യുകെയില്‍ ഭീകരാക്രമണം സംഘടിപ്പിക്കുന്നതിനായി ബോംബ് നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കെ പോലീസ് പിടിയിലായ ദമ്പതികള്‍ കുറ്റക്കാരെന്നു കണ്ടെത്തി. നോര്‍ത്ത് വെസ്റ്റ് ലണ്ടനില്‍ താമസിച്ചിരുന്ന മുനീര്‍ മുഹമ്മദ്, ഭാര്യ രുവൈദ അല്‍ ഹസന്‍ എന്നിവരെയാണ് കോടതി കുറ്റവാളികളായി കണ്ടെത്തിയത്. ഫുഡ് വര്‍ക്കറായ മുഹമ്മദും ഫാര്‍മസിസ്റ്റ് ആയ രുവൈദയും ഐഎസുമായി ചേര്‍ന്നാണ് യുകെയില്‍ ഭീകരാക്രമണ പദ്ധതി തയ്യാറാക്കിയത്. 2016 ഡിസംബറില്‍ ആയിരുന്നു ഇരുവരെയും അറസ്റ്റ് ചെയ്തത്.
ഐഎസ് ആശയങ്ങളില്‍ ആകൃഷ്ടരായ ഇരുവരും ചേര്‍ന്ന് യുകെയില്‍ നിരപരാധികളായ ആളുകളെ കൊന്നൊടുക്കാന്‍ ആയിരുന്നു ഇരുവരുടെയും പദ്ധതി എന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. ഒരു ഡേറ്റിംഗ് വെബ്സൈറ്റ് വഴി രുവൈദയെ കുരുക്കിയ ഐഎസ് ഇവര്‍ക്ക് കെമിക്കല്‍ രംഗത്തുള്ള അറിവ് ചൂഷണം ചെയ്ത് നിയമവിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാന്‍ പ്രേരിപ്പിക്കുകയായിരുന്നു. ഐഎസ് പ്രചരിപ്പിക്കുന്ന ക്രിമിനല്‍ ഐഡിയോളജിയില്‍ തത്പരരായ ഇരുവരും അതനുസരിച്ച് ബോംബ് നിര്‍മ്മാണത്തില്‍ ഏര്‍പ്പെടാനുള്ള കരാര്‍ ഏറ്റെടുക്കുകയും ചെയ്തു.
ഇവരുടെ വീട്ടില്‍ പോലീസ് നടത്തിയ റെയ്ഡില്‍ ബോംബ് നിര്‍മ്മാണത്തിനുള്ള സാമഗ്രികളും ഇതിനുള്ള രൂപ രേഖയും കണ്ടെടുത്തിരുന്നു. പ്രെഷര്‍ കുക്കര്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന ശക്തിയേറിയ ബോംബ് നിര്‍മ്മിക്കാനായിരുന്നു ഇവരുടെ പദ്ധതി. കുറ്റം തെളിഞ്ഞ സ്ഥിതിക്ക് ഇവരെ കാത്തിരിക്കുന്നത് നീണ്ട കാലത്തെ ജയില്‍ ശിക്ഷയാണ്. ഇവര്‍ക്കുള്ള വിധി അടുത്ത മാസം 22നു പ്രഖ്യാപിക്കും.
Leave a Reply