ലണ്ടന്‍. യുകെയിലെ വിവിധ ലോക്കല്‍ കൗണ്‍സിലുകളിലേക്കുള്ള തെരഞ്ഞെടുപ്പ് മേയ് മാസം മൂന്നാം തീയതി നടക്കുമ്പോള്‍ തെരഞ്ഞെടുപ്പ് രംഗത്ത് മലയാളി സ്ഥാനാര്‍ത്ഥികളും. പ്രമുഖ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ തന്നെയാണ് മലയാളികള്‍ ഇടം പിടിച്ചിരിക്കുന്നത്. ബ്രിട്ടനിലെ മലയാളികളുടെ അഭിമാനമായി ക്രോയ്‌ഡോണ്‍ മേയര്‍ സ്ഥാനം വചിച്ചിരുന്ന മഞ്ജു ഷാഹുല്‍ ഹമീദ് , മുന്‍ ന്യൂഹാം മേയര്‍ ഓമന ഗംഗാധരന്‍ , ലണ്ടനിലെ അറിയപ്പെടുന്ന മലയാളി നേതാവും ലേബര്‍ പാര്‍ട്ടി എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗവും സോഷ്യല്‍ ആക്ടിവിവിസ്റ്റുമായ സുഗതന്‍ തെക്കേപ്പുര , നിയമ വിദഗ്ദനും കേംബ്രിഡ്ജിലെ ലേബര്‍ പാര്‍ട്ടി പ്രവര്‍ത്തകനുമായ ബൈജു വര്‍ക്കി തിട്ടാല എന്നിവരാണ് ഇത്തവണ ലേബര്‍ പാര്‍ട്ടിയുടെ പാനലില്‍ മത്സര രംഗത്തുള്ളത് . എല്ലാവരും വിജയ സാധ്യത ഉള്ളവര്‍ ആയതു മലയാളി സമൂഹത്തിനും ഏറെ പ്രതീക്ഷ നല്‍കുന്നു .
ഈസ്റ്റ് ഹാം സെന്‍ട്രലില്‍ മത്സരിക്കുന്ന സുഗതന്‍ തെക്കെപ്പുര കോട്ടയം വൈക്കം സ്വദേശിയാണ് . നിലവില്‍ ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്റെ ദേശീയ സെക്രെട്ടറി കൂടിയായ സുഗതന്‍ ലേബര്‍ പാര്‍ട്ടിയുടെ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗത്വം വരെ വഹിച്ചിട്ടുണ്ട്. ഏറെ മലയാളികള്‍ തിങ്ങി പാര്‍ക്കുന്ന പ്രദേശം കൂടിയാണ് ഈസ്റ്റ്ഹാം, മലയാളികളുടെ ഉള്‍പ്പടെ ഉള്ള സാമൂഹ്യ വിഷയങ്ങളില്‍ ശക്തമായ സാന്നിധ്യം ആയ സുഗതന്‍ തെക്കേപ്പുരയുടെ വിജയം അനായാസമാകും എന്നാണ് കരുതുന്നത് .
ക്രോയ്‌ഡോണിലെ മുന്‍ മേയറും ഇപ്പോഴത്തെ കൗണ്‍സിലര്‍ മാരില്‍ ഒരാളുമായ മഞ്ജു ഷാഹുല്‍ ഹമീദ് ആണ് മറ്റൊരു സ്ഥാനാര്‍ഥി .യുകെ യിലെ മലയാളി കളുടെ എല്ലാ പരിപാടികളിലും സജീവ സാന്നിധ്യമായ മഞ്ജു ഷാഹുല്‍ ഹമീദ് അട്ടിമറി വിജയം നേടിയാണ് കഴിഞ്ഞ തവണ ക്രോയ്‌ഡോണ്‍ മേയര്‍ സ്ഥാനം വരെ എത്തിയത് .നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ കൂടിയും സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ കൂടിയും യുകെയില്‍ ഏറെ അറിയപ്പെടുന്ന മഞ്ജു ഷാഹുല്‍ ഹമീദും ലേബര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായാണ് ജനവിധി തേടുന്നത് .
കോട്ടയം ചങ്ങനാശേരി സ്വദേശിനിയും , കഥാകൃത്തും , ഒക്കെ ആയ ഓമന ഗംഗാധരന്‍ ഇത്തവണയും ജനവിധി തേടുന്നത് ന്യൂഹാമില്‍ നിന്നും ആണ് .ലേബര്‍ പാര്‍ട്ടിയുടെ സ്ഥിരം സീറ്റായ ന്യൂഹാമില്‍ നൂറു ശതമാനം വിജയ പ്രതീക്ഷയോടെ മത്സരിക്കുന്ന ഓമന ഗംഗാധരന്‍ ന്യൂ ഹാം കോര്‍പറേഷന്‍ സിവിക് മേയര്‍ ,ഡെപ്യൂട്ടി സിവിക് മേയര്‍ ,ദീര്‍ഘകാലം കൗണ്‍സിലര്‍, നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് നോണ്‍ എക്‌സികുട്ടീവ് ഡയറക്ടര്‍ എന്നീ സ്ഥാനങ്ങള്‍ അലങ്കരിച്ചിട്ടുണ്ട് .സാമൂഹ്യ സാംസ്‌കാരിക , ചാരിറ്റി പ്രവര്‍ത്തനങ്ങളിലും വ്യക്തി മുദ്ര പതിപ്പിച്ച ഓമന ഗംഗാധരന്റെ വിജയവും ലേബര്‍ പാര്‍ട്ടി ഏറെ പ്രതീക്ഷയോടെയാണ് കരുതുന്നത് .
കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി ഉള്‍പ്പെടുന്ന കാസില്‍ നിയോജക മണ്ഡലത്തില്‍ നിന്നാണ് ബൈജു വര്‍ക്കി തിട്ടാല ജനവിധി തേടുന്നത്. ഇടതു പക്ഷ ആശയങ്ങളില്‍ ആകൃഷ്ടനായി സാമൂഹ്യ പ്രവര്‍ത്തന മേഖലയില്‍ ശക്തമായ സാന്നിദ്ധ്യമാണ് ബൈജു തിട്ടാല കഴിഞ്ഞ വര്‍ഷങ്ങളില്‍ കാഴ്ച വച്ചിട്ടുള്ളത്.
Leave a Reply