ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയിലേയ്ക്ക് എത്തുന്ന വിദേശ യാത്രക്കാർക്കുള്ള കോവിഡ് ടെസ്റ്റിനുള്ള നിരക്ക് എൻഎച്ച്എസ് കുറച്ചു. 88 പൗണ്ടിൽ നിന്ന് 68 പൗണ്ട് ആയാണ് കോവിഡ് ടെസ്‌റ്റിന്റെ നിരക്ക് കുറച്ചത് . ഗ്രീൻ ലിസ്റ്റിലും ആംബർ ലിസ്റ്റിലും ഉൾപ്പെട്ട രാജ്യങ്ങളിൽനിന്ന് വരുന്ന രണ്ട് ഡോസ് പ്രതിരോധ വാക്സിൻ സ്വീകരിച്ചവർക്കാണ് ഈ നിരക്ക് ബാധകമാകുക. എന്നാൽ രണ്ട് ഡോസ് പ്രതിരോധ കുത്തിവെയ്പ്പുകളും എടുക്കാതെ ആംബർ ലിസ്റ്റ് രാജ്യങ്ങളിൽനിന്ന് എത്തുന്ന യാത്രക്കാർ 136 പൗണ്ടാണ് എൻ എച്ച് എസ് കോവിഡ് ടെസ്റ്റുകൾക്കായി നൽകേണ്ടത് . ഇത് നേരത്തെ 170 പൗണ്ട് ആയിരുന്നു.
പിസിആർ ടെസ്റ്റുകൾ നടത്തുന്ന സ്ഥാപനങ്ങൾ അമിതമായി ചൂഷണം ചെയ്യുന്നതായുള്ള പരാതികളെ തുടർന്ന് ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദിന്റെ നിർദേശത്തെതുടർന്നാണ് കോവിഡ് ടെസ്റ്റുകളുടെ നിരക്ക് പുനർ നിർണയിച്ച് ഏകീകരിച്ചത് . സർക്കാർ നിരക്കുകൾക്ക് വിരുദ്ധമായി പണം ഈടാക്കുന്നവരെയും ആവശ്യമായ മാനദണ്ഡങ്ങൾ പാലിക്കാത്തവരെയും ഗവൺമെൻറ് അംഗീകൃത പട്ടികയിൽനിന്ന് ഒഴിവാക്കുമെന്ന് ആരോഗ്യ സെക്രട്ടറി അറിയിച്ചു . ഇത് രണ്ടാം തവണയാണ് എൻഎച്ച്എസ് ടെസ്റ്റുകളുടെ നിരക്ക് കുറയ്ക്കുന്നത്. ആദ്യം ടെസ്റ്റുകൾക്ക് നൽകേണ്ടിയിരുന്ന തുക 210 പൗണ്ട് ആയിരുന്നു. കോവിഡ് ടെസ്റ്റുകൾക്ക് അന്യായമായ നിരക്കാണ് ഈടാക്കുന്നതെന്ന പരാതി വ്യാപകമായിട്ടുണ്ടായിരുന്നു. പിസിആർ ടെസ്റ്റിൻെറ നിരക്ക് 20 പൗണ്ട് മുതൽ 500 പൗണ്ട് വരെ ഈടാക്കിയിരുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ടെസ്റ്റ് റിസൾട്ടുകൾ സമയത്ത് ലഭിക്കുന്നില്ലെന്ന പരാതിയും വ്യാപകമായിട്ടുണ്ട്.
Leave a Reply