തൃശൂര്‍ കുട്ടനല്ലൂരില്‍ വനിതാ ഡോക്ടറെ അച്ഛൻ്റെ കൺമുന്നിൽ കുത്തിക്കൊന്ന കേസിൽ കൊലയാളിയുടെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി. അറസ്റ്റിലായി എഴുപത്തിയഞ്ചാം ദിവസം കൊലയാളിക്ക് ഹൈക്കോടതി നൽകിയ ജാമ്യമാണ് സുപ്രീം കോടതി റദ്ദാക്കിയത്.
2020 സെപ്തംബർ 28നായിരുന്നു കൊലപാതകം. മൂവാറ്റുപുഴ സ്വദേശി സോന ജോസാണ് കൊല്ലപ്പെട്ടത്. പ്രതിയായ മഹേഷ് നേരത്തെ സോനയുടെ സുഹൃത്തായിരുന്നു. തൃശൂർ കുട്ടനെല്ലൂരിൽ ഡെൻറൽ ക്ലിനിക് തുടങ്ങിയപ്പോൾ ഇൻ്റീരിയർ ഡിസൈനിങ് നടത്തിയത് മഹേഷായിരുന്നു. ഇരുവരും തമ്മിലുണ്ടായ പണമിടപാടിൽ തർക്കം നിലനിന്നിരുന്നു. ഇതു സംബന്ധിച്ച് സോന ഒല്ലൂർ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇത് ഒത്തുതീർപ്പാക്കാൻ മഹേഷും സുഹൃത്തുക്കളും ക്ലിനിക്കിൽ വന്നു. സോന യോടൊപ്പം അച്ഛനും സുഹൃത്തും ഉണ്ടായിരുന്നു. ചർച്ച നടക്കുന്നതിനിടെ മഹേഷ് കത്തിയെടുത്ത് സോനയെ കുത്തി.
ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരിച്ചു. തൊണ്ണൂറു ദിവസം തികയും മുമ്പേ കേസിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. അപ്പോഴേയ്ക്കും പ്രതിയ്ക്ക് ഹൈക്കോടതി ജാമ്യം നൽകി. ഇതിനെതിരെ സോനയുടെ കുടുംബവും സംസ്ഥാന സർക്കാരും സുപ്രീം കോടതിയെ സമീപിച്ചു. അങ്ങനെയാണ് ജാമ്യം റദ്ദാക്കിയത്. ജസ്റ്റിസ് ഇന്ദിര ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്‍റേതാണ് നടപടി. പ്രതിയെ അറസ്റ്റ് ചെയ്യാൻ പൊലീസ് നടപടി തുടങ്ങി. കേസിൽ വിചാരണ തൃശൂർ സെഷൻസ് കോടതിയിൽ തുടങ്ങും. കോഴിക്കോട് ബാറിലെ പ്രമുഖ ക്രിമിനൽ കേസ് അഭിഭാഷകൻ ടി.ഷാജിത്ത് ആണ് കേസിലെ സ്പെഷൽ പ്രോസിക്യൂട്ടർ.
Leave a Reply