഞു. രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 36 ആയതോടെ ഒരു അടിയന്തര കോബ്ര കമ്മിറ്റി യോഗം ഇന്നലെ പ്രധാനമന്ത്രി ബോറിസ് ജോൺസൻ വിളിച്ചുകൂട്ടി. ഞായറാഴ്ച മാത്രം 13 പുതിയ കേസുകളാണ് റിപ്പോർട്ട്‌ ചെയ്യപ്പെട്ടിരിക്കുന്നത്. സ്കോട്ലൻഡിലും രോഗബാധയുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മിഡിൽസെക്സിലെ എൻ‌എച്ച്എസ് കാൻസർ സെന്റർ ആരോഗ്യ പ്രവർത്തകനും രോഗം സ്ഥിരീകരിച്ചു. കൊറോണയെ പ്രതിരോധിക്കാൻ കടുത്ത നടപടികളാണ് അധികൃതർ കൈക്കൊള്ളുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

രോഗം പടരുന്നത് തടയാനായി സ്കൂളുകൾ അടച്ചും നഗരങ്ങൾ ഒറ്റപ്പെടുത്തിയും പ്രതിരോധപ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. അതേസമയം, ടെനറൈഫിലെ ഒരു ഹോട്ടലിൽ കുടുങ്ങിയ ബ്രിട്ടീഷ് സഞ്ചാരികളെ വൈറസ് നെഗറ്റീവ് ആയതിനെത്തുടർന്ന് നാട്ടിലേക്ക് മടക്കിയെത്തിക്കാൻ ഒരുങ്ങുകയാണ്. ഇതുവരെ 25 പേർ മടങ്ങി. ട്രാവൽ ഓപ്പറേറ്റർ ജെറ്റ് 2 ഹോളിഡേസ് ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. നാട്ടിലെത്തിയ ഉടൻ ഇവരെ മാർച്ച്‌ 10 വരെ മാറ്റി താമസിപ്പിക്കും. സ്ഥിതി കൂടുതൽ വഷളായാൽ വിരമിച്ച ഡോക്ടർമാരെയും നഴ്സുമാരെയും തിരിച്ചുവിളിക്കുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി ഒരു പൊതുജനാരോഗ്യ കാമ്പയിൻ ആരംഭിക്കുന്നതിന്റെ ഭാഗമായി സർക്കാർ കാബിനറ്റ് ഓഫീസിൽ ഒരു “യുദ്ധമുറി” സ്ഥാപിച്ചിട്ടുണ്ട്.

കായിക മത്സരങ്ങൾ, കൺസേർട്ട് തുടങ്ങി ആളുകൾ കൂട്ടം കൂടുന്ന പരിപാടികൾ താത്കാലികമായി നിർത്തിവയ്ക്കാനും സർക്കാർ പദ്ധതിയിടുന്നുണ്ട്. സർക്കാരിന്റെ ലക്ഷ്യങ്ങളെ തങ്ങളുടെ പാർട്ടി പിന്തുണയ്ക്കുന്നുവെന്ന് ലേബർ പാർട്ടിയുടെ ഷാഡോ ഹെൽത്ത് സെക്രട്ടറി ജോനാഥൻ ആഷ്വർത്ത് പറഞ്ഞു. എന്നാൽ വൈറസിനെ നേരിടാനുള്ള എൻ‌എച്ച്‌എസിന്റെ ശേഷിയെക്കുറിച്ച് തനിക്ക് ആശങ്കയുണ്ടെന്നും അതിനാൽ അടിയന്തര ധനസഹായം നൽകാൻ സർക്കാരിനോട് അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, ആളുകൾക്ക് സ്വയം ഒറ്റപ്പെടേണ്ടിവന്നാൽ അവർക്ക് പ്രതിഫലം ലഭിക്കുമെന്നത് ഉറപ്പുവരുത്തണമെന്ന് പറഞ്ഞു ലിബറൽ ഡെമോക്രാറ്റിക്‌ എംപി ലയല മൊറാൻ ആരോഗ്യ സെക്രട്ടറിക്ക് കത്തെഴുതി. ഇതേസമയം ലോകത്ത്​ കോവിഡ്​ 19 ബാധിച്ച്​ മരിച്ചവരുടെ എണ്ണം 3000 കടന്നു.