മലയാളം യുകെ ന്യൂസ് ടീം

സുപ്രീം കോടതി നിർദ്ദേശമനുസരിച്ചുള്ള ശമ്പളം മാനേജ്മെൻറുകൾ നല്കുന്നില്ലെങ്കിൽ കേരളമെങ്ങും സമരം നടത്താൻ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ തയ്യാറെടുപ്പ് ആരംഭിച്ചു. ജൂലൈ 17 മുതൽ സംസ്ഥാന വ്യാപകമായി പണി മുടക്കാനാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ തീരുമാനം. ഇതിനിടെ നഴ്സസ് സമരത്തെ നേരിടാൻ മറുതന്ത്രവുമായി ഹോസ്പിറ്റൽ മാനേജ്മെൻറുകളും രംഗത്തെത്തി. അനിശ്ചിതമായി തിങ്കളാഴ്ച മുതൽ ഹോസ്പിറ്റലുകളിലെ അത്യാഹിത വിഭാഗമൊഴികെ ഉള്ളവയുടെ പ്രവർത്തനം നിർത്തിവയ്ക്കാനാണ് തീരുമാനം. ജനങ്ങളുടെ ജീവന് വില പറഞ്ഞ് നഴ്സസ് സമരത്തെ പരാജയപ്പെടുത്താനുള്ള മാനേജ്മെന്റ് നീക്കം പരക്കെ അപലപിക്കപ്പെട്ടു കഴിഞ്ഞു. വിവിധ രാഷ്ട്രീയ പാർട്ടികൾ മാനേജ്മെന്റുകളുടെ നീക്കത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. നഴ്സസ് സമരത്തിനെതിരെ എസ്മ പ്രയോഗിക്കാൻ ഹൈക്കോടതി അനുമതി നല്കി. ഹോസ്പിറ്റൽ മാനേജ്മെന്റുകളുടെ അസോസിയേഷൻ നല്കിയ ഹർജിയിലാണ് വിധി. കോടതി നിർദ്ദേശം നടപ്പാക്കാനുള്ള ഉത്തരവാദിത്വം ഗവൺമെന്റിനാണ്.

തങ്ങളുടെ ന്യായമായ ആവശ്യങ്ങൾക്കുനേരെ മുഖം തിരിക്കുന്ന സ്വകാര്യ ആശുപത്രികളുടെ അനീതിക്കെതിരായി ജയിലിൽ പോവാനും  തങ്ങളുടെ പ്രവർത്തകർ തയ്യാറെന്ന് യു എൻ എ പ്രഖ്യാപിച്ചു. യൂണിറ്റുകളില്ലാത്ത ആശുപത്രികളിൽ യൂണിറ്റുകൾ തുടങ്ങാനുള്ള പ്രവർത്തനം യു എൻ എ ഊർജിതമാക്കി. കൂടുതൽ നഴ്സുമാർ യുഎൻഎയിൽ ചേരാൻ ദിനം പ്രതി മുന്നോട്ട് വരുന്നുണ്ട്. അഭൂതപൂർവ്വമായ പിന്തുണയാണ് ജനങ്ങളിൽ നിന്ന് സമരത്തിനു ലഭിക്കുന്നത്. പ്രവാസി നഴ്സുമാർ ഒന്നടങ്കം സമരത്തിനു ധാർമ്മിക പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നഴ്സുമാരെ സാമ്പത്തികമായി സഹായിച്ചാണ് പല പ്രവാസി കൂട്ടായ്മകളും രംഗത്തെത്തിയിരിക്കുന്നത്. അടിച്ചമർത്തപ്പെട്ട ഒരു വിഭാഗത്തിൻറെ ഉയിർത്തെഴുന്നേൽപ്പായി നഴ്സസ് സമരം മാറുകയാണ്. കോട്ടയം ഭാരത് ഹോസ്പിറ്റലിൽ യൂണിയൻ പ്രവർത്തനം നടത്തിയ യുഎൻഎ പ്രവർത്തകരെ കൈയേറ്റം ചെയ്തതായി പരാതിയുണ്ട്. എറണാകുളം ലിസിയിൽ യുഎൻഎ മാർച്ചിൽ പങ്കെടുക്കാനിറങ്ങിയ നഴ്സുമാരെ ഹോസ്റ്റലിൽ പൂട്ടിയിട്ടതിനെ തുടർന്ന് പോലീസ് എത്തി മോചിപ്പിക്കുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സുപ്രീം കോടതി നിർദ്ദേശിച്ച അടിസ്ഥാന ശമ്പളം നഴ്സുമാർക്ക് നൽകേണ്ടെന്ന് കേരള മിനിമം വേജസ് അഡ്വൈസറി കമ്മിറ്റി ശിപാർശ ചെയ്തതിനെ തുടർന്നാണ് യു എൻ എ ജൂലൈ 11 ന് സെക്രട്ടറിയേറ്റ് മാർച്ച് നടത്തിയിരുന്നു. മിനിമം വേജസ് കമ്മിറ്റിയുടെ തീരുമാനത്തിൽ പുനർവിചിന്തനം നടത്തണം എന്ന് മാർച്ചിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു. ബലരാമൻ കമ്മിറ്റി യുടെയും വീര കുമാർ കമ്മിറ്റിയുടെയും നിർദ്ദേശങ്ങൾ നടപ്പാക്കണം. ട്രെയിനി നഴ്സ് സമ്പ്രദായം നിർത്തലാക്കണം. മെയിൽ നഴ്സുമാർക്ക് സംവരണം വേണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.  ഗവൺമെന്റ് മാനേജ്മെൻറ് പ്രതിനിധികളും യൂണിയനുകളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം ജനറൽ നഴ്സുമാരുടെ അടിസ്ഥാന ശമ്പളം 17, 200 രൂപയായി നിശ്ചയിക്കുകയായിരുന്നു.  ജനറൽ നഴ്സുമാർക്ക് കുറഞ്ഞത് 20,000 രൂപ അടിസ്ഥാന ശമ്പളം നല്കണമെന്നാണ് സുപ്രീം കോടതി നിർദ്ദേശിച്ചത്. ഇതുമായി ബന്ധപ്പെട്ട മിനിമം വേജസ് അഡ്‌വൈസറി കമ്മിറ്റിയുടെ ശിപാർശ അംഗീകരിക്കില്ലെന്ന് സമരരംഗത്തുള്ള യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ പ്രഖ്യാപിച്ചിരുന്നു. കമ്മിറ്റി ശിപാർശ സംസ്ഥാന ഗവൺമെന്റിന് സമർപ്പിക്കും. ഗവൺമെന്റ് തുടർ നടപടികൾക്കായി റിപ്പോർട്ട് മിനിമം വേജസ് അഡ് വൈസറി ബോർഡിന് റഫർ ചെയ്യും. മാനേജുമെൻറുകൾക്കും ജീവനക്കാർക്കും തങ്ങളുടെ പരാതികളും നിർദ്ദേശങ്ങും അഡ്വൈസറി ബോർഡിന് മുമ്പിൽ വീണ്ടും അവതരിപ്പിക്കാം. തർക്ക വിഷയങ്ങൾ ഇല്ലെങ്കിൽ രണ്ടു മാസത്തിനകം തീരുമാനം നടപ്പിലാക്കാനാണ് ഗവൺമെന്റ് പദ്ധതിയിടുന്നത്. പരാതികൾ പരിഹരിക്കാനായില്ലെങ്കിൽ ശമ്പള വർദ്ധന  നടപ്പാക്കൽ അനിശ്ചിതമായി നീളാൻ സാധ്യതയുണ്ട്.

.