ഇന്ത്യയില്‍ കോവിഡ് 19 രോഗികളുടെ എണ്ണം അതിവേഗം വര്‍ധിക്കുന്നതായി സൂചന. വെള്ളിയാഴ്ച മാത്രം 75 കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. ഇത് രാജ്യത്ത് ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന സംഖ്യയാണ്. നിലവില്‍ 236 കോവിഡ് കേസുകളാണ് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചിരിക്കുന്നത്.

കോവിഡ് കേസുകളുടെ എണ്ണത്തിന്റെ വര്‍ധനവിന്റെ ഗ്രാഫ് പരിശോധിച്ചാല്‍ അവസാനത്തെ 50 എണ്ണം എത്തിയത് വെറും രണ്ട് ദിവസം കൊണ്ടാണെന്നത് അപകടകരമായ സൂചനയാണ് നല്‍കുന്നത്. രണ്ടാം തരംഗത്തില്‍ ഈ മാസം ആദ്യം ആദ്യത്തെ കോവിഡ് കേസ് സ്ഥിരീകരിച്ചതിന് ശേഷം 9 ദിവസമാണ് 50ലേക്കെത്താന്‍ എടുത്തത്. എന്നാല്‍ അത് ക്രമാനുഗതമായി കുറയുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

തുടര്‍ന്ന് 100ലേക്കെത്താന്‍ അഞ്ച് ദിവസം, 150 ലേക്കെത്താന്‍ മൂന്നു ദിവസം 200ലേക്കെത്താന്‍ രണ്ട് ദിവസം എന്നിങ്ങനെയാണ് കണക്ക്. 200എന്ന സംഖ്യ കടക്കാന്‍ 20 ദിവസത്തോളം എടുത്തെങ്കില്‍ ഇനി അങ്ങനെ ആയിരിക്കില്ല എന്നാണ് രോഗ പടര്‍ച്ചയുടെ ക്രമാനുഗതമായ വളര്‍ച്ച സൂചിപ്പിക്കുന്നത്.

നിലവില്‍ ഏറ്റവും കൂടുതല്‍ കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. 52 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗ ബാധിത സ്ഥിരീകരിച്ചിട്ടുള്ളത്. രണ്ടാമത് നില്‍ക്കുന്ന കേരളത്തില്‍ ഇന്നലെയാണ് ഏറ്റവും കൂടുതല്‍ കോവിഡ് ബാധ സ്ഥിരീകരിച്ചത്. 5 വിദേശികളുടെയടക്കം 12 പേരുടെ ടെസ്റ്റാണ് പോസിറ്റീവായത്. സംസ്ഥാനത്ത് ആകെ 37 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. ഉത്തര്‍ പ്രദേശിലെ എണ്ണവും അപകടകരമായ രീതിയില്‍ വര്‍ധിക്കുന്നതായി കാണാം. നിലവില്‍ 23 പേര്‍ക്ക് യു പിയില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

രാജ്യത്ത് ഇതുവരെ 17 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രോഗ വ്യാപനത്തെ നേരിടാന്‍ കടുത്ത നടപടികളാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ചിരിക്കുന്നത്. രോഗത്തിന്റെ സാമൂഹ്യ വ്യാപനം തടയാന്‍ ഞായറാഴ്ച രാവിലെ 7 മണി മുതല്‍ 9 മണി വരെ ജനതാ കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ് പ്രധാന മന്ത്രി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ കൈക്കൊണ്ട പ്രധാന നടപടികള്‍

1. വലിയ മതാഘോഷങ്ങള്‍ മാറ്റി വെയ്ക്കാനും അതില്‍ നിന്നു അകന്നു നില്‍ക്കാനും ആരോഗ്യ മന്ത്രാലയം ജനങ്ങളോട് ആവശ്യപ്പെട്ടു.
2. ജനത കര്‍ഫ്യു ദിവസം ക്രമ സമാധാന പരിപാലനത്തിനായി 39 ഡ്യൂട്ടി മജിസ്ട്രേറ്റ് മാരെ നോയിഡയില്‍ നിയമിച്ചു.
3. യു പി എസ് സി എല്ലാ സിവില്‍ സര്‍വ്വീസ് അഭിമുഖങ്ങളും പരീക്ഷകളും മാറ്റിവെച്ചു
4. കേരള ഗവണ്‍മെന്‍റ് എസ് എസ് എല്‍ സി, പ്ലസ് ടു, സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചു.
5. കേരളത്തില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഇന്ന് അവധി. ജീവനക്കാര്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ അവധി.
6. കര്‍ണ്ണാടകയും, തമിഴ്നാടും കേരളത്തിലേക്കുള്ള അതിര്‍ത്തി റോഡുകളില്‍ ശക്തമായ സ്ക്രീനിംഗ് ഏര്‍പ്പെടുത്തി.
7. ഉത്തരാഖണ്ഡ് ആഭ്യന്തര, വിദേശ വിനോദ സഞ്ചാരികള്‍ സംസ്ഥാനത്ത് പ്രവേശിക്കുന്നത് നിരോധിച്ചു.
8. ലഖ്നോവിലെ എല്ലാ ഭക്ഷണ ശാലകളും മാര്‍ച്ച് 31 വരെ അടച്ചു.
9. ജനതാ കര്‍ഫ്യു ദിവസം ഡല്‍ഹി മെട്രോ നിര്‍ത്തിവെച്ചു, ഡല്‍ഹിയില്‍ മാര്‍ക്കറ്റുകള്‍ 3 ദിവസത്തേക്ക് അടച്ചു.
10 മുംബൈ, പൂനെ, നാഗ്പൂര്‍ നഗരങ്ങളില്‍ മാര്‍ച്ച് 31 വരെ ഷട്ട് ഡൌണ്‍ പ്രഖ്യാപിച്ചു

കൊറോണ വൈറസ്സിന്റെ സമൂഹവ്യാപനം നടന്നുവെന്നതിന് തെളിവില്ലെന്ന് ഇന്ത്യന്‍ കൊണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച്. ആരോഗ്യമന്ത്രാലയം നടത്തിയ റാന്‍ഡം ടെസ്റ്റിങ്ങുകളില്‍ ആര്‍‍ക്കും കൊറോണവൈറസ് ബാധ കണ്ടെത്താനായിരുന്നില്ല. എണ്ണൂറോളം ടെസ്റ്റുകളുടെ റിസള്‍ട്ടാണ് ഇതുവരെ വന്നിട്ടുള്ളത്. ടെസ്റ്റുകളുടെ എണ്ണം കൂട്ടണമെന്ന ആവശ്യം ലോകാരോഗ്യ സംഘടന അടക്കമുള്ളവര്‍ ഉന്നയിച്ചിരുന്നെങ്കിലും ആ വഴിക്കുള്ള പ്രവര്‍ത്തനങ്ങളൊന്നും ഇതുവരെ നടന്നിട്ടില്ല.

കൊറോണ വലിയ നാശം വിതയ്ക്കുന്ന അടുത്ത രാജ്യം ഇന്ത്യയാകുമോ എന്ന ആശങ്ക കഴിഞ്ഞ ദിവസം ആരോഗ്യ വിദഗ്ധര്‍ ഉയര്‍ത്തിയിരുന്നു. ദക്ഷിണകൊറിയയും ജപ്പാനും സിംഗപ്പൂരും മറ്റും വ്യാപകമായ ടെസ്റ്റുകളിലൂടെയും ഫലപ്രദമായ കോര്‍ഡിനേഷനിലൂടെയും കമ്മ്യൂണിക്കേഷനിലൂടെയും രോഗബാധിതരെ ക്വാറന്റൈന്‍ ചെയ്ത് വൈറസ് വ്യാപനം തടഞ്ഞതും മരണനിരക്ക് കുറച്ചതും ഇന്ത്യക്ക് എത്രത്തോളം സാധിക്കുമെന്ന സംശയം വിദഗ്ധര്‍ ഉയര്‍ത്തുന്നുണ്ട്.