കവന്‍ട്രി കേരളാ കമ്മ്യൂണിറ്റിയെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ ശനിയാഴ്ച ആഘോഷത്തിന്റെ ദിനമായിരുന്നു. അറുന്നൂറിന് മുകളില്‍ ആളുകള്‍ മൂന്ന് മണി മുതല്‍ പത്ത് മണി വരെ ഇരിപ്പിടങ്ങളില്‍ നിന്നും അനങ്ങാതെ കലാ വിരുന്ന് ആസ്വദിച്ചു. കൃത്യം ഒന്നരക്ക് തുടങ്ങിയ കൃസ്തുമസ്സ് കരോള്‍ ഗാനങ്ങളോടെ സി കെ സി യുടെ പരിപാടികള്‍ക്ക് തുടക്കമായി. പലവട്ടം പല വേദികളിലും മികവ് തെളിയിച്ച ഹരീഷ് പാലായും, ജിനോ ജോണും, സുനില്‍ ഡാനിയേലും ആണ് കലാ പരിപാടികള്‍ കോഓര്‍ഡിനേറ്റ് ചെയ്തത്. റെനിന്‍ കടുത്തൂസ്, രേവതി നായര്‍ എന്നിവര്‍ കൊറിയോഗ്രാഫി ചെയ്ത നേറ്റീവിറ്റി ഷോ കുട്ടികള്‍ ഗംഭീരമാക്കി. പിന്നീടുള്ള മണിക്കൂറുകള്‍ കൈയ്യടികളുടേതായിരുന്നു. സ്റ്റേജില്‍ നിന്നും കണ്ണു പറിക്കാതെ, ഒരു മുഴുനീള സിനിമ ഇരുന്ന് കാണുന്ന പോലെ ആ ദൃശ്യ വിരുന്ന് കുട്ടികളും, വലിയവരും ഒരു പോലെ ആസ്വദിച്ചു.അഞ്ചു ജോഷിയും ലിന്‍സിയാ ജിനോയും കൊറിയോഗ്രാഫി ചെയ്ത ഷ്‌ളാഷ് മോബ് കവന്‍ട്രിയിലെ യുവതി യുവാക്കള്‍ ഒരു പുത്തന്‍ അനുഭവം ആക്കി. നിലക്കാത്ത കൈയ്യടിയോടെ ആണ് കാണികള്‍ ഇതിനെ ഉള്‍ക്കൊണ്ടത്. പിന്നീടങ്ങോട്ട് ഒരു അവാര്‍ഡ് നിശയെ വെല്ലുന്ന കലാപരിപാടികളാണ് കവന്‍ട്രി കേരളാ കമ്മ്യൂണിറ്റിയുടെ ടാലന്റഡ് ആയിട്ടുള്ള കുട്ടികളും മുതിര്‍ന്നവരും ചേര്‍ന്ന് കാഴ്ച വെച്ചത്.
ഓരോ പരിപാടികള്‍ക്കും ചേര്‍ന്ന ബാക്ക്ഗ്രൗന്‍ഡ്, സ്റ്റേജില്‍ വലിയ എല്‍സിഡി സ്‌ക്രീനില്‍ മാറിമറഞ്ഞത് എല്ലാവര്‍ക്കും പുത്തന്‍ അനുഭവമായി മാറി. കവന്‍ട്രിയില്‍ ആദ്യമായി ആണ് ഒരു എല്‍സിഡി സ്‌ക്രീനോടു കൂടി പരിപാടികള്‍ നടന്നത്. ഇത് എല്ലാവരും നന്നായി ആസ്വദിച്ചു.

ഷാജീ പീറ്റര്‍, അഞ്ചു ജോഷി, റീജാ ബോബി, ഡോണാ ബിജു, നിബു സിറിയക്ക് മഞ്ചു പ്രവീണ്‍, എവിന്‍ ഷാജി എന്നിവര്‍ ആന്‍കറിംഗ് മികവുറ്റതാക്കി.

സി കെ സി യുടെ ഒന്നിച്ചുള്ള പ്രവര്‍ത്തനങ്ങളെയും, കമ്മ്യൂണിറ്റിക്ക് നല്‍കുന്ന സേവനങ്ങളെയും റവ.ഫാദര്‍ സെബാസ്റ്റിയന്‍ നാമറ്റത്തില്‍ പുതുവര്‍ഷ സന്ദേശം നല്‍കിയപ്പോള്‍ പ്രശംസിച്ചു. മുന്നോട്ടും ഈ ഒരുമയും, ഐക്യവും കാത്തു സൂക്ഷിക്കണം എന്നും എല്ലാവരെയും അദ്ദേഹം ഓര്‍മ്മപെടുത്തി.

സി കെ സി യുടെ ചാരിറ്റി പ്രവര്‍ത്തനങ്ങളെ അടുത്ത ഘട്ടത്തിലേക്ക് നയിക്കുന്ന
‘സികെസി കനിവിന്റെ’  പ്രവര്‍ത്തനോദ്ഘാടനം കമ്മറ്റി അംഗങ്ങള്‍ എല്ലാവരും ചേര്‍ന്ന് തിരി തെളിച്ച് നിര്‍വഹിച്ചു. സ്റ്റീഫന്‍ കുര്യാക്കോസ് നേതൃത്ത്വം നല്‍കിയ ഗാനമേള എല്ലാവരും ആസ്വദിച്ചു, കുട്ടികളും, മുതിര്‍ന്നവരും ഒരു പോലെ കൈയ്യടിച്ചും, പാട്ടുകള്‍ക്കൊപ്പം ഡാന്‍സ് കളിച്ചും അവരെ പ്രോത്സാഹിപ്പിച്ചു.

സി കെ സി യുടെ പ്രവര്‍ത്തനങ്ങള്‍ കണ്ട് മനസ്സിലാക്കുന്നതിന്ന് വന്ന എര്‍ഡിംഗ്ടണ്‍ മലയാളി അസോസിയേഷന്റെ വൈസ് പ്രസിഡന്റ് ശ്രീ പ്രകാശ് മൈക്കിള്‍ സികെസി യെ വളരെ അധികം പ്രശംസിച്ചു. സികെസി യുക്കെയിലെ മറ്റെല്ലാ അസോസിയേഷനുകള്‍ക്കും മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞത് നിറഞ്ഞ കൈയ്യടിയോടെ ആണ് എല്ലാവരും വരവേറ്റത്

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മാഗ്‌നാവിഷന്‍ ടി വി യിലൂടെ ലൈവായി പ്രോഗ്രാമുകള്‍ സംപ്രേഷണം ചെയ്തിരുന്നു. മാഗ്നാവിഷന്റെ ഡയറക്റ്റര്‍ ഡീക്കന്‍ ജോയ്‌സ് ജെയിംസ് സി കെ സി യുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് സംസാരിക്കുകയും മാഗ്‌നാ വിഷന്‍ പുതിയതായി സമകാലീയ വിഷയങ്ങളെ ആസ്പതമാക്കി ഒരു ലൈവ് ടോക് ഷോ ഉടന്‍ ആരംഭിക്കും എന്നും അറിയിച്ചു. യുക്മ നടത്തിയ പരിപാടികളില്‍ പങ്കെടുത്തവരെ ട്രോഫി നല്‍കി ആദരിച്ചു.
കുട്ടികളുടെയും മുതിര്‍ന്നവരുടെയും കരോള്‍ ഗാന മത്സരത്തില്‍ പോട്ടേഴ്‌സ് ഗ്രീന്‍ ഒന്നാം സ്ഥാനവും, ഡോര്‍ചസ്റ്റര്‍ വേ രണ്ടാം സ്ഥാനവും യഥാക്രമം നേടി.

സി കെ സി പ്രസിഡന്റ് ശ്രീ ജോര്‍ജ്കൂട്ടി വടക്കേകുറ്റ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സി കെ സി സെക്രട്ടറി ഷിന്‍സണ്‍ മാത്യൂ സ്വാഗതവും, സി കെ സി വൈസ് പ്രസിഡന്റ് ജോമോന്‍ വല്ലൂര്‍ നന്ദിയും അറിയിച്ചു.