ചെങ്ങന്നൂരിലെ വൃദ്ധദമ്പതികളുടെ കൊലപാതകത്തിൽ പ്രതികളെന്ന് സംശയിക്കുന്ന രണ്ട് ബംഗ്ലാദേശ് പൗരന്മാർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്. ഇവർ കേരളംവിട്ടതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൊഴുവല്ലൂർ ആഞ്ഞിലിമൂട്ടിൽ ചെറിയാൻ, ഭാര്യ ലില്ലി എന്നിവരെ കൊലപ്പെടുത്തിയത് കവർച്ചാശ്രമത്തിനിടെയാണെന്നാണ് പൊലീസ് നിഗമനം.
ഇന്ന് പുലർച്ചെയാണ് എഴുപത്തിയഞ്ചുകാരനായ ചെറിയാനെയും അറുപത്തിയെട്ടുകാരിയായ ഭാര്യ ലില്ലിയെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തലയിൽ ആഴത്തിൽ മുറിവേറ്റ് ചോരവാർന്ന നിലയിലായിരുന്നു മൃതദേഹങ്ങൾ. പ്രാഥമിക പരിശോധനയിൽതന്നെ കവർച്ചശ്രമത്തിനിടെയുണ്ടായ കൊലപാതകം എന്ന് പൊലീസ് ഉറപ്പിച്ചു. തുടർന്ന് നേരത്തെ വീട്ടിൽ ജോലിക്കെത്തിയ രണ്ട് ഇതരസംസ്ഥാനക്കാരായ തൊഴിലാളികളെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു.
ഇവരിൽനിന്നാണ് പ്രതികളെന്ന് സംശയിക്കുന്നവരെക്കുറിച്ച് പോലീസിനു വിവരം ലഭിച്ചത്. കസ്റ്റഡിയിൽ എടുത്തവർക്കൊപ്പം താമസിച്ചിരുന്ന, ബംഗ്ലാദേശ് സ്വദേശികളായ ലബാലു, ജുവൽ എന്നിവർക്കായി പൊലീസ് പിന്നീട് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയായിരുന്നു. കൃത്യത്തിനുശേഷം ഇവർ ട്രെയിൻമാർഗം സംസ്ഥാനം വിട്ടതായാണ് സൂചന. റെയിൽവേ പോലീസിന്റെ സഹായവും തേടിയിട്ടുണ്ട്. രാവിലെ അയൽവാസികളാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന പികാസും മൺവെട്ടിയും വീടിനു സമീപത്ത് നിന്ന് പൊലീസ് കണ്ടെത്തി. വൃദ്ധദമ്പതികൾ മാത്രമാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്. മക്കൾ ഇരുവരും വിദേശത്താണ്.
Leave a Reply