എസ് എന്‍ ഡി പി യോഗം ഭാരവാഹിയായിരുന്ന കെകെ മഹേശന്റെ മരണവുമായി ബന്ധപ്പെട്ട് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പ്രതിയാക്കാന്‍ കോടതി പൊലീസിന് നിര്‍ദേശം നല്‍കി. ആലപ്പുഴ ഫസ്റ്റ്ക്‌ളാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് നിര്‍ദേശം നല്‍കിയത്. മഹേശന്റെ കുടുംബം നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി. എസ് എന്‍ ഡി പി കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറിയായിരുന്നു കെ കെ മഹേശന്‍. വെള്ളാപ്പള്ളിയുടെ മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയും പ്രതിപ്പട്ടികയിലുണ്ട്.

വെള്ളാപ്പള്ളിക്കും മകനുമെതിരെ ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തിയാണ് കേസെടുക്കാന്‍ കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. മൈക്രോഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ടുളള പ്രശ്‌നങ്ങളിലാണ് കെ കെ മഹേശന്‍ ആത്മഹത്യ ചെയ്തത് എന്നാണ് കുടുബം പറയുന്നത്. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് എഴുതി വച്ച കത്തില്‍ വെള്ളാപ്പള്ളിക്കെതിരെയും തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെയും കടുത്ത ആരോപണങ്ങളാണ് കെ കെ മഹേശന്‍ ഉയര്‍ത്തിയിരുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

 

2020 ജൂലൈ 24 നാണ് കണിച്ചുകുളങ്ങരയിലെ എസ് എന്‍ ഡി പി ഓഫീസിനകത്ത് തൂങ്ങിമരിച്ച നിലയില്‍ മഹേശനെ കണ്ടെത്തിയത്. വെള്ളാപ്പള്ളി നടേശനും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയും മാനസികമായി പീഡിപ്പിച്ചത് കൊണ്ടാണ് മഹേശന്‍ ആത്മഹത്യ ചെയ്തതെന്ന് വീട്ടുകാര്‍ ആരോപിച്ചിരുന്നു. മൈക്രോഫിനാന്‍സ് പദ്ധതിയുമായി ബന്ധപ്പെട്ടു നടന്ന നിരവധി ക്രമക്കേടുകളില്‍ വെള്ളാപ്പള്ളി നടേശന് പങ്കാളിത്തമുണ്ടന്നും, അതെല്ലാം തന്റെ തലയില്‍ കെട്ടിവയ്കാന്‍ വെളളാപ്പള്ളി കുടുബം ശ്രമിക്കുകയാണെന്നും മരിച്ച മഹേശന്‍ തന്റെ വീട്ടുകാരോട് പറഞ്ഞിരുന്നുവെന്നാണ് അവര്‍ കോടതിയില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.