കോവിഡ് 19 സംബന്ധിച്ച അധികൃതർ മുന്നോട്ടുവച്ച നിർദേശങ്ങൾ ലംഘിച്ചെന്ന് കണ്ടെത്തിയ കാസറഗോഡ് സ്വദേശിക്കെതിരെ നിയമ നടപടി. രോഗം ബാധ സംശയിച്ചിട്ടും വ്യാപകമായി ജനങ്ങളുമായി സമ്പർക്കത്തിലേർപ്പെട്ട ഇയാൾക്കെതിരെ കേസെടുത്തു. കുഡ്‌ലു സ്വദശിക്കെതിരെയാണ് പോലീസ് കേസെടുത്തത്. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിനാണ് നടപടി.
അതേസമയം, രോഗ ബാധ കണ്ടെത്തുകയും എംഎൽഎമാരുൾപ്പെടെ നരവധി പേരുമായി സമ്പർക്കം പുലർത്തുകയും ചെയ്ത ഇയാൾ അധികൃതരുമായി ശരിയായ രീതിയിൽ സഹകരിക്കുന്നില്ലെന്നും റിപ്പോർട്ടുകള്‍ പറയുന്നു. കാസറഗോഡ് ജില്ലാ കളക്ടറാണ് ഇക്കാര്യം അറിയിച്ചത്. കുടൂതൽ വിവരങ്ങൾ ശേഖരിച്ച് വരികയാണെന്നും കളക്ടർ വ്യക്തമാക്കി.
അതിനിടെ, സർക്കാർ നിർദേശം ലംഘിച്ച് കാസറഗോഡ് ജില്ലയിൽ തുറന്ന കടകൾ അടപ്പിച്ചു. കാസറഗോഡ് കടകളുടെ പ്രവര്‍ത്തനം രാവിലെ 11 മണിമുതല്‍ വൈകിട്ട് അഞ്ച് മണിവരെ ആക്കി നിജപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അധികൃതർ നിർബന്ധിച്ച് കടകൾ അടപ്പിച്ചത്. കളക്ടർ ഉൾപ്പെടെയുള്ളവർ നേരിട്ടെത്തിയാണ് പരിശോധനകൾ നടത്തിയത്. ഒറ്റ ദിവസം ആറു കൊറോണ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കാസറഗോഡ് കടുത്ത നിയന്ത്രണങ്ങളാണ് നടപ്പാക്കിവരുന്നത്.
കാസറഗോഡ് സ്ഥിതി രൂക്ഷമാണെന്നും കർശന നടപടി വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയത്. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ ഓഫീസുകള്‍ ഒരാഴ്ചത്തേക്ക് പ്രവര്‍ത്തിക്കില്ല. ആരാധാനലയങ്ങള്‍, ക്ലബുകള്‍ എന്നിവ രണ്ടാഴ്ചത്തേക്കും പ്രവര്‍ത്തിക്കില്ല. അതിര്‍ത്തികളില്‍ നിയന്ത്രണം കര്‍ശനമാക്കിയിട്ടുണ്ട്. ഓഫീസുകള്‍ അവധിയാണെങ്കിലും ജീവനക്കാര്‍ ജില്ലയില്‍ തന്നെ തുടരണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.
സർക്കാറിന്റെ നിർദേശത്തിനൊപ്പം കൂടുതൽ മുൻകരുതലാണ് ജില്ലാ ഭരണകൂടവും സ്വീകരിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി ആളുകൾ കൂട്ടം കൂടുന്ന ആരാധനാലയങ്ങൾ ഉൾപ്പെടെയുള്ളവയിലെ ചടങ്ങുകൾ രണ്ടാഴ്ചത്തേക്ക് ഒഴിവാക്കാൻ ജില്ലാ ഭരണകൂടം നിർദേശിച്ചു. ബീവറേജസ് ഔട്ട്ലെറ്റുകൾ തുടങ്ങി ആളുകൾ കുടുന്ന എല്ലാ പ്രദേശങ്ങളും അടച്ചിടാനാണ് നിർദേശം. നിർദേശം ലംഘിക്കുന്നവർക്കെതിരെ നടപടി ഉണ്ടാവുമെന്നും അധികൃതർ വ്യക്തമാക്കുന്നു.
ഇതിന് പുറനെ കർണാടകയുമായി അതിർത്തി പങ്കിടുന്ന ജില്ലയുടെ അതിർത്തികളും കർശന നിരീക്ഷണത്തിലാണ്. ഗതാഗതത്തിനായി തുറന്ന് കൊടുത്തിരിക്കുന്ന അഞ്ച് പാതകളിലും നിരീക്ഷണം ശക്തമാണ്. ഉദ്യോഗസ്ഥർക്ക് പുറമെ ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തരും ഇതിനായി രംഗത്തുണ്ട്. മംഗലാപുരം വിമാനത്താവളത്തിലും സംസ്ഥാനത്തിന്റെ നിരീക്ഷണം കർശനമാക്കിയിരിക്കുകയാണ്. ഇതിനായി സംസ്ഥാനത്ത് നിന്നുള്ള ഉദ്യോഗസ്ഥനെയും ഇവിടെ നിയോഗിച്ചിട്ടുണ്ട്.
ശനിയാഴ്ച ഉച്ചമുതൽ കര്‍ണാടകത്തിലേക്കുള്ള കേരളത്തിലെ വാഹന ഗതാഗതവും ഇന്ന് മുതൽ നിർത്തിവയ്ക്കും. ഇക്കാര്യം കർണാടകം നേരത്തെ തന്നെ അറിയിച്ചിരുന്നു. മംഗലാപുരത്തെ ആശുപത്രികളെ ഉൾപ്പെടെ ആശ്രയിക്കുന്ന കാസറഗോഡ് ജില്ലക്കാർക്ക് കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണ് ഈ തീരുമാനം. നിലവിലെ സാഹചര്യത്തിൽ ജില്ലയിലെ ജനജാഗ്രതാ സമിതികൾ ഉൾപ്പെടെ സജീവമായി പ്രവർത്തിക്കും. നേരത്തെ കൊവിഡ് 19 ബാധിച്ച് നിരവധി പേരുമായി ബന്ധം പുലർത്തിയെന്ന് കണ്ടെത്തിയ വ്യക്തിയുടെ സഞ്ചാര പാത ഉൾപ്പെടെ ഇത്തരത്തിൽ കണ്ടത്തേണ്ടതിനാണ് ഈ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കേണ്ടത്.
അതേസമയം, രോഗ ബാധ സംശയിക്കുന്ന 30 പേരുടെ സാംപിളുകളുടെ പരിശോധന ഫലമാണ് ഇനി കിട്ടാനുള്ളത്. ഈ ഫലങ്ങൾ പുറത്ത് വരുന്നതോടെ ജില്ലയിൽ കൂടുതൽ കേസുകൾ ഉണ്ടാവുമെന്നാണ് കരുതുന്നതെന്നാണ് റിപ്പോർട്ടുകൾ.
Leave a Reply