ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ ഭവനരഹിതരാകുന്നവരുടെ എണ്ണം ക്രമാതീതമായി കുതിച്ചുയരുന്നതായുള്ള കണക്കുകൾ പുറത്തുവന്നു. വീടില്ലാത്തവരുടെ എണ്ണത്തിൽ ലണ്ടനിൽ മാത്രം 40 ശതമാനം വർദ്ധനവ് ആണ് പ്രതിവർഷം ഉണ്ടാകുന്നത്. ഭവന രഹിതരായവർക്ക് താത്കാലിക താമസസൗകര്യം ഒരുക്കുന്നതിനായി വൻ തുകയാണ് കൗൺസിലുകൾ ചിലവഴിക്കുന്നത്. ലണ്ടൻ നഗരത്തിൽ വീടില്ലാത്തവർക്ക് താത്കാലികവാസമൊരുക്കാൻ 90 മില്യൺ പൗണ്ട് ആണ് കൗൺസിലുകൾ ഓരോ മാസവും ചിലവഴിക്കുന്നത്.


ഇത് ലണ്ടനിലെ മാത്രം സ്ഥിതി വിശേഷമല്ല. യുകെയിൽ ഉടനീളം വിവിധ കൗൺസിലുകൾ വൻ തുകയാണ് പാർപ്പിടമില്ലാത്തവർക്ക് താത്കാലിക വാസം ഒരുക്കാനായി ചിലവഴിക്കേണ്ടതായി വരുന്നത്. ലണ്ടൻ നഗരത്തിൽ മാത്രം അൻപതിൽ ഒരാൾക്ക് വീടില്ലെന്നാണ് കൗൺസിലുകളുടെ കണക്കുകൾ ചൂണ്ടി കാണിക്കുന്നത്. ഭവനരഹിതർക്ക് താത്കാലിക വാസസ്ഥലങ്ങൾ തുടങ്ങാനും അവയുടെ അറ്റകുറ്റപ്പണികൾക്കും മറ്റ് സഹായങ്ങൾക്കുമായി സർക്കാർ കൂടുതൽ ഫണ്ട് അനുവദിക്കണമെന്ന് കൗൺസിലുകൾ ആവശ്യപ്പെട്ടു കഴിഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2023 -25 കാലത്തേയ്ക്ക് 352 മില്യൺ പൗണ്ട് ആണ് ഹൗസിംഗ് സപ്പോർട്ടിനായി ഗവൺമെൻറ് നീക്കി വച്ചിരിക്കുന്നത്. എന്നാൽ ഇത് തികച്ചും അപര്യാപ്തമാണെന്നാണ് കൗൺസിലുകൾ പറയുന്നത് . നിലവിലെ സ്ഥിതി തുടർന്നാൽ കൗൺസിലുകൾ പലരും പാപ്പരാകുന്ന സ്ഥിതിവിശേഷം ഉണ്ടാകും. നിലവിൽ 175,000 പേർ യുകെയിൽ താത്കാലിക വാസസ്ഥലങ്ങളിൽ കഴിയുന്നതായാണ് കണക്കുകൾ. ഇതിൽ 85,000 കുട്ടികളും ഉൾപ്പെടും. ലണ്ടനിലെ ഓരോ ക്ലാസ് മുറിയിലും വീടില്ലാത്ത ഒരു കുട്ടിയെങ്കിലും പഠിക്കുന്നുണ്ടെന്നത് പ്രശ്നത്തിന്റെ ഗൗരവം വളരെയാണെന്നതിന്റെ ചൂണ്ടു പലകയാണ്.