ഉന്നാവിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ മുൻ ബി.ജെ.പി എം.എൽ.എ കുൽദീപ് സിംഗ് സെൻഗാറിനും കൂട്ടുപ്രതികൾക്കും ഇരയുടെ പിതാവിന്റെ മരണം സംബന്ധിച്ച കേസിൽ തടവ് ശിക്ഷ. കേസിൽ സെൻഗാർ ഗൂഢാലോചന നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പത്ത് വർഷം തടവിന് വിധിച്ചത്.

2017 ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ ജയിലിൽ കഴിയുന്ന മുൻ ബി.ജെ.പി എം.എൽ.എ കുറ്റക്കാരനാണെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. കുറ്റകരമായ നരഹത്യയ്ക്കും ക്രിമിനൽ ഗൂഡാലോചനക്കുറ്റത്തിനും സെൻഗറും സഹോദരനും രണ്ട് പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടെ ഏഴു പേരെ ഈ മാസം ആദ്യം ശിക്ഷിച്ചിരുന്നു. ആകെയുള്ള 11 പ്രതികളിൽ കുൽദീപ് സെൻഗാറും മറ്റ് ആറ് പേരും കുറ്റവാളികളാണെന്നായിരുന്നു​​ കോടതി കണ്ടെത്തൽ.

തടവിന് പുറമെ കുൽദീപ് സിംഗ് സെൻഗാറും സഹോദരനും പത്ത് ലക്ഷം രൂപ പിഴയൊടുക്കണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു. ഈ തുക പെൺകുട്ടിയുടെ കുടുംബത്തിന് നൽകണം. കുടുംബത്തിന്റെ അത്താണിയാണ് വാഹനാപകടത്തിൽ കൊല്ലപ്പെട്ടതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. അതേസമയം ഒരു പൊതുപ്രവർത്തകൻ കൂടിയായ പ്രതി ഇത്തരത്തിൽ ഒരു കുറ്റകൃത്യത്തിൽ പങ്കാളിയായത് ഒരിക്കലും നീതികരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. നിയമ വാഴ്ച ഉറപ്പ് വരുത്താൻ പ്രവർത്തിക്കാൻ ഇടപെടേണ്ടവരാണ് പൊതുപ്രവർത്തകരെന്നും ജില്ലാ ജ‍ഡ്ജി ധർമേഷ് ശർമ ചൂണ്ടിക്കാട്ടി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ പിതാവ് 2018 ഏപ്രിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ വച്ച് മരിച്ചിരുന്നു. ഏപ്രിൽ മൂന്നിന്, പെൺകുട്ടിയുടെ പിതാവും അദ്ദേഹത്തി​​ന്റെ ഒരു സഹപ്രവർത്തകനും അവരുടെ ഗ്രാമമായ മഖിയിലേക്ക് മടങ്ങുമ്പോൾ ശശി പ്രതാപ് സിങ്​ എന്നയാൾ ലിഫ്റ്റ് നിഷേധിക്കുകയും ഇത്​ വാക്കേറ്റത്തിന് കാരണമാവുകയും ചെയ്​തതായി അതേ വർഷം ജൂലൈയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു.

അതിനിടെ കഴിഞ്ഞ വർഷം കേസിലെ ഇരയായ പെൺകുട്ടി സഞ്ചരിച്ച കാർ ട്രക്കുമായി കൂട്ടിയിടിച്ച് രണ്ട് ബന്ധുക്കൾ തൽക്ഷണം മരിക്കുകയും പെൺകുട്ടി ഗുരുതര അവസ്ഥയിലാവുകയും ചെയ്തിരുന്നു. തുടർന്ന് സുപ്രീംകോടതി ഇടപെട്ട് കേസ് ഡൽഹിയിലേക്ക് മാറ്റുകയും വിചാരണ അതിവേഗം പൂർത്തിയാക്കുകയും ചെയ്യുകയായിരുന്നു.