കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ ജീവൻ നഷ്ടമാകുന്ന ആരോഗ്യ പ്രവർത്തകർക്കുള്ള 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് പദ്ധതി കേന്ദ്ര സർക്കാർ നിർത്തലാക്കി. കോവിഡിന്‍റെ രണ്ടാം തരംഗം രാജ്യത്ത് തീവ്രമാകുന്നതിനിടയിലാണ് കോവിഡ് ഇൻഷുറൻസ് നിർത്തിവെയ്ക്കാനുള്ള കേന്ദ്ര സർക്കാരിൻറെ തീരുമാനം.
മാർച്ച് 24 വരെ മാത്രമേ കോവിഡ് ഇൻഷുറൻസ് ലഭ്യമാകൂ. കഴിഞ്ഞ മാസം 24 വരെ മരിച്ചവരുടെ രേഖകൾ ഹാജരാക്കാൻ ഈ മാസം 24 വരെ സമയം അനുവദിച്ചിട്ടുണ്ട്. തുടർന്ന് ഇൻഷുറൻസ് പരിരക്ഷയുണ്ടാകില്ലെന്നു വ്യക്തമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാന സർക്കാരുകൾക്കു കത്തു നൽകി.
പ്രതിദിന കോവിഡ് കേസുകൾ രാജ്യത്ത് രണ്ടരലക്ഷം കവിയുകയാണ്. കിടക്കകളും ഐസിയുകളും ഓക്സിജൻ സിലിണ്ടറുകളും ഇല്ലാതെ രാജ്യം കോവിഡിന്‍റെ രണ്ടാം തരംഗത്തിന്‍റെ വ്യാപനത്തിൽ വിറങ്ങലിച്ച് നിൽക്കുമ്പോഴാണ്, ഇൻഷറുൻസ് പോലുമില്ലാതെ ആരോഗ്യപ്രവർത്തകർക്ക് ജോലി ചെയ്യേണ്ടി വരുന്നത്.
ഇത് വരെ 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് ലഭിച്ചത് 287 പേർക്കാണെന്ന് കേന്ദ്ര സർക്കാരിന്‍റെ ഉത്തരവിൽ പറയുന്നത്. മരിച്ച 287 പേരുടെ കുടുംബങ്ങൾക്ക് ഇൻഷുറൻസ് തുക ഉറപ്പ് നൽകിയിട്ടുണ്ട്. സ്വകാര്യഏജൻസിയായ ന്യൂ ഇന്ത്യ അഷ്വറൻസുമായി ചേർന്നാണ് കേന്ദ്ര സർക്കാർ ഈ പദ്ധതി നടപ്പാക്കിയത്. എന്നാൽ ഫെബ്രുവരി വരെ തന്നെ സർക്കാർ രേഖകൾ പരിശോധിച്ചാൽ 313 ആരോഗ്യപ്രവർത്തകർ കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. 162 ഡോക്ടർമാർ, 107 നഴ്സുമാർ, 44 ആശാ പ്രവർത്തകർ എന്നിങ്ങനെയാണ് മരണസംഖ്യ. എന്നാൽ ഡോക്ടർമാർ മാത്രം 734 പേർ മരിച്ചുവെന്നാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്‍റെ കണക്ക്. ഇതേക്കുറിച്ച് കേന്ദ്ര സർക്കാർ ഇതേവരെ പ്രതികരിച്ചിട്ടില്ല. സംസ്ഥാന സർക്കാരുകളുടെ ശിപാർശയോടെയാണ് ഇൻഷുറൻസിനായുള്ള അപേക്ഷകൾ കേന്ദ്ര സർക്കാർ പരിഗണിച്ചിരുന്നത്.
സർക്കാർ, സ്വകാര്യ ആശുപത്രികളിലെ ആരോഗ്യപ്രവർത്തകർ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലേക്ക് തിരിച്ച് വന്ന വിരമിച്ച ജീവനക്കാർ, സന്നദ്ധപ്രവർത്തകർ എന്നിവർക്കായി കഴിഞ്ഞ വർഷം മാർച്ച് 30 മുതലാണ് പ്രധാനമന്ത്രി ഗരീബ് കല്യാൺ പാക്കേജിൽ ഉൾപ്പെടുത്തി ആരോഗ്യ ഇൻഷുറൻസ് പ്രഖ്യാപിച്ചത്. പിന്നീട് സെപ്റ്റംബറിൽ കേസുകൾ കുത്തനെ കൂടിയപ്പോൾ, പദ്ധതി ഈ വർഷം മാർച്ച് വരെയാക്കി നീട്ടിയിരുന്നു.
എന്നാൽ വാക്സിൻ വിതരണത്തിന്‍റെ ഒന്നാംഘട്ടത്തിൽ ആരോഗ്യപ്രവർത്തകർക്കെല്ലാം വാക്സിൻ നൽകിയത് പരിഗണിച്ചാണ്, പദ്ധതി നിർത്തിവെച്ചതെന്നാണ് കേന്ദ്ര സർക്കാർ നൽകുന്ന വിശദീകരണം. വാക്സൻി ലഭിച്ചതിനാൽ കോവിഡ് രോഗബാധയിൽ നിന്ന് ആരോഗ്യപ്രവർത്തകർ സുരക്ഷിതരാണെന്ന കണക്കുകൂട്ടലിലാണ് നടപടി. കോവിഡ് പോരാളികൾക്കായി പുതിയ പദ്ധതി നടപ്പാക്കാൻ മറ്റ് ഇൻഷുറൻസ് കമ്പനികളുമായി അടക്കം ചർച്ച നടക്കുന്നുണ്ടെന്നും കേന്ദ്ര സർക്കാർ വിശദീകരിക്കുന്നു.
Leave a Reply