ന്യൂസ് ഡെസ്ക്, മലയാളം യുകെ
പഴയ ഒരു കടബാധ്യതയുടെ നിഴലിലാണ് യുകെ. പറഞ്ഞു വരുമ്പോൾ വളരെ പഴക്കമുള്ള കാര്യമാണ്. ഒന്നാം ലോകമഹായുദ്ധ കാലത്ത് ഏകദേശം 4 ബില്യൺ ഡോളർ ആണ് യുകെ അമേരിക്കയിൽ നിന്ന് കടമായി സ്വീകരിച്ചത്. യുദ്ധം അവസാനിച്ചതിനു ശേഷം യുകെ കടം തിരിച്ചടച്ചില്ല. പൊതു ശത്രുവിനെതിരെ യുദ്ധത്തിൽ ചിലവഴിച്ച പണം ആയതുകൊണ്ട് തിരിച്ചടവിന്റെ കാര്യത്തിൽ ഇളവ് വേണമെന്ന് യുകെയുടെ അഭ്യർത്ഥന അമേരിക്ക അംഗീകരിക്കുകയായിരുന്നു.
പണം തിരിച്ചടയ്ക്കേണ്ടതില്ലെന്ന് അന്നത്തെ രാഷ്ട്രീയ നേതൃത്വം ഔപചാരികമായി തീരുമാനിച്ചെങ്കിലും ഔദ്യോഗികമായി കരാറൊന്നും ഒപ്പിട്ടിട്ടില്ല. അതാണ് ഡെമോക്‌ളസിന്റെ വാൾ ആയി യുകെയുടെ മുകളിൽ അതിരില്ലാത്ത കടബാധ്യതയായി ഭീതി പരത്തുന്നത്. കടബാധ്യതയും പലിശയ്ക്ക് പലിശയുമായി ആ തുക ഇപ്പോൾ ട്രില്ല്യണുകൾ എത്തിയതായാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. പുതിയ പ്രസിഡന്റ് ആയി ഡൊണാൾഡ് ട്രംപ് സ്ഥാനമേറ്റെടുത്തതു മുതൽ നടപ്പിലാക്കി വരുന്ന വ്യാപാര നയങ്ങളും മറ്റുമാണ് ഈ കടബാധ്യത വീണ്ടും ചർച്ചയാകുന്നതിന് വഴി വെച്ചിരിക്കുന്നത്. യുഎസിന്റെ കടം കുറയുന്നതിന് ട്രംപ് ഈ കടബാധ്യത വീണ്ടും ചർച്ചയാക്കുമോ എന്നതാണ് ആശങ്കകൾക്ക് കാരണമായിരിക്കുന്നത്. യു.എസ് ട്രഷറി ബോണ്ടുകളിൽ 700 ബില്യൺ ഡോളറിലധികം ബ്രിട്ടൻ കൈവശം വച്ചിട്ടുണ്ട്. ഒന്നാം ലോകമഹായുദ്ധത്തിന്റെ കടകെണി പറഞ്ഞ് ഭാവിയിലെ വ്യാപാര സാമ്പത്തിക ചർച്ചകളിൽ ബ്രിട്ടനെ സമ്മർദ്ദത്തിലാക്കാൻ ഡൊണാൾഡ് ട്രംപ് ശ്രമിക്കുമെന്ന നിഗമനം ശക്തമാണ്.
പ്രസിഡൻ്റ് ആയി ഡൊണാൾഡ് ട്രംപ് അധികാരമേറ്റതിനുശേഷം നടപ്പിലാക്കിയ വ്യാപാര നയങ്ങൾ കാരണം യുകെ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളുടെ സാമ്പത്തിക വളർച്ചാ നിരക്ക് നേരത്തെ പ്രവചിച്ചതിനേക്കാളും പിന്നിലാകുമെന്ന റിപ്പോർട്ടുകൾ പുറത്തു വന്നു. യുകെ ഉൾപ്പെടെയുള്ള പ്രധാന സമ്പദ് വ്യവസ്ഥകൾക്ക് പ്രതീക്ഷിച്ചതിലും കുറഞ്ഞ ജിഡിപി നിരക്ക് ആയിരിക്കും ഉണ്ടായിരിക്കുക എന്നതാണ് പ്രവചനം. ഇറക്കുമതി ചെയ്യുന്ന പല സാധനങ്ങൾക്കും യുഎസ് അമിതമായി നികുതി ചുമത്തുന്നത് ആണ് ഇതിന് പ്രധാന കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്. യുകെയുടെ സമ്പദ് വ്യവസ്ഥയുടെ വളർച്ച നേരത്തെ പ്രതീക്ഷിച്ചിരുന്നത് 1.7 ശതമാനമായിരുന്നു. എന്നാൽ ഈ വർഷത്തെ വളർച്ച 1.4 ശതമാനം മാത്രമെ ഉണ്ടാവുകയുള്ളൂ എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
Leave a Reply