ലോക്ക് ഡൗണ്‍ കാരണം വിദേശത്ത് കുടുങ്ങി കിടക്കുന്ന പ്രവാസി ഇന്ത്യക്കാരുമായുള്ള വിമാനങ്ങള്‍ വ്യാഴാഴ്ച മുതല്‍ എത്തി തുടങ്ങും. വ്യാഴാഴ്ച മുതല്‍ അടുത്ത ഏഴ് ദിവസത്തിനുള്ളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കായി 64 വിമാന സര്‍വീസാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കേരളത്തിലേക്ക് വ്യാഴാഴ്ച നാല് സര്‍വീസുകളാണുള്ളത്. അബുദാബി-കൊച്ചി, ദുബായ്-കോഴിക്കോട്, റിയാദ്-കോഴിക്കോട്, ദോഹ-കൊച്ചി എന്നീ നാല് സര്‍വീസുകളാണ് ആദ്യ ദിനം കേരളത്തിലേക്ക്. പതിനഞ്ച് സര്‍വീസുകളാണ് ആദ്യ ആഴ്ചയില്‍ കേരളത്തിലേക്കുള്ളത്.
പന്ത്രണ്ട് രാജ്യങ്ങളില്‍ നിന്നായി പത്ത് സംസ്ഥാനങ്ങളിലേക്കാണ് പ്രവാസികളെ കൊണ്ടുവരുന്നത്. കേന്ദ്ര വ്യോമയാന മന്ത്രാലയത്തില്‍ നിന്നും ലഭിച്ചുള്ള റിപ്പോര്‍ട്ടുകളനുസരിച്ച് 14800 പ്രവാസി ഇന്ത്യക്കാരെ ആദ്യ ആഴ്ച ഇന്ത്യയിലെത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്.
എംബസികള്‍ വഴി രജിസ്റ്റര്‍ ചെയ്ത പ്രവാസികളെ രണ്ടു ഘട്ടങ്ങളിലായിട്ടാണ് നാട്ടിലെത്തിക്കുക.
രജിസ്റ്റര്‍ ചെയ്തവരില്‍ നിന്ന് ആരോഗ്യ പ്രശനങ്ങള്‍ ഉള്ളവര്‍, ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്മാര്‍, ടൂറിസ്റ്റ് വിസയില്‍ എത്തി കുടുങ്ങിയവര്‍, ജോലി നഷ്ടപ്പെട്ടവര്‍, അടുത്ത ബന്ധുക്കള്‍ മരിച്ചവര്‍, ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്ന തൊഴിലാളികള്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് ആദ്യ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. അതാത് എംബസികളാണ് ആദ്യം യാത്രതിരിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ പേരെയും കൊണ്ടുവരുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. അടിയന്തര സാഹചര്യമുള്ളവരെ മാത്രമെ കൊണ്ടുവരൂ എന്നായിരുന്നു നേരത്തെയുള്ള തീരുമാനം.
അതേസമയം വിമാനടിക്കറ്റ് വെബ്സൈറ്റ്, ട്രാവല്‍സ് വഴി ലഭിക്കില്ലെന്നും സ്ഥാനപതി കാര്യാലയം തയ്യാറാക്കി നല്‍കുന്ന ലിസ്റ്റ് പ്രകാരം എയര്‍ ഇന്ത്യ എക്സ്പ്രസ്സ് ഓഫീസുകളില്‍ നിന്നാണ് ടിക്കറ്റ് ലഭിക്കുകയെന്നുമാണ് എംബസി അധികൃതര്‍ അറിയിച്ചത്. യുഎഇ, ഖത്തര്‍, സൗദി അറേബ്യ, ബഹ്റൈന്‍, കുവൈത്ത്, ഒമാന്‍, മലേഷ്യ, അമേരിക്ക, സിങ്കപ്പൂര്‍, യുകെ, ബംഗ്ലാദേശ്, ഫിലിപൈന്‍സ് എന്നിവടങ്ങളില്‍ നിന്നാണ് ആദ്യ ആഴ്ചയില്‍ പ്രവാസികളെ വിമാനത്തില്‍ കൊണ്ടുവരുന്നത്.
ആദ്യ ദിനം നാല് വിമാനങ്ങളാണ് എത്തുക. മറ്റന്നാൾ കേരളത്തിൽ വിമാനങ്ങൾ ലാൻഡ് ചെയ്യും. 800 പേരാവും ആദ്യ ദിവസം കേരളത്തിലേക്ക് എത്തുകയെന്നാണ് വിവരം.
അബുദാബി, റിയാദ്, ദോഹ എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങൾ കൊച്ചിയിലേക്കാണ് എത്തുക. ദുബായ് വിമാനം കോഴിക്കോട്ടേക്കാണ് ആദ്യ ദിവസം എത്തുക. സാമൂഹിക അകലം പാലിക്കേണ്ടതിനാൽ ഓരോ വിമാനത്തിലും 200 യാത്രക്കാർ വീതമാവും ഉണ്ടാവുക.
അതേസമയം, ഇത്തരത്തിൽ ആദ്യ ആഴ്ച കേരളത്തിലേക്ക് 15 വിമാനങ്ങൾ സർവീസ് നടത്തും. ഒമ്പത് നഗരങ്ങളിൽ നിന്നുള്ള വിമാനങ്ങൾ ആദ്യ ആഴ്ചയെത്തും. ഒരാഴ്ച്ചക്കിടെ 2650 പേരാണ് സംസ്ഥാനത്തേക്ക് എത്തുക. അബുദാബി, ദുബായ്, റിയാദ്, ദോഹ, മനാമ, കുവൈറ്റ്, മസ്‌കറ്റ്, ജിദ്ദ, ക്വലാലംപൂർ എന്നിവടങ്ങളിൽ നിന്ന് വിമാനങ്ങൾ ആദ്യ ആഴ്ച എത്തും. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവടങ്ങളിലേക്കാണ് വിമാനങ്ങൾ എത്തുക.
ഇന്ത്യക്കാർക്ക് നാട്ടിലേക്ക് മടങ്ങുന്നതിനായി അടുത്ത ഒരാഴ്ചയിൽ 84 വിമാനങ്ങളാണ് ചാർട്ട് ചെയ്തിരിക്കുന്നത്. 14850 പേരെ ഒരാഴ്ചയിൽ വിമാന മാർഗം നാട്ടിലേക്ക് തിരിച്ചെത്തിക്കും. തമിഴ്‌നാട്ടിലേക്കും ഡൽഹിയിലേക്കും 11 വിമാനങ്ങൾ വീതമാണ് ഉണ്ടാവുക. അമേരിക്കയിലേക്കും ആദ്യ ഘട്ടത്തിൽ വിമാനമയക്കാനാണ് തീരുമാനം. വിദേശ ഇന്ത്യക്കാരെ നാട്ടിലേത്തിക്കുന്നതിനായി ആറ് വിമാനങ്ങൾ അമേരിക്കയിലേക്ക് അയക്കും. ആറ് ഗൾഫ് രാജ്യങ്ങൾക്ക് പുറമെ അമേരിക്ക, ബ്രിട്ടൻ, ഫിലിപ്പിൻസ്, ബംഗ്ലാദേശ്, മലേഷ്യ, സിംഗപ്പൂർ എന്നിവിടങ്ങൾ നിന്നും ഇന്ത്യക്കാർ നാട്ടിലേത്തും. ആദ്യ ആഴ്ച 12 വിദേശ രാജ്യങ്ങളിൽ നിന്നാണ് വിമാനമാർഗമുള്ള ഇന്ത്യക്കാരുടെ മടക്കത്തിന് തയ്യാറെടുക്കുന്നത്. ബ്രിട്ടനിലേക്ക് ഏഴ് വിമാനങ്ങളാവും ആദ്യ ആഴ്ച എത്തുക. രാജ്യത്തെ 13 വിമാനത്താവളങ്ങളിലേക്കാണ് ആദ്യ ആഴ്ച പ്രവാസികളെത്തുക.
അതേസമയം, ഇന്ത്യക്കാരെ നാട്ടിലേക്കിക്കുന്നതിനായി നാവികസേനയുടെ നാല് കപ്പലുകളും പുറപ്പെട്ടു. ദുബായിലേക്കും മാലദ്വീപിലേക്കുമായി രണ്ട് നാവികസേന കപ്പലുകൾ വീതമാണ് പുറപ്പെട്ടത്.
Leave a Reply