ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: കാലിഫോർണിയ മലയിടുക്കിലേക്ക് കാർ മറിഞ്ഞുണ്ടായ അപകടത്തിൽ ദമ്പതികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. ചൊവ്വാഴ്ചയായിരുന്നു ദാരുണമായ സംഭവം നടന്നത്. ദമ്പതികളായ ക്ലോ ഫീൽഡും, ഭർത്താവ് ക്രിസ്റ്റ്യൻ സെലാഡയും ഏഞ്ചൽസ് നാഷണൽ ഫോറസ്റ്റിലൂടെ യാത്ര നടത്തുന്നതിനിടയിലാണ് അപകടം. പർവതത്തിന്റെ അരികിലൂടെ കാർ പോകുന്നതിനിടയിൽ 300 അടി താഴ്ചയിലേക്ക് തലകീഴായി മറിയുകയായിരുന്നു.

ഇതിലൂടെ സ്ഥിരമായി യാത്ര നടത്താറുണ്ടെന്നും, അപകടം അപ്രതീക്ഷിതമാണെന്നും ആയിരുന്നു അപകടത്തിനു ശേഷം ഇരുവരുടെയും പ്രതികരണം. പുറകിൽ നിന്ന് മറ്റൊരു വാഹനം ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചപ്പോൾ, കാർ ഒതുക്കി കൊടുക്കാൻ ശ്രമിക്കുമ്പോഴാണ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞത്. പിന്നെ ഓർമ്മയുള്ളത് പാറക്കെട്ടുകൾക്ക് മുകളിലേക്ക് വാഹനം വീഴുന്നത് മാത്രമാണെന്ന് ദമ്പതികൾ വ്യക്തമാക്കി.

കാർ മറിഞ്ഞ ഉടൻ തന്നെ ഇരുവരും സീറ്റ്‌ബെൽറ്റ്‌ അഴിച്ചു കാറിനു പുറത്തേക്ക് നീങ്ങി. ഗുരുതര പരിക്കുകൾ ഇല്ലാതിരുന്നത് വിശ്വസിക്കാനായില്ലെന്നും ഇരുവരും പറയുന്നു. ശേഷം ‘മൊബൈൽ ഫോൺ തപ്പി എടുക്കാൻ കാറിനുള്ളിൽ നോക്കിയെങ്കിലും കിട്ടിയില്ല. എന്നാൽ പിന്നീട് ഫീൽഡ്സിന്റെ ഐഫോൺ 14 പാറയിടുക്കിൽ നിന്ന് കിട്ടിയതാണ് രക്ഷപ്പെടാൻ കാരണമായത്’ സെലാഡ പറഞ്ഞു.

അപകടത്തെ കുറിച്ച് ഫീൽഡ്സിന്റെ വാക്കുകൾ ഇങ്ങനെ..

‘പ്രദേശത്ത് മതിയായ നെറ്റ്‌വർക്ക് സംവിധാനം ഇല്ലെങ്കിലും എന്തോ ഭാഗ്യം പോലെ ഫോണിൽ അപകടം നടന്നതിനെ തുടർന്ന് എമർജൻസി സിസ്റ്റം പ്രവർത്തനം ആരംഭിച്ചു. ഇതാണ് ജീവിതത്തിലേക്ക് മടങ്ങിവരാൻ കാരണം. ഫോണിന്റെ സ്ക്രീൻ മുഴുവൻ പൊട്ടി തകർന്നെങ്കിലും അതിൽ മെസ്സേജ് അയക്കാൻ പറ്റുമായിരുന്നു. ഉടൻ തന്നെ എമർജൻസി നമ്പറിൽ ബന്ധപ്പെട്ടു. എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കുകയും തങ്ങൾക്ക് സഹായം ആവശ്യമാണെന്ന് അവരെ അറിയിക്കുകയും ചെയ്തു. തുടർന്ന് 30 മിനിറ്റിനുള്ളിൽ ഞങ്ങളെ മലയിടുക്കിൽ നിന്ന് എയർലിഫ്റ്റ് ചെയ്തു’.

ഐഫോണിൽ ഇപ്പോൾ നിലവിൽ വന്ന പുതിയൊരു ഫീച്ചറാണ് രക്ഷാപ്രവർത്തനത്തിനു കാരണമായത്. ഫോൺ പരിധിക്ക് പുറത്തോ ക്രാഷോ ആകുമ്പോൾ എമർജൻസി സർവീസ് ഒരുക്കുന്ന ക്രമീകരണം ആണിത്. ഇതനുസരിച്ചു ഉപയോക്താവിനെ എമർജൻസി സെന്ററുമായി ബന്ധിപ്പിക്കുന്നു.

രക്ഷപ്രവർത്തനത്തിന് ശേഷം ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ ഇവർ വീട്ടിൽ വിശ്രമത്തിലാണ്. ചെറിയ തലവേദനയും കഴുത്ത് വേദനയും ഒഴിച്ചാൽ മറ്റ് പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ല. മരണത്തെ മുഖാമുഖം കണ്ടിട്ട് ജീവിതത്തിലേക്ക് മടങ്ങിവന്നതിന്റെ ഞെട്ടലിലാണ് ഇരുവരും.