ലണ്ടന്‍: മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന് പ്രകൃതിക്കിണങ്ങുന്ന രീതി ആവിഷ്‌കരിക്കാന്‍ പദ്ധതി തയ്യാറാക്കിയ കൗണ്‍സിലിന് വാട്ടര്‍ കമ്പനികളുടെ എതിര്‍പ്പ്. വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലെ സാന്‍ഡ്‌വെല്‍ മെട്രോപോളിറ്റന്‍ കൗണ്‍സിലാണ് മൃതശരീരങ്ങള്‍ അലിയിച്ചു കളയുന്ന പദ്ധതി നടപ്പാക്കാന്‍ ഒരുങ്ങിയത്. വാട്ടര്‍ ക്രിമേഷന്‍ നടത്തുന്നതിനായി റൗളി റെജിസ് ക്രിമറ്റോറിയത്തില്‍ 3 ലക്ഷം പൗണ്ട് ചെലവ് വരുന്ന റെസ്റ്റോമേറ്റര്‍ സ്ഥാപിക്കാനും കൗണ്‍സില്‍ അനുമതി നല്‍കിയിരുന്നു. ആല്‍ക്കലൈന്‍ ഹൈഡ്രോളിക്‌സ് എന്ന രീതിയിലാണ് ഇതിലൂടെ സംസ്‌കാരം നടത്തുന്നത്.
രാസവസ്തുക്കളും ചൂടൂം മര്‍ദ്ദവും ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത്. ഇതിലൂടെ സംസ്‌കാരം നടത്തുമ്പോള്‍ മൂന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ശരീരഭാഗങ്ങള്‍ അലിഞ്ഞ് ഇല്ലാതാകുകയും അസ്ഥികള്‍ മാത്രം ശേഷിക്കുകയും ചെയ്യും. പിന്നീട് സാധാരണ ക്രിമേഷനുകളില്‍ ഉപയോഗി്കുന്നതിനേക്കാള്‍ കുറച്ച് ഊര്‍ജ്ജം മാത്രം മതിയാകും ഇത്തരത്തിലുള്ള സംസ്‌കാരത്തിനെന്നാണ് വിശദീകരിക്കപ്പെടുന്നത്. ഇതിനു ശേഷം ബാക്കി വരുന്ന രാസമിശ്രിതം പരിശോധനയ്ക്ക് വിധേയമാക്കുകയും ദോഷകരമല്ലെന്ന് കണ്ടെത്തിയാല്‍ വാട്ടര്‍ സപ്ലൈയിലേക്ക് ഒഴുക്കിക്കളയാനുമാണ് പദ്ധതി.
എന്നാല്‍ ഇതിനെതിരെ സെവേണ്‍ ട്രെന്റ് വാട്ടര്‍ കമ്പനി രംഗത്തെത്തിക്കഴിഞ്ഞു. അവശിഷ്ട ജലം ഒഴുക്കിക്കളയാനുള്ള ട്രേഡ് എഫ്‌ളുവന്റ് ലൈസന്‍സ് നല്‍കണമെന്ന ക്രിമറ്റോറിയത്തിന്റെ അപേക്ഷ കമ്പനി നിരസിക്കുകയായിരുന്നു. ആല്‍ക്കലൈന്‍ ഹൈഡ്രോളിക്‌സ് അവശിഷ്ടങ്ങള്‍ എങ്ങനെ ഒഴുക്കിക്കളയാമെന്ന കാര്യത്തില്‍ മിനിസ്ട്രി ഓഫ് ജസ്റ്റിസ്, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എന്‍വയണ്‍മെന്റ്, ഫുഡ് ആന്‍ഡ് റൂറല്‍ അഫയേഴ്‌സ് എന്നിവയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കായി കാത്തിരിക്കുകയാണ് കമ്പനി.
ഓസ്‌ട്രേലിയ, അമേരിക്ക എന്നീ രാജ്യങ്ങളില്‍ നിലവില്‍ ഈ ശവസംസ്‌കാര രീതി നടന്നു വരുന്നുണ്ട്. കനേഡിയന്‍ കമ്പനിയായ അക്വാഗ്രീന്‍ കഴിഞ്ഞ വര്‍ഷം 200 വാട്ടര്‍ ക്രിമേഷനുകള്‍ നടത്തിക്കഴിഞ്ഞു. ഇതിന്റെ അവശിഷ്ടങ്ങള്‍ രണ്ട് തവണ ഫില്‍ട്ടര്‍ ചെയ്ത ശേഷമാണ് ഒന്റാരിയോ വാട്ടര്‍ സപ്ലൈയിലേക്ക് ഒഴുക്കുന്നതെന്ന് കമ്പനി വിശദീകരിക്കുന്നു.
Leave a Reply