ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ലെസ്റ്റർ ഉൾപ്പെടെയുള്ള നഗരങ്ങളിൽ നിലവിലുള്ള കോവിഡ് മാനദണ്ഡങ്ങളിൽ മാറ്റം ഒന്നും ഇല്ലെന്ന് ലീസസ്റ്റർ ഡയറക്ടർ ഓഫ് പബ്ലിക് ഹെൽത്ത് അറിയിച്ചു. ഗവൺമെന്റ് കൂടുതൽ കടുത്ത നിയന്ത്രണങ്ങൾ നടപ്പിലാക്കുമെന്ന് വെബ്സൈറ്റിൽ പബ്ലിഷ് ചെയ്തത് സംബന്ധിച്ച് ഇതുവരെയും അറിയിപ്പുകളൊന്നും തന്നെ ലഭിച്ചിട്ടില്ല. നിലവിലുള്ള മാനദണ്ഡങ്ങൾ മാത്രമാണ് ജനങ്ങൾ പാലിക്കേണ്ടത്. ഇത്തരത്തിലുള്ള വാർത്ത വന്നതിനെ തുടർന്ന്, ഗവൺമെന്റ് അധികാരികളുമായി അടിയന്തരമായ ചർച്ച നടത്തിയതായും അദ്ദേഹം പറഞ്ഞു. എന്നാൽ നിയന്ത്രണങ്ങൾ ഒന്നും തന്നെ കടുപ്പിച്ചിട്ടില്ലെന്നും, യാത്രയ്ക്ക് നിരോധനം ഇല്ലെന്നും അധികൃതർ ഉറപ്പുനൽകിയതായും അദ്ദേഹം വ്യക്തമാക്കി.

ലോക്കൽ ലോക് ഡൗൺ ഏർപ്പെടുത്തിയിട്ടില്ല എന്നും, ലെസ്റ്റർ   നഗരത്തിന് അധികമായ നിയന്ത്രണങ്ങളൊന്നും തന്നെ ഏർപ്പെടുത്തിയിട്ടില്ലെന്നും ഡയറക്ടർ ഓഫ് പബ്ലിക് ഹെൽത്ത് ഇവാൻ ബ്രൗൺ അറിയിച്ചു. അടുത്തിടെയായി ലെസ്റ്ററിൽ പുതിയ കോവിഡ് വേരിയന്റ് സ്ഥിരീകരിച്ചിരുന്നു. ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് ആൻഡ് സോഷ്യൽ കെയറിൽ നിന്നും ആരും തന്നെ പുതിയ നിയന്ത്രണങ്ങൾ സംബന്ധിച്ച് അറിയിപ്പ് തന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത ആഴ്ചകളിൽ വാക്സിനേഷൻ എടുക്കുന്നവരുടെ എണ്ണം കൂട്ടാൻ ഉള്ള നടപടികൾ സ്വീകരിക്കും. എന്നാലും ജനങ്ങൾ എല്ലാവരും തന്നെ ജാഗ്രതപാലിക്കണമെന്ന് കർശന നിർദ്ദേശമാണ് അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. അടച്ചിട്ട റൂമുകളിൽ ഒത്തുകൂടുന്നതിനുപകരം തുറസ്സായ സ്ഥലങ്ങൾ തെരഞ്ഞെടുക്കേണ്ടത് അനിവാര്യമാണ്. അനാവശ്യമായ യാത്രകൾ എല്ലാം തന്നെ ഒഴിവാക്കണം. എല്ലാവരും മാസ്ക് നിർബന്ധമായും ധരിക്കണമെന്ന് കർശനമായി ആരോഗ്യപ്രവർത്തകർ നിർദേശിക്കുന്നുണ്ട്.