ന്യൂസ് ഡെസ്ക് മലയാളം യുകെ
സന്തോഷകരമായ ദാമ്പത്യം ആരോഗ്യവുമായി ബന്ധമുണ്ടോ? ഉണ്ടെന്നാണ് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്കിൻെറ കണ്ടെത്തൽ. കണക്കുകൾ പ്രകാരം ബ്രിട്ടനിൽ അവിവാഹിതരായ പുരുഷന്മാരുടെയും സ്ത്രീകളുടെയും മരണനിരക്ക് വിവാഹിതരായവരെ അപേക്ഷിച്ച് ഇരട്ടിയോളമാണെന്നാണ് കണ്ടെത്തപ്പെട്ടത്. ഇംഗ്ലണ്ടിലെയും വെയിൽസിലെയും 20 വയസ്സിന് മുകളിലുള്ള 5 ദശലക്ഷം മരണങ്ങൾ വിശകലനം ചെയ്താണ് കണ്ടെത്തൽ നടത്തിയത്. 2010 -നും 2019 -നും ഇടയിലുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്.
വിവാഹമോചനം നേടിയ പുരുഷന്മാരിലാണ് മരണനിരക്ക് സ്ത്രീകളെ അപേക്ഷിച്ച് കൂടുതലായി കണ്ടെത്തിയത്. ഒരു ലക്ഷം പേരിൽ അവിവാഹിതരെയും വിവാഹമോചനം നേടിയവരെയും കണക്കിലെടുക്കുമ്പോൾ 2319 ആണ് മരണനിരക്കെങ്കിൽ അത് വിവാഹിതരായ പുരുഷന്മാരിൽ 1073 മാത്രമായിരുന്നു. സ്ത്രീകളിൽ അവിവാഹിതരും വിവാഹമോചനം നേടിയവരുടെയും മരണനിരക്ക് ഒരു ലക്ഷത്തിൽ 1307 ആണ്. എന്നാൽ വിവാഹിതരായവരുടെ മരണനിരക്ക് ഒരു ലക്ഷത്തിൽ 699 മാത്രമാണ്.
വിവാഹിതരായാൽ താരതമ്യേന ദീർഘവും ആരോഗ്യപരവുമായ സന്തുഷ്ട ജീവിതം നയിക്കാമെന്ന മുൻ പഠനങ്ങളെ സാധൂകരിക്കുന്ന കണക്കുകളാണ് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റസ്റ്റിറ്റിക്സിൻെറ കണ്ടെത്തലിലുള്ളത് . പങ്കാളികൾ തങ്ങളുടെ പ്രിയപ്പെട്ടവരെ പരിചരിക്കുകയും മറ്റ് രോഗങ്ങൾ ഉണ്ടാകുമ്പോൾ ആരോഗ്യ പരിശോധന നടത്താൻ പ്രേരിപ്പിക്കുകയും ചെയ്യുന്നതാണ് ഇതിന് പ്രധാന കാരണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. ഒറ്റയ്ക്ക് ജീവിക്കുന്നത് പലരെയും ഏകാന്തതയിലേയ്ക്കും വിഷാദത്തിലേയ്ക്കും തള്ളി വിടാനും കാരണമാകുന്നു.
Leave a Reply